ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സ്വഭാവത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് വസ്തുതകളെക്കാൾ പ്രതീതികൾക്ക് പ്രാധാന്യം ലഭിക്കുന്ന അവസ്ഥ. ഒരു രാഷ്ട്രീയ നേതാവിനെയോ രാഷ്ട്രീയ മുന്നണിയെയോ പരാജയപ്പെടുത്തുന്നതിനായി അവരുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും പരാജയങ്ങളെയും യുക്തിപൂർവം വിലയിരുത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പരമ്പരാഗത രാഷ്ട്രീയ രീതിക്ക് പകരം, എതിർപക്ഷ നേതാവിനെക്കുറിച്ച് ഒരു പ്രത്യേക പൊതുബോധം നിർമ്മിക്കുക എന്നത് ഇന്ന് ശക്തമായ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. അതിന്റെ ഭാഗമായി നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക, അർധസത്യങ്ങൾ പ്രചരിപ്പിക്കുക, യാഥാർഥ്യത്തിൽനിന്ന് വേർതിരിച്ചെടുത്ത വിവരങ്ങളെ പ്രത്യേക രാഷ്ട്രീയ സന്ദർഭത്തിൽ അവതരിപ്പിക്കുക, സംശയങ്ങൾക്ക് ആക്കം കൂട്ടുക, വ്യക്തിപരമായ ആരോപണങ്ങളെ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ രീതികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇവിടെ പ്രധാന ലക്ഷ്യം ഒരു ആരോപണം തെളിയിക്കുക എന്നതല്ല; ആ ആരോപണം ജനങ്ങളുടെ മനസ്സിൽ പതിപ്പിക്കുക എന്നതാണ്. ആരോപണം ശരിയാണോ തെറ്റാണോ എന്നതിനെക്കാൾ അത് എത്ര തവണ കേൾക്കുന്നു എന്നത് പൊതുബോധത്തെ സ്വാധീനിക്കുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഒരേ ആരോപണം പലതവണ ആവർത്തിക്കപ്പെടുമ്പോൾ, അതിന്റെ സത്യാവസ്ഥ പരിശോധിച്ചിട്ടില്ലാത്ത ഒരാളിൽ പോലും അത് പരിചിതമായ ഒരു വാദമായി മാറുകയും, പരിചിതത്വം ക്രമേണ വിശ്വാസത്തിന്റെ രൂപം കൈക്കൊള്ളുകയും ചെയ്യുന്നു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തുമ്പോൾ, പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള നിരന്തരമായ ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായോ സാധാരണ രാഷ്ട്രീയ വിമർശനങ്ങളായോ മാത്രം കാണുന്നത് മതിയാകില്ല. ബി.ജെ.പി.–യു.ഡി.എഫ്. രാഷ്ട്രീയ താൽപര്യങ്ങളുമായി ബന്ധപ്പെട്ട പ്രചാരണശക്തികൾ, സി.പി.എം. വിരുദ്ധ നിലപാടുകളുള്ള ചില മാധ്യമവൃത്തങ്ങൾ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലുകളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾ, സി.പി.ഐ.യിലെ ചില വിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ, സി.പി.എമ്മിലെ പഴയ വിഭാഗീയ സംഘർഷങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയെല്ലാം വ്യത്യസ്ത തലങ്ങളിൽ പരസ്പരം ശക്തിപ്പെടുത്തുന്ന ഒരു വിശാലമായ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. വിവിധ രാഷ്ട്രീയ–മാധ്യമ ശക്തികളുടെ പ്രചാരണങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുകയും അവയുടെ കൂട്ടഫലം ഒരേ രാഷ്ട്രീയ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടോ എന്നത് അവഗണിക്കാനാവാത്ത രാഷ്ട്രീയ ചോദ്യമാണ്.
ഒരു രാഷ്ട്രീയ നേതാവിന്റെയും ഒരു പാർട്ടിയുടെയും വിശ്വാസ്യതയും ജനസ്വീകാര്യതയും രാഷ്ട്രീയ സ്വാധീനവും തുടർച്ചയായ ആക്രമണങ്ങളിലൂടെ തകർക്കാനുള്ള രാഷ്ട്രീയ പദ്ധതി എന്ന അർത്ഥത്തിലാണ് ഇതിനെ മനസ്സിലാക്കേണ്ടത്. ഒരു നേതാവിനെ നിരന്തരം വിവാദങ്ങളുമായി ബന്ധിപ്പിക്കുക, അദ്ദേഹത്തെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾക്ക് അമിതമായ പ്രാധാന്യം നൽകുക, ഓരോ പുതിയ ആരോപണത്തെയും മുൻ ആരോപണങ്ങളുമായി ബന്ധിപ്പിക്കുക, വ്യക്തിയെ തന്നെയാക്കി രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രം മാറ്റുക—ഇവയെല്ലാം ചേർന്നാൽ ഒരു വ്യക്തിക്കെതിരായ പ്രചാരണം ക്രമേണ ഒരു രാഷ്ട്രീയ പ്രതീതി നിർമ്മാണ പദ്ധതിയായി മാറാം. അതിന്റെ ഫലമായി നേതാവിന്റെ യഥാർഥ ഭരണപ്രവർത്തനങ്ങളും രാഷ്ട്രീയ നിലപാടുകളും ജനങ്ങളുടെ വിലയിരുത്തലിൽനിന്ന് പിന്നിലേക്കു നീങ്ങുകയും, അദ്ദേഹത്തെക്കുറിച്ച് നിർമ്മിക്കപ്പെട്ട പ്രതീതി തന്നെയാണ് പ്രധാന രാഷ്ട്രീയ വസ്തുതയായി മാറുകയും ചെയ്യുന്നത്.
ഇവിടെയാണ് പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യമിടുന്നതും സി.പി.എമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്നതും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടത്. കേരളത്തിലെ സി.പി.എം.യുടെ രാഷ്ട്രീയ ഘടനയിൽ പിണറായി വിജയൻ നിർണായകമായ ഒരു നേതൃകേന്ദ്രമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ തകർക്കാൻ കഴിയുന്നത് പാർട്ടിയുടെ മൊത്തത