പാർലമെന്ററി രാഷ്ട്രീയം കമ്യൂണിസ്റ്റ് മൂല്യ ബോധങ്ങളെ ജീർണിപ്പിക്കാതെ സൂക്ഷിക്കണം എന്ന് പറയുന്നത് വെറും ഒരു സംഘടനാപരമായ പ്രശ്നമല്ല; അത് സമൂഹവുമായി പാർട്ടിക്കുള്ള ബന്ധത്തിന്റെ സ്വഭാവത്തെയും ആഴത്തിൽ ബാധിക്കുന്ന ഒരു രാഷ്ട്രീയ-നൈതിക പ്രതിസന്ധിയാണ്. ഒരു വിപ്ലവ പ്രസ്ഥാനം ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടുന്നത് അതിന്റെ സംഘടനാശക്തി കൊണ്ടു മാത്രം അല്ല. വലിയ ഓഫീസുകളും ശക്തമായ തിരഞ്ഞെടുപ്പ് യന്ത്രങ്ങളും വിപുലമായ ഘടനകളും മാത്രം ഒരു പ്രസ്ഥാനത്തെ ചരിത്രപരമായി ജീവിച്ചിരിപ്പിക്കില്ല. ജനങ്ങൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണക്കുന്നത് അതിന്റെ നൈതിക ആധികാരികത, പ്രത്യയശാസ്ത്രപരമായ ആത്മാർഥത, സാമൂഹിക നീതിയോടുള്ള സത്യസന്ധമായ പ്രതിബദ്ധത, പരിവർത്തനോന്മുഖ ദർശനം എന്നിവ കൊണ്ടുമാണ്.
ഒരു പ്രസ്ഥാനം ജനങ്ങളുടെ കണ്ണിൽ വിശ്വാസ്യത നേടുന്നത് അതിന്റെ പ്രസംഗങ്ങളിലൂടെ മാത്രം അല്ല; മറിച്ച് അതിന്റെ ജീവിതരീതിയിലൂടെയും രാഷ്ട്രീയ പെരുമാറ്റത്തിലൂടെയും ആണ്. നേതാക്കളുടെ ജീവിതശൈലി, അധികാര വിനിയോഗം, പൊതുപ്രവർത്തനത്തിലെ സുതാര്യത, വിമർശനങ്ങളെ നേരിടുന്ന രീതി, ജനങ്ങളോടുള്ള സഹാനുഭൂതി, പ്രതിസന്ധികളിലെ ഇടപെടൽ—ഇവയെല്ലാം രാഷ്ട്രീയ വിശ്വാസ്യതയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രത്യേകിച്ച് നൈതിക ആധികാരികത അത്യന്താപേക്ഷിതമാണ്. കാരണം അതിന്റെ രാഷ്ട്രീയം വെറും ഭരണപരമായ കാര്യക്ഷമതയെക്കുറിച്ചല്ല; മറിച്ച് ഒരു ന്യായമായ സമൂഹത്തെക്കുറിച്ചുള്ള ചരിത്രപരമായ അവകാശവാദമാണ്.
ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് അധികാരത്തിൽ വിജയിച്ച രാഷ്ട്രീയക്കാരെ മാത്രമല്ല; മറിച്ച് അധികാരത്തിനപ്പുറം ഒരു നൈതിക സമർപ്പണബോധമുള്ള മനുഷ്യരെയാണ്. സ്വന്തം ജീവിതത്തിൽ ലാളിത്യം, ഉത്തരവിദിത്ത ബോധം, പൊതു ജീവിതത്തിലെ നൈതികത, സാമൂഹിക സമർപണ ബോധം എന്നിവ പ്രകടിപ്പിക്കുന്ന നേതാക്കളെയാണ് ജനങ്ങൾ ദീർഘകാലത്തിൽ വിശ്വസിക്കുന്നത്. സാധാരണ മനുഷ്യർ തങ്ങളുടെ ജീവിതസമരങ്ങൾക്കിടയിൽ രാഷ്ട്രീയ പ്രവർത്തകരെ നോക്കുമ്പോൾ അവർ ചോദിക്കുന്നത് “ഇവർ ജയിക്കുമോ?” എന്നതിലുപരി “ഇവർ സത്യസന്ധരാണോ?”, “ഇവർ നമ്മെ മനസ്സിലാക്കുന്നുണ്ടോ?”, “ഇവർ നമ്മുക്കുവേണ്ടി ജീവിക്കാൻ തയ്യാറാണോ?” എന്ന ചോദ്യങ്ങളാണ്.
ഇവിടെ ഒരു പ്രധാന ഡയലക്ടിക്കൽ വൈരുധ്യം പ്രവർത്തിക്കുന്നുണ്ട്. ഒരു വിപ്ലവ പ്രസ്ഥാനം പാർലമെന്ററി അധികാരത്തിൽ പ്രവേശിക്കുമ്പോൾ അതിന് ഭരണപരമായ ഉത്തരവാദിത്തങ്ങളും സ്ഥാപനപരമായ ആവശ്യങ്ങളും നേരിടേണ്ടി വരും. എന്നാൽ ആ പ്രക്രിയയിൽ അത് ജനങ്ങളുമായി ഉണ്ടായിരുന്ന ജൈവിക ബന്ധം നഷ്ടപ്പെടുത്താൻ തുടങ്ങിയാൽ, അധികാരം തന്നെ അതിന്റെ രാഷ്ട്രീയ സ്വഭാവത്തെ പുനർരൂപപ്പെടുത്തും. അപ്പോൾ പാർട്ടി ക്രമേണ “ജനങ്ങളുടെ പോരാട്ടത്തിന്റെ ഉപകരണം” എന്ന നിലയിൽ നിന്ന് “ഭരണസ്ഥാപനത്തിന്റെ ഒരു ഭാഗം” എന്ന നിലയിലേക്ക് വഴുതിപ്പോകും. ഈ മാറ്റം സംഭവിക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ രാഷ്രീയ അന്യതാബോധം രൂപപ്പെടും.
ജനങ്ങൾ പലപ്പോഴും എല്ലാ കാര്യങ്ങളും സിദ്ധാന്തപരമായി വിശകലനം ചെയ്യണമെന്നില്ല; പക്ഷേ അവർക്ക് രാഷ്ട്രീയത്തിലെ നൈതിക വൈരുധ്യങ്ങൾ വളരെ കൃത്യമായി അനുഭവിക്കാൻ കഴിയും. നേതാക്കളുടെ ജീവിതശൈലിയും പ്രസംഗവും തമ്മിൽ സമന്വയം ഇല്ലെന്ന് അവർ തിരിച്ചറിയും. പൊതുസമത്വത്തെക്കുറിച്ച് സംസാരിക്കുന്നവർ പ്രത്യേകാവകാശ സംസ്കാരത്തിൽ ജീവിക്കുമ്പോൾ, സുതാര്യത പ്രസംഗിക്കുന്നവർ വിമർശനങ്ങളെ അടിച്ചമർത്തുമ്പോൾ, ത്യാഗത്തെ കുറിച്ച് സംസാരിക്കുന്നവർ അധികാരസൗകര്യങ്ങളിൽ മുങ്ങുമ്പോൾ—ജനങ്ങളിൽ ഒരു നിശ്ശബ്‌ദ നിരാസം വളരാൻ തുടങ്ങും. അത് ഉടൻ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കണമെന്നില്ല; പക്ഷേ ദീർഘകാലത്തിൽ അത് പ്രസ്ഥാനത്തിന്റെ നൈതിക അടിത്തറയെ ദുർബലപ്പെടുത്തും.
അതുകൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തിൽ ശക്തമായ പ്രത്യയശാസ്ത്ര-നൈതിക പുനർവിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ അത് വെറും ക്ലാസ് മുറികളിലെ മാർക്സിസം പഠനമായി ചുരുങ്ങരുത്. ചില പുസ്തകങ്ങൾ വായിക്കുകയും പഴയ പ്രമേയങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നത് മാത്രം പ്രത്യയശാസ്ത്ര നവീകരണം സൃഷ്ടിക്കില്ല. മറിച്ച് പാർട്ടിയുടെ മുഴുവൻ രാഷ്ട്രീയ സംസ്കാരത്തെയും പുനർപരിശോധിക്കുന്ന, ജീവിതരീതിയെയും സംഘടനാപരമായ പെരുമാറ്റത്തെയും വിമർശനാത്മകമായി വിലയിരുത്തുന്ന ഒരു സമഗ്ര പ്രക്രിയയായിരിക്കണം അത്.
ഒരു കമ്യൂണിസ്റ്റ് പ്രവർത്തകന് പ്രത്യയശാസ്ത്രംഎന്നത് പരീക്ഷയ്ക്കായി പഠിക്കുന്ന ചില തത്വങ്ങൾ മാത്രമല്ല; അത് ലോകത്തെ കാണുന്ന രീതിയും മനുഷ്യരുമായി ബന്ധപ്പെടുന്ന രീതിയും അധികാരത്തെ മനസ്സിലാക്കുന്ന രീതിയും സ്വന്തം ജീവിതത്തെ രാഷ്ട്രീയമായി ക്രമീകരിക്കുന്ന രീതിയുമാണ്. അതുകൊണ്ട് പ്രത്യയശാസ്ത്ര വിദ്യാഭ്യാസം എന്നത് ബൊദ്ധിക പഠനം മാത്രമല്ല; നൈതിക പരിവർത്തനം കൂടിയാണ്. ജനങ്ങളുടെ ദുഃഖങ്ങളോടും പ്രതീക്ഷകളോടും സഹാനുഭൂതി പുലർത്താനുള്ള മാനുഷിക ശേഷി വളർത്താതെ വിപ്ലവരാഷ്ട്രീയം ജീവിച്ചിരിക്കില്ല.
കാഡർമാർ വീണ്ടും ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളുമായി ജൈവികമായി ബന്ധപ്പെടണം. ഇന്ന് പലപ്പോഴും രാഷ്ട്രീയം സാമൂഹ്യമാധ്യമ നരേറ്റീവുകൾ, ടെലിവിഷൻ സംവാദങ്ങൾ, ഇലക്ടറൽ ഗണിതങ്ങൾ എന്നിവയിൽ ഒതുങ്ങിപ്പോകുന്ന പ്രവണത കാണാം. എന്നാൽ ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ യഥാർത്ഥ വിദ്യാലയം ജനങ്ങളുടെ ജീവിതമാണ്. തൊഴിലാളിയുടെ അസുരക്ഷിതത്വം, കർഷകന്റെ കടബാധ്യത, മത്സ്യതൊഴിലാളിയുടെ പാരിസ്ഥിതിക, അസംഘടിത തൊഴിലാളിയുടെ പരിതാപകരമായ ജീവിതം, വിദ്യാർത്ഥിയുടെ ഭാവിഭയം, സ്ത്രീകളുടെ അവഗണനകൾ, യുവാക്കളുടെ തൊഴിലില്ലായ്മയും അസ്തിത്വ നൈരാശ്യങ്ങളും —ഇവയെ നേരിട്ട് അനുഭവിക്കുകയും പഠിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരം പുനർനിർമ്മിക്കണം.
ഇവിടെ “പഠിക്കൽ” എന്നത് വസ്തുതകളുടെ ശേഖരണം മാത്രം അല്ല. അത് മനുഷ്യരുടെ ജീവിതവൈരുധ്യങ്ങളെ അനുഭവപരമായി ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ-മാനുഷിക പ്രക്രിയയാണ്. ഒരു തൊഴിലാളിയുടെ വീട്ടിൽ ചിലവഴിക്കുന്ന സമയം, ഒരു കർഷകന്റെ ആശങ്കകൾ കേൾക്കൽ, തീരദേശ സമൂഹങ്ങളുടെ അരക്ഷിതത്വത്തെ മനസ്സിലാക്കൽ, തൊഴിലില്ലാത്ത യുവാക്കളുടെ മോഹഭംഗം അനുഭവിക്കൽ—ഇവയാണ് യഥാർത്ഥ രാഷ്ട്രീയ വിദ്യാഭ്യാസം. ജനങ്ങളുടെ ഭാഷയും വികാരങ്ങളും ഭയങ്ങളും പ്രതീക്ഷകളും മനസ്സിലാക്കാതെ ഒരു വിപ്ലവ പ്രസ്ഥാനത്തിന് അവരുടെ വിശ്വാസം നേടാൻ കഴിയില്ല.
അതോടൊപ്പം സമകാലിക സമൂഹത്തിലെ പുതിയ വൈരുധ്യങ്ങളെയും പഠിക്കേണ്ടതുണ്ട്. കേരളം ഇന്ന് 1960-കളിലെയോ 1970-കളിലെയോ കേരളമല്ല. പ്രവാസങ്ങൾ, ഉപഭോഗ സംസ്കാരം, ഡിജിറ്റൽ മുതലാളിത്തം, സാമൂഹ്യമാധ്യമ മനശാസ്ത്രം, സ്വത്വപരമായ ആശങ്കകൾ, പാരിസ്ഥിതിക പ്രതിസന്ധികൾ, ഏകാന്തത, ജീവിത മത്സരങ്ങൾ —ഇവയെല്ലാം മനുഷ്യരുടെ ബോധത്തെയും സാമൂഹിക പെരുമാറ്റത്തെയും ആഴത്തിൽ സ്വാധീനിക്കുന്നു. പഴയ ഭാഷയും പഴയ സംഘടനാ ശീലങ്ങളും മാത്രം ഉപയോഗിച്ച് ഈ പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി അർഥവത്തായ ബന്ധം സ്ഥാപിക്കാൻ കഴിയില്ല.
അതുകൊണ്ട് പ്രത്യയശാസ്ത്ര-നൈതിക പുനർവിദ്യാഭ്യാസം എന്നത് വെറും പഴയ ആശയങ്ങളിലേക്കുള്ള യാന്ത്രികമായ തിരിച്ചുപോക്ക് അല്ല; മറിച്ച് പുതിയ ചരിത്രസാഹചര്യങ്ങളിൽ വിപ്ലവമൂല്യങ്ങളെ പുനരാവിഷ്കരിക്കുന്ന ഡയലക്ടിക്കൽ നവീകരണം ആണ്. അത് ഒരു പ്രസ്ഥാനത്തെ വീണ്ടും ജനങ്ങളുമായി ജീവിക്കുന്ന ബന്ധത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ്.
അവസാനമായി, ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാവി അതിന്റെ തിരഞ്ഞെടുപ്പ് മെഷീനുകളിലോ സംഘടനാപരമായ ശക്തിയിലോ മാത്രം നിശ്ചയിക്കപ്പെടുന്നില്ല. ജനങ്ങൾ ആ പ്രസ്ഥാനത്തിൽ ഇന്നും ഒരു നൈതിക പ്രത്യാശ കാണുന്നുണ്ടോ എന്നതാണ് നിർണായകം. ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളുടെ കണ്ണിൽ “മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ ഒരു നൈതിക സാധ്യത” ആയി തുടരാൻ കഴിയുന്നിടത്തോളം അതിന് ചരിത്രപരമായ ഭാവിയുണ്ട്. ആ നൈതിക വ്യത്യാസം നഷ്ടപ്പെടുന്ന നിമിഷം മുതൽ അതിന്റെ ജീർണത വേഗത്തിലാകും.
അതോടൊപ്പം വിമർശനവും ആത്മവിമർശനവും വീണ്ടും സജീവമാക്കേണ്ടതുണ്ട്. എന്നാൽ അത് വെറും ഔപചാരിക ചടങ്ങുകളായോ സമ്മേളന പ്രമേയങ്ങളിലെ സ്ഥിരം വാചകങ്ങളായോ ചുരുങ്ങരുത്. ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ ഉള്ളിലുള്ള വിമർശന-ആത്മവിമർശന സംസ്കാരം അതിന്റെ രാഷ്ട്രീയ ആരോഗ്യത്തിന്റെ സൂചകമാണ്. കാരണം ഒരു ജീവിച്ചിരിക്കുന്ന സംഘടന എന്നത് സ്ഥിരതയുള്ള യന്ത്രമല്ല; മറിച്ച് തുടർച്ചയായി സ്വയം പഠിക്കുകയും തിരുത്തുകയും പുതുക്കുകയും ചെയ്യുന്ന ഒരു dialectical process ആണ്.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ വിമർശനം പലപ്പോഴും രണ്ട് അപകടകരമായ അതിരുകളിലേക്ക് വഴുതിപ്പോകുന്നു. ഒന്നാമത്, ഗ്രൂപ്പു തിരിഞ്ഞ ആക്രമണങ്ങളായി അത് മാറുന്നു. അപ്പോൾ വിമർശനത്തിന്റെ ലക്ഷ്യം സത്യാന്വേഷണമോ സംഘടനാ തിരുത്തലോ അല്ല; മറിച്ച് എതിര്‍ഗ്രൂപ്പിനെ ദുർബലപ്പെടുത്തലായിത്തീരുന്നു. രണ്ടാമത്, വിമർശനത്തെ തന്നെ “അച്ചടക്ക ലംഘനം” എന്ന് കണ്ട് അടിച്ചമർത്തുന്ന സംസ്കാരം വളരുന്നു. അപ്പോൾ സംഘടനയിൽ ഒരുകൃത്രിയ ഐക്യം രൂപപ്പെടും. പുറമേ എല്ലാവരും ഒരേ അഭിപ്രായമുള്ളവരെപ്പോലെ തോന്നിയാലും, ഉള്ളിൽ നിശബ്ദമായ അസന്തോഷം, നിരാശ, രാഷ്ട്രീയ അകലം എന്നിവ വളരാൻ തുടങ്ങും. ഈ രണ്ടും ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരുപോലെ അപകടകരം ആണ്.
യഥാർത്ഥ കമ്യൂണിസ്റ്റ് സ്വയം വിമർശനം എന്നത് വ്യക്തിഹത്യയോ അപമാനമോ അല്ല; അത് സംഘടനയുടെ ജീവശക്തി സംരക്ഷിക്കുന്ന ഒരു ഡയലക്ടിക്കൽ തിരുത്തൽ പ്രക്രിയയാണ്. ഡയലക്ടിക്കൽ നിലപാടിൽ നോക്കുമ്പോൾ, ഒരു സംഘടനയുടെ വളർച്ച അതിന്റെ ആന്തരിക വൈരുധ്യങ്ങളെ തിരിച്ചറിയുകയും അവയെ ഉന്നത സമന്വയത്തി ലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യുന്ന ശേഷിയിലാണ് നിലനിൽക്കുന്നത്. അതുകൊണ്ട് വിമർശനം നശീകരണത്തിനുവേണ്ടിയല്ല; പരിവർത്തനത്തിനുവേണ്ടിയാണ്. അതിന്റെ ലക്ഷ്യം വ്യക്തികളെ തകർക്കൽ അല്ല; മറിച്ച് സംഘടനയെ കൂടുതൽ സത്യസന്ധവും ജനാധിപത്യപരവും ജനകീയവുമാക്കലാണ്.
സ്വയം വിമർശനം എന്നത് “തെറ്റുകൾ സമ്മതിക്കുന്ന ഒരു ചടങ്ങ് l” മാത്രമല്ല. അത് ഒരു നൈതിക രാഷ്ട്രീയ അച്ചടക്കം ആണ്. “ഞങ്ങൾക്കും തെറ്റാം”, “നമ്മുടെ രാഷ്ട്രീയ രീതികൾക്കും ജീർണത ബാധിക്കാം”, “ജനങ്ങളിൽ നിന്ന് അകന്നുപോകാനുള്ള സാധ്യത നമുക്കുമുണ്ട്” എന്ന ബോധം ഇല്ലാതെ ഒരു വിപ്ലവസംഘടന ജീവിച്ചു നിലനിൽക്കാൻ കഴിയില്ല. ചരിത്രത്തിൽ അധികാര ജീർണനം ബാധിച്ച പല പ്രസ്ഥാനങ്ങളുടെയും ആദ്യ ലക്ഷണം ഇതായിരുന്നു: അവർക്ക് സ്വയം ചോദ്യം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടു. സ്വന്തം തെറ്റുകളെ “ശത്രുക്കളുടെ പ്രചാരണം” എന്ന് തള്ളിക്കളയാൻ തുടങ്ങിയ നിമിഷം മുതൽ അവരുടെ പ്രത്യയശാസ്ത്ര ജൈവികത ക്ഷയിച്ചു തുടങ്ങി.
തെറ്റുകളെ മറയ്ക്കുന്ന സംസ്കാരം ഒരു പ്രസ്ഥാനത്തെ താൽക്കാലികമായി സംരക്ഷിക്കുന്നതായി തോന്നാം. “പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കണം” എന്ന പേരിൽ വിമർശനങ്ങളെ മൂടിവെക്കുമ്പോൾ പുറമേ ഐക്യം നിലനിൽക്കുന്നുവെന്ന് തോന്നും. പക്ഷേ യാഥാർത്ഥ്യത്തിൽ അത് പ്രത്യയശാസ്ത്ര ജീർണതയെ കൂടുതൽ വേഗത്തിലാക്കും. കാരണം മറച്ചുവെക്കുന്ന ഓരോ തെറ്റും സംഘടനയുടെ ഉള്ളിൽ പരിഹരിക്കപ്പെടാത്ത വൈരുധ്യങ്ങൾ ആയി അടിഞ്ഞുകൂടും. ഒടുവിൽ അവ വലിയ രാഷ്ട്രീയ പ്രതിസന്ധികളായി പൊട്ടിപ്പുറപ്പെടും. ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി തെറ്റുകളില്ലാത്തതിൽ അല്ല; മറിച്ച് തെറ്റുകളെ തിരിച്ചറിയാനും തിരുത്താനും കഴിയുന്നതിലാണ്.
ഇവിടെ രാഷ്ട്രീയ ധൈര്യം അത്യന്താപേക്ഷിതമാണ്. കാരണം പാർലമെന്ററി ജീർണതയെ നേരിടുന്നത് ചില വ്യക്തികളെ വിമർശിക്കുന്നതിലൂടെ മാത്രം സാധ്യമല്ല. ഏതാനും നേതാക്കളെ മാറ്റിയാൽ മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. പ്രശ്നത്തിന്റെ ആഴം അധികാരകേന്ദ്രിത രാഷ്ട്രീയ സംസ്കാരത്തിന്റെ ഘടനാപരമായ പ്രവണതകളിലാണ്. അധികാരം കേന്ദ്രീകരിക്കപ്പെടുമ്പോൾ തീരുമാനമെടുക്കൽ ക്രമേണ മുകളിൽ ചുരുങ്ങും; അടിത്തട്ടു പ്രവർത്തകരുടെ രാഷ്ട്രീയ പങ്കാളിത്തം ക്ഷയിക്കും; വിമർശനം “അനുസരണക്കേട്” ആയി ചിത്രീകരിക്കപ്പെടും; നേതൃത്വം ഉത്തരവാദിത്ത ബോധത്തിൽ നിന്ന് അകന്നുപോകും; പ്രത്യയശാസ്ത്രത്തിന് പകരം വിധേയത്വം പ്രധാനമാകും. ഇതാണ് അധികാരപരമായ ജഡീകരണത്തിന്റെ തുടക്കം.
അതുകൊണ്ട് ഈ പ്രവണതകളെ വ്യക്തിപരമായ നൈതിക പരാജയങ്ങളായി മാത്രം കാണാതെ ഘടനാപരമായ പ്രവണതകൾ ആയി മനസ്സിലാക്കണം. ഒരു ഡയലക്ടിക്കൽ സമീപനം എന്നത് വ്യക്തികളെയും ഘടനകളെയും പരസ്പരബന്ധത്തിൽ കാണുന്നതാണ്. വ്യക്തികൾക്ക് തെറ്റുകൾ സംഭവിക്കും; എന്നാൽ അതിനെ പുനരുത്പാദിപ്പിക്കുന്ന സംഘടനാ സംവിധാനങ്ങൾ നിലനിൽക്കുന്നുവെങ്കിൽ അതേ ജീർണത വീണ്ടും വീണ്ടും ആവർത്തിക്കും. അതിനാൽ വ്യക്തിവിമർശനം മാത്രം മതിയാകില്ല; സംഘടനയുടെ പ്രവർത്തനരീതികളെയും രാഷ്ട്രീയ സംസ്കാരത്തെയും വിമർശനാത്മകമായി പുനഃപരിശോധിക്കണം.
അതിന് സംഘടനാപരമായ വികേന്ദ്രീകരണം നിർണായകമാണ്. എല്ലാ രാഷ്ട്രീയ ഊർജ്ജവും മുകളിലെ നേതൃത്വത്തിൽ കേന്ദ്രീകരിക്കുമ്പോൾ അടിത്തട്ടിലെ സക്രിയത ക്ഷയിക്കും. പ്രാദേശിക ഘടകങ്ങൾക്കും താഴെത്തട്ടിലെ പ്രവർത്തകർക്കും യഥാർത്ഥ രാഷ്ട്രീയ ഇടപെടലിനും തീരുമാനമെടുക്കലിനും കൂടുതൽ സ്വാതന്ത്ര്യം ലഭിക്കണം. ഉൾപ്പാർട്ടി ജനാധിപത്യം ഒരു ഔപചാരികത്വം ആയി മാത്രമല്ല, ജീവിക്കുന്ന രാഷ്ട്രീയ സംസ്കാരമായി പ്രവർത്തിക്കണം. വ്യത്യസ്ത അഭിപ്രായങ്ങൾ ശത്രുതയായി കാണാതെ ഡയലക്ടാക്കൽ വൈവിധ്യം ആയി അംഗീകരിക്കാനുള്ള രാഷ്ട്രീയ പക്വത ആവശ്യമാണ്.
അതോടൊപ്പം നേതാക്കളുടെ ഉത്തരവാദിത്തം നിജപ്പെടുത്തൽ അനിവാര്യമാണ്. ഉത്തരവാദിത്തം ഇല്ലാത്ത അധികാരം ക്രമേണ സവിശേഷ അധികാരം ആയി മാറും. നേതൃസ്ഥാനങ്ങൾ “സ്ഥിരം അവകാശങ്ങൾ ” ആകുമ്പോൾ സംഘടനയുടെ വിപ്ലവജൈവികത ക്ഷയിക്കും. അതുകൊണ്ട് കാലാവധി നിർണയിക്കൽ, നേതൃത്വത്തിന്റെ കൃത്യമായ പരിശോധന, കൂട്ടായ തീരുമാന പ്രക്രിയ, പ്രവർത്തന സുതാര്യത എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നേതൃത്വം എന്നത് അധികാരസൗകര്യം അല്ല; മറിച്ച് ഉയർന്ന ഉത്തരവാദിത്തം കൂടി ആണ് എന്ന ബോധം പുനഃസ്ഥാപിക്കണം.
കൂട്ടായ നേതൃത്വം എന്ന ആശയം ഇവിടെ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഒരൊറ്റ വ്യക്തിയിലോ ചെറിയ ഗ്രൂപ്പിലോ സംഘടനയുടെ മുഴുവൻ രാഷ്ട്രീയ ബുദ്ധിയും കേന്ദ്രീകരിക്കപ്പെടുമ്പോൾ വ്യക്തിപരമായ ആരാധന വളരാൻ സാധ്യതയുണ്ട്. എന്നാൽ കൂട്ടായ നേതൃത്വം എന്നത് വെറും അധികാരം പങ്കിടൽ അല്ല; മറിച്ച് വ്യത്യസ്ത അനുഭവങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും സംഘടനയുടെ രാഷ്ട്രീയ ചിന്തയിൽ ഡയലക്ടിക്കലായി സംയോജനം ചെയ്യാനുള്ള ശ്രമമാണ്.
കാഡർ പരിശീലനവും ഇവിടെ നിർണായകമാണ്. പ്രത്യയശാസ്ത്ര പഠനം വെറും പഴയ ടെക്സ്റ്റുകൾ ആവർത്തിക്കുന്നതിൽ ഒതുങ്ങരുത്. സമകാലിക മുതലാളിത്തം, ഡിജിറ്റൽ സബ്‌ദ്‌വ്യവസ്ഥ, സ്വത്വരാഷ്ട്രീയം, പരിസ്ഥിതി പ്രതിസന്ധി, യുവതയുടെ അന്യവൽക്കരണം, വർഗീയത, ലിംഗനീതി, പ്രവാസം, കൃത്രിമബുദ്ധി തുടങ്ങിയ പുതിയ സാമൂഹിക വൈരുധ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം വളരണം. അല്ലാത്തപക്ഷം സംഘടനയുടെ ഭാഷയും ജനങ്ങളുടെ ജീവിതാനുഭവവും തമ്മിൽ വലിയ അകലം രൂപപ്പെടും.
അതോടൊപ്പം നൈതിക അച്ചടക്കം വിപ്ലവരാഷ്ട്രീയത്തിന്റെ കേന്ദ്രഘടകമായി തിരിച്ചുകൊണ്ടുവരണം. ഇവിടെ നൈതികത എന്നത് വ്യക്തിപരമായ പരിശുദ്ധിവാദം അല്ല; മറിച്ച് പൊതുജീവിതത്തിലെ സുതാര്യത, ലാളിത്യം, ഉത്തരവാദിത്തം, പൌരബോധം, പരസ്പര ബഹുമാനം, അഴിമതി വിരുദ്ധത എന്നിവയാണ്. ജനങ്ങൾ ഒരു വിപ്ലവപ്രസ്ഥാനത്തിനെ വിശ്വസിക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങൾ കൊണ്ടു മാത്രം അല്ല; മറിച്ച് അതിന്റെ പ്രവർത്തകരുടെയും നേതാക്കളുടെയും ജീവിതത്തിൽ കാണുന്ന നൈതിക സമന്വയം കൊണ്ടുമാണ്.
അവസാനമായി, വിമർശനവും ആത്മവിമർശനവും ഒരു സംഘടനയെ ദുർബലപ്പെടുത്തുന്ന പ്രക്രിയയല്ല; മറിച്ച് അതിനെ ചരിത്രപരമായി ജീവിച്ചിരിപ്പിക്കുന്ന പ്രക്രിയയാണ്. സ്വന്തം വൈരുധ്യങ്ങളെ നേരിടാൻ ധൈര്യമുള്ള പ്രസ്ഥാനങ്ങൾക്കു മാത്രമേ കാലത്തിന്റെ മാറ്റങ്ങളോട് പൊരുത്തപ്പെട്ടു പുതുജീവൻ നേടാൻ കഴിയൂ. വിമർശനത്തെ ഭയക്കുന്ന സംഘടനകൾ താൽക്കാലിക സ്ഥിരത നേടാം; പക്ഷേ ആത്മവിമർശനത്തെ ഉൾക്കൊള്ളുന്ന സംഘടനകൾക്കാണ് ചരിത്രപരമായ ഭാവി ഉണ്ടാകുക.
എന്നാൽ ഈ പ്രതിസന്ധിയെ പൂർണ്ണമായും നിരാശയുടെ കണ്ണിലൂടെ മാത്രം കാണേണ്ടതില്ല. ചരിത്രത്തെ ഡയലക്ടിക്കൽ ആയി വായിക്കുമ്പോൾ ഒരു സത്യം വ്യക്തമായി കാണാം: ഒരു വലിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്ഥിരമായ, മാറ്റമില്ലാത്ത ഘടനയായി നിലനിൽക്കാറില്ല. അതിന്റെ വളർച്ചയ്ക്കുള്ളിൽ തന്നെ ജീർണതയുടെ വിത്തുകളും ഉണ്ടായിരിക്കും; അതുപോലെ ജീർണതയ്ക്കുള്ളിൽ തന്നെ നവീകരണത്തിന്റെയും പുനർജനനത്തിന്റെയും സാധ്യതകളും ഒളിഞ്ഞിരിക്കും. ഓരോ ചരിത്രഘട്ടത്തിലും വിപ്ലവ പ്രസ്ഥാനങ്ങൾ സ്വന്തം വിജയങ്ങളുടെ പരിധികളെയും, അധികാരാനുഭവത്തിന്റെ സ്വാധീനങ്ങളെയും, സാമൂഹിക മാറ്റങ്ങളുടെ സമ്മർദ്ദങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ആ നേരിടലിൽ ചില സംഘടനകൾ ചരിത്രത്തിന്റെ മ്യൂസിയം വസ്തുക്കളായി മാറി; ചിലത് ആത്മവിമർശനത്തിന്റെ തീയിൽ സ്വയം ശുദ്ധീകരിച്ച് പുതിയ ജീവശക്തി കണ്ടെത്തി.
സോവിയറ്റ് അനുഭവമോ, യൂറോപ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജീർണതയോ, വിവിധ ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ അധികാര ജഡതയോ —ഇവയെല്ലാം ഒരു മുന്നറിയിപ്പാണ്: ജനങ്ങളിൽ നിന്ന് ജൈവബന്ധം നഷ്ടപ്പെടുകയും പ്രത്യയശാസ്ത്ര ജൈവികത ക്ഷയിക്കുകയും ചെയ്താൽ ഒരു വിപ്ലവ പ്രസ്ഥാനം ക്രമേണ അധികാരസംരക്ഷണ യന്ത്രമായി ചുരുങ്ങും. എന്നാൽ അതേ ചരിത്രം മറ്റൊരു പാഠവും നൽകുന്നു. തെറ്റുകളെ തിരിച്ചറിയാനും സ്വയം ചോദ്യം ചെയ്യാനും ജനങ്ങളുടെ വിമർശനം കേൾക്കാനും തയ്യാറായ പ്രസ്ഥാനങ്ങൾ പലപ്പോഴും പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്ന പുതിയ രാഷ്ട്രീയ-നൈതിക ഊർജ്ജം കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രസ്ഥാനം സ്വന്തം വൈരുധ്യങ്ങളെ തിരിച്ചറിയുകയും അവയെ സത്യസന്ധമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന നിമിഷങ്ങളിലാണ് അതിന്റെ യഥാർത്ഥ ചരിത്രശക്തി പ്രകടമാകുന്നത്. കാരണം ഡയലക്ടിക്കൽ വീക്ഷണത്തിൽ വൈരുധ്യം ഒരു ദൗർബല്യം മാത്രമല്ല; അത് പരിവർത്തനത്തിന്റെ യന്ത്രം കൂടിയാണ്. സ്വന്തം ഉള്ളിലെ അധികാരമോഹം, അധികാര അഹന്ത, പ്രത്യയശസ്ത്ര മുരടിപ്പ്, പാർലമെന്റെറി അവസരവാദം, സന്മാർഗനിഷ്ഠ ഇല്ലായ്മ എന്നിവയെ തിരിച്ചറിയാൻ കഴിയാത്ത ഒരു സംഘടനയ്ക്ക് മാറ്റത്തിനുള്ള ചരിത്രശേഷി നഷ്ടപ്പെടും. എന്നാൽ ആ വൈരുധ്യങ്ങളെ മറയ്ക്കാതെ തുറന്നു ചർച്ച ചെയ്യാനും, വിമർശനത്തെ ശത്രുതയായി കാണാതെ തിരുത്തൽ ഊർജം ആയി ഉപയോഗിക്കാനും കഴിയുന്നുവെങ്കിൽ, അതിലൂടെ തന്നെ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ജനിക്കാം.
ഇവിടെ ആത്മവിമർശനം എന്നത് സ്വയം അപമാനിക്കൽ അല്ല; മറിച്ച് സ്വന്തം ചരിത്രമിഷനെ സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമം ആണ്. തെറ്റുകൾ സമ്മതിക്കുന്നത് ദൗർബല്യത്തിന്റെ അടയാളമല്ല; അത് ഒരു പ്രസ്ഥാനത്തിന്റെ നൈതിക പക്വതയുടെ അടയാളമാണ്. സ്വന്തം തെറ്റുകൾ ഒരിക്കലും അംഗീകരിക്കാത്ത സംഘടനകൾ പുറമേ ശക്തമായി തോന്നിയാലും, അകത്ത് നിന്ന് ജസീകരിക്കപ്പെടാൻ തുടങ്ങും. മറിച്ച് സ്വയം തിരുത്താനുള്ള ധൈര്യമുള്ള സംഘടനകൾക്ക് മാത്രമേ ചരിത്രപരമായി ദീർഘായുസ്സും സൃഷ്ടിപരമായ വളർച്ചയും സാധ്യമാകൂ.
അതുകൊണ്ട് ഇന്ന് സി പി എം മുൻപിലുള്ള ചോദ്യം വെറും “അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെ ജയിക്കാം?” എന്നതല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം നിർണായകമല്ല എന്ന് പറയാനാവില്ല; ജനാധിപത്യ രാഷ്ട്രീയത്തിൽ അത് ഒരു പ്രധാന രംഗമാണ്. എന്നാൽ ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ ജീവൻ വെറും തെരഞ്ഞെടുപ്പ് വിജയത്തിൽ മാത്രം അധിഷ്ഠിതമാകുമ്പോൾ അതിന്റെ ചരിത്രപരമായ ദൗത്യം ചുരുങ്ങിപ്പോകും. യഥാർത്ഥ ചോദ്യം അതിനേക്കാൾ ആഴത്തിലുള്ളതാണ്: “ഒരു വിപ്ലവ പ്രസ്ഥാനം എന്ന നിലയിൽ തങ്ങളുടെ ആത്മാവിനെ എങ്ങനെ പുനർനിർമ്മിക്കാം?”
ആ ആത്മാവ് എന്താണ്? അത് കേവലം ഒരു പാർട്ടി ഭരണഘടനയോ സംഘടനാ യന്ത്രമോ അല്ല. അത് ഒരു നൈതിക രാഷ്ട്രീയ സംസ്കാരം ആണ്—ജനങ്ങളോടുള്ള ഐക്യദാർഢ്യം, ത്യാഗബോധം, സത്യസന്ധത, വിമർശനാത്മക ചിന്ത, സമത്വബോധം, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത, അധികാരത്തെക്കാൾ മൂല്യങ്ങളെ മുൻനിർത്തുന്ന രാഷ്ട്രീയ മനോഭാവം. ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ ഓഫീസുകളിലോ തിരഞ്ഞെടുപ്പ് മെഷീനുകളിലോ അല്ല; മറിച്ച് സാധാരണ മനുഷ്യർ “ഇവർ നമ്മുക്കുവേണ്ടി ജീവിക്കുന്നവരാണ്” എന്ന് വിശ്വസിക്കുന്ന ആ നൈതിക വിശ്വാസ്യതയിലാണ്.
ഈ പുനർനിർമ്മാണം മുദ്രാവാക്യങ്ങൾ കൊണ്ടോ പരസ്യപ്രചരണം കൊണ്ടോ സാധ്യമാകില്ല. അതിന് സംഘടനയുടെ ജീവിതരീതിയിൽ തന്നെ മാറ്റങ്ങൾ വരണം. നേതാക്കളും പ്രവർത്തകരും ജനങ്ങളിൽ നിന്ന് പഠിക്കുന്ന രാഷ്ട്രീയ വിനയം വീണ്ടെടുക്കണം. പാർട്ടി അകത്തെ വിമർശന-ആത്മവിമർശന സംസ്കാരം ഭയമില്ലാതെ പ്രവർത്തിക്കണം. യുവാക്കൾക്ക് രാഷ്ട്രീയം ഒരു അധികാരക്കളി അല്ല, മറിച്ച് അർഥവത്തായ പൊതുലക്ഷ്യം ആണെന്ന അനുഭവം നൽകണം. ലാളിത്യം, പൊതുജീവിതത്തിലെ സുതാര്യത, ഉത്തരവാദിത്തം, പ്രത്യയശാസ്ത്ര പഠനം, എന്നിവ വീണ്ടും രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് മടങ്ങിയെത്തണം.
അതിനാൽ ഇന്നത്തെ പ്രതിസന്ധി ഒരു അവസാനത്തിന്റെ സൂചന മാത്രമല്ല; അത് ഒരു ചരിത്രപരമായ വഴിത്തിരിവ് കൂടിയാണ്. ഒരു വഴി കൂടുതൽ പാർലമെന്റെറി ഊന്നലുകൾ, പ്രത്യയശാസ്ത നിരാസം, സംഘടനാപരമായ ജഡവൽക്കരക്കരണം എന്നിവയിലേക്ക് നയിച്ചേക്കാം. മറ്റൊരു വഴി ആത്മവിമർശനത്തിലൂടെ നൈതിക നവീകരണം, രാഷ്ട്രീയ സക്രിയത , വിപ്ലവകരമായ പുനരുജ്ജീവനം എന്നിവയിലേക്ക് തുറക്കാം. ഏത് വഴി തിരഞ്ഞെടുക്കണം എന്നത് വെറും നേതാക്കളുടെ അടവുപരമായ തീരുമാനമല്ല; മറിച്ച് മുഴുവൻ പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയ-നൈതിക ബോധത്തിന്റെ പരീക്ഷണമാണ്.
ചരിത്രം കാണിക്കുന്നത്, സ്വന്തം വൈരുധ്യങ്ങളെ നേരിടാൻ ധൈര്യമുള്ള പ്രസ്ഥാനങ്ങൾ മാത്രമാണ് യഥാർത്ഥത്തിൽ പുതുജീവൻ നേടുന്നത്. അതുകൊണ്ട് ഇന്നത്തെ പ്രതിസന്ധിയെ ഭയക്കേണ്ട ഒന്നായി മാത്രം കാണാതെ, ഒരു ഡയലക്ടിക്കൽ അവസരം ആയി കാണാനും കഴിയണം. കാരണം ചിലപ്പോൾ ഒരു പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നവജനനം അതിന്റെ ഏറ്റവും ഗൗരവമുള്ള ആത്മസംശയങ്ങളുടെ നിമിഷങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്.
ഇന്ന് സി പി എം നേരിടുന്ന ജീർണതയുടെ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത് കേവലം ചില വ്യക്തികളുടെ തെറ്റുകളോ ചില തിരഞ്ഞെടുപ്പ് തിരിച്ചടികളോജസീകരണം മാത്രമല്ല; അതിനേക്കാൾ ആഴത്തിലുള്ള ഒരു രാഷ്ട്രീയ-സംഘടനാപരമായ രൂപാന്തരമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെ സ്വഭാവദൗർബല്യത്തിലേക്ക് മാത്രം ചുരുക്കാനാവാത്ത ഒരു ചരിത്രപ്രക്രിയയാണ്. ദീർഘകാലമായി പാർലമെന്ററി അധികാരകേന്ദ്രിത രാഷ്ട്രീയം പാർട്ടിയുടെ ആന്തരിക സംസ്കാരത്തെയും പ്രവർത്തനരീതിയെയും ചിന്താശൈലിയെയും ക്രമേണ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യം സമൂഹപരിവർത്തനമാണെങ്കിൽ, പാർലമെന്ററി രാഷ്ട്രീയത്തിൽ അതിന്റെ പങ്കാളിത്തം ഒരു അടവുപരമായ ഉപകരണം മാത്രം ആയിരിക്കണം. തെരഞ്ഞെടുപ്പുകളും നിയമസഭകളും ഭരണസംവിധാനങ്ങളും ജനങ്ങളുമായുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഒരു രംഗം മാത്രമാണ്; അവ ഒരിക്കലും വിപ്ലവ രാഷ്ട്രീയത്തിന്റെ അന്തിമ ലക്ഷ്യമായി മാറരുത്. എന്നാൽ ചരിത്രപരമായി പല communist movements നും സംഭവിച്ചതുപോലെ, പാർലമെന്ററി ഇടപെടൽ ക്രമേണ സ്വതന്ത്രമായ ഒരു രാഷ്ട്രീയ യുക്തിയായി വളരുമ്പോൾ, അത് സംഘടനയുടെ മുഴുവൻ പ്രവർത്തനരീതിയെയും പുനർരൂപപ്പെടുത്താൻ തുടങ്ങും. അപ്പോൾ ജനസമരങ്ങൾ പോലും തിരഞ്ഞെടുപ്പ് വിജയത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാറ്റം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല; വളരെ സൂക്ഷ്മമായും ക്രമേണയുമായാണ് അത് വളരുന്നത്. ആദ്യം ജനകീയ സമരങ്ങൾ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾക്ക് കീഴ്പ്പെടുന്നു. ഏത് സമരം ഏറ്റെടുക്കണം, എത്ര ശക്തമായി മുന്നോട്ടുകൊണ്ടുപോകണം, ഏത് വിഷയത്തിൽ പ്രതിഷേധിക്കണം എന്നതുപോലും പലപ്പോഴും “ഇത് തിരഞ്ഞെടുപ്പിൽ ഗുണമാകുമോ?” എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടാൻ തുടങ്ങും. ജനങ്ങളുടെ യഥാർത്ഥ ജീവിതവൈരുധ്യങ്ങളെ രാഷ്ട്രീയമായി ഉയർത്തുന്നതിന് പകരം, തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന സ്വാധീനം ആണ് നിർണായക മാനദണ്ഡമാകുന്നത്.
പിന്നീട് പ്രത്യയശാസ്ത്ര വ്യക്തതയ്ക്ക് പകരം തിരഞ്ഞെടുപ്പ് യുക്തികൾക്ക് മുൻതൂക്കം ലഭിക്കുന്നു. പ്രത്യയശാസ്ത്ര ബോധത്തിന്റെ സ്ഥാനം രാഷ്ട്രീയ പ്രായോഗികത ഏറ്റെടുക്കുന്നു. അപ്പോൾ “ശരിയായ രാഷ്ട്രീയം എന്താണ്?” എന്ന ചോദ്യത്തേക്കാൾ “ജയിക്കാൻ ഉപകരിക്കുന്ന രാഷ്ട്രീയം എന്താണ്?” എന്ന ചോദ്യം പ്രധാനമാകും. ഭാഷയും രാഷ്ട്രീയ നിലപാടുകളും പോലും ജനങ്ങളുടെ വിമോചനബോധം വളർത്തുന്നതിനല്ല, മറിച്ച് വിവിധ വോട്ട് ബാങ്കുകളെ കൈകാര്യം ചെയ്യുന്നതിനായി രൂപപ്പെടാൻ തുടങ്ങും. അതോടെ രാഷ്ട്രീയത്തിന്റെ പരിവർത്തന ക്ഷമത ക്രമേണ ക്ഷയിക്കും.
അതിന് ശേഷം പാർട്ടി പ്രവർത്തനത്തിന്റെ കേന്ദ്രം ജനങ്ങളുമായുള്ള സജീവമായ രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മാറി അധികാരസംരക്ഷണം, ഇമേജ് മാനേജ്മെന്റ്, ഗ്രൂപ്പ് തുലനം, സ്ഥാനവിതരണം, മീഡിയ നരേറ്റീവ് നിയന്ത്രണം തുടങ്ങിയവയിലേക്ക് ചുരുങ്ങുന്നു. ഒരു വിപ്ലവസംഘടനയുടെ ആന്തരിക ഊർജ്ജം സാമൂഹിക വൈരുധ്യങ്ങളെ മനസ്സിലാക്കുന്നതിലും ജനങ്ങളെ അണിനിരത്തുന്നതിലും നിന്ന് മാറി, സംഘടനാ നിർവഹണഞങ്ങളിലേക്കും ഇലക്ടറൽ എൻജിനിയറിങ്ങിലേക്കും വഴുതിപ്പോകുന്നു. പാർട്ടിയുടെ സജീവ രാഷ്ട്രീയജീവിതം ക്രമേണ പ്രൊഫഷണൽ സ്വഭാവം സ്വീകരിക്കാൻ തുടങ്ങും.
ഒടുവിൽ, ഒരു വിപ്ലവ പ്രസ്ഥാനം “ജനങ്ങളെ മാറ്റുന്ന ശക്തി” എന്ന നിലയിൽ നിന്ന് “തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കുന്ന സ്ഥിരം സ്ഥാപനമായി” രൂപാന്തരപ്പെടാനുള്ള ഭീഷണി നേരിടുന്നു. അപ്പോൾ പാർട്ടി സമൂഹത്തിന്റെ പുരോഗമന ഭാവനയെ ഉണർത്തുന്ന ഒരു ചരിത്രശക്തി എന്നതിലുപരി, സ്റ്റാറ്റസ്കോയെ മാനേജ് ചെയ്യുന്ന ഒരു സ്ഥാപനം മാത്രം ആയി ചുരുങ്ങിപ്പോകാം. അതാണ് ജീർണതയുടെ ഏറ്റവും ഗുരുതരമായ രൂപം. കാരണം പുറത്തുനിന്ന് സംഘടന ശക്തമായി തുടരുന്നുവെന്നു തോന്നിയാലും, അതിന്റെ ആന്തരിക ആത്മാവ് ക്ഷയിച്ചുകൊണ്ടിരിക്കാം.
ഇത്തരം അവസ്ഥയിൽ സംഘടനയ്ക്കുള്ളിൽ അധികാരമോഹം വളരാൻ തുടങ്ങും. രാഷ്ട്രീയം സാമൂഹിക പരിവർത്തനത്തിന്റെ ദൗത്യം എന്നതിലുപരി, വ്യക്തിപരമായ ഉയർച്ചയുടെ വഴിയായി അനുഭവപ്പെടുമ്പോൾ അധികാരമോഹ മാനസികാവസ്ഥ ശക്തമാകും. അധികാര മനോഭാവം ക്രമേണ സഖാവ് ബോധത്തിനെ മാറ്റിസ്ഥാപിക്കും. “ജനസേവനം” എന്ന ഭാഷ നിലനിന്നാലും, അതിന്റെ ഉള്ളടക്കം സ്ഥാപനപരമായ അധികാര രൂപങ്ങളുടെയും ഭരണപരമായ നിയന്ത്രണത്തി ന്റെയും മനഃശാസ്ത്രത്തിലേക്ക് മാറിത്തുടങ്ങും.
അതോടൊപ്പം സവിശേഷാധികാരബോധം വളരും. വിപ്ലവകരമായ ലാളിത്യം എന്നതിന് പകരം യുടെ സ്ഥാനത്ത് അധികാര മനോഭാവം രൂപപ്പെടും. “നാം ഭരണത്തിലാണ്” എന്ന മനോഭാവം നേതാക്കളെയും പ്രവർത്തകരെയും സാധാരണ ജനങ്ങളുടെ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റാൻ തുടങ്ങും. അപ്പോൾ ജനങ്ങളുടെ വിമർശനങ്ങൾ പോലും “അറിവില്ലായ്മ” ആയി റദ്ദ് ചെയ്യപ്പെടാം. അധികാരപരിചയം ക്രമേണ രാഷ്ട്രീയ വിനയത്തെ ഇല്ലാതാക്കും.
വ്യക്തിപൂജയും ഈ സാഹചര്യത്തിൽ വളരാൻ തുടങ്ങും. കൂട്ടായ പ്രസ്ഥാനം എന്നതിനു പകരം വ്യക്തികേന്ദ്രിത രാഷ്ട്രീയ സംസ്കാരം ശക്തമാകും. സംഘടനയുടെ മുഴുവൻ രാഷ്ട്രീയ ബോധവും ഏതാനും നേതാക്കളുടെ വ്യക്തിത്വങ്ങളുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ വിമർശനാത്മക ചിന്ത ക്ഷയിക്കും. നേതാക്കളെ വിമർശിക്കുന്നത് സംഘടനയെ ആക്രമിക്കുന്നതാണെന്ന ധാരണ വളരുമ്പോൾ ഉൾപ്പാർട്ടി ജനാധിപത്യവും പ്രത്യയശാസ്ത്ര ബോധ്യങ്ങളും ദുർബലമാകും.
അതോടൊപ്പം നേതൃവിമർശന ഭയവും വളരും. അപ്പോൾ വിമർശനം തിരുത്തൽ പ്രക്രിയ എന്നതിലുപരി കൂറില്ലായ്മ ആയി ചിത്രീകരിക്കപ്പെടും. പല പ്രവർത്തകരും സംഘടനയുടെ ദീർഘകാല താൽപര്യത്തിനായി പോലും തുറന്ന് സംസാരിക്കാൻ മടിക്കും. പുറമേ ഐക്യം കാണപ്പെട്ടാലും, ഉള്ളിൽ നിശ്ശബ്ദമായ നൈരാശ്യം വളരും. ഇത് ഒരു വിപ്ലവ സംഘടനയുടെ ബൌദ്ധിക സജീവതയെ തന്നെ ബാധിക്കും.
ഇത്തരം സാഹചര്യത്തിൽ പാർട്ടിയുടെ അടിസ്ഥാന കാഡർമാർക്ക് രാഷ്ട്രീയം ഒരു സാമൂഹിക ദൗത്യമായി അല്ല, മറിച്ച് സുരക്ഷയും സ്ഥാനവും നൽകുന്ന തൊഴിലവസരമായി അനുഭവപ്പെടാൻ സാധ്യത വർധിക്കും. രാഷ്ട്രീയം “ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ സമർപ്പണം” എന്നതിൽ നിന്ന് “അധികാരഘടന” ആയി മാറുന്ന നിമിഷം മുതൽ വിപ്ലവപരമായ നൈതികത ക്ഷയിക്കാൻ തുടങ്ങും. അപ്പോൾ യുവാക്കൾ പ്രസ്ഥാനത്തിലേക്ക് വരുന്നത് സാമൂഹിക മാറ്റത്തിന്റെ സ്വപ്നം കൊണ്ടല്ല; മറിച്ച് സ്വാധീനം, അംഗീകാരം, എന്നിവയുടെ പ്രതീക്ഷയോടെയായിരിക്കും.
അതോടെ ത്യാഗം, സാമൂഹിക നൈതികത, ലാളിത്യം, സഖാവ് ബോധം, സ്വയം വിമർശനം തുടങ്ങിയ വിപ്ലവ രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ക്രമേണ ക്ഷയിക്കും. സഖാവ് ബോധത്തിന് പകരം മത്സരം വരും. കൂട്ടുത്തരവാദിത്തത്തിന് പകരം വ്യക്തിപരമായ പ്രവർത്തനങ്ങൾ ശക്തമാകും. ലാളിത്യത്തിന് പകരം ആഢംബര ശൈലികൾ രൂപപ്പെടും. ആത്മവിമർശനത്തിന് പകരം പ്രതിഛായാ മാനേജ് ചെയ്യൽ വളരും.
ഇവിടെ ഏറ്റവും അപകടകരമായ കാര്യം എന്തെന്നാൽ, ഈ മാറ്റങ്ങൾ പലപ്പോഴും സംഘടനയുടെ ഉള്ളിലുള്ളവർക്ക് പോലും ഉടൻ തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. കാരണം ജീർണനം പലപ്പോഴും പെട്ടെന്നുള്ള തകർച്ചആയി അല്ല, സാവകാശമുള്ള പ്രക്രിയ ആയി ആണ് സംഭവിക്കുന്നത്. ഇന്നലെ വിമർശിക്കപ്പെട്ടിരുന്ന പ്രവണതകൾ ഇന്ന് “പ്രായോഗിക ആവശ്യം” എന്ന പേരിൽ ന്യായീകരിക്കപ്പെടാൻ തുടങ്ങും. അതാണ് പ്രത്യയശാസ്ത്ര ജീർണനത്തിന്റെ ഏറ്റവും സങ്കീർണമായ രൂപം.
എന്നാൽ ഡയലക്ടിക്കൽ നിലപാടിൽ നോക്കുമ്പോൾ, ഈ വൈരുധ്യങ്ങളെ തിരിച്ചറിയുന്നത് തന്നെ പുനർജനനത്തിന്റെ ആദ്യപടിയാണ്. ഒരു വിപ്ലവ പ്രസ്ഥാനം സ്വന്തം ഉള്ളിലെ ജീർണതയെ തിരിച്ചറിയുകയും അതിനെ സത്യസന്ധമായി അഭിമുഖീകരിക്കുകയും ചെയ്യുന്ന നിമിഷത്തിലാണ് അതിന്റെ ചരിത്രശേഷി വീണ്ടും ഉണരാൻ സാധ്യതയുള്ളത്. കാരണം ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി അതിന്റെ തെറ്റില്ലായ്മയിൽ അല്ല; മറിച്ച് സ്വന്തം വൈരുധ്യങ്ങളെ ഉന്നത രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള കഴിവിലാണ്.

Leave a comment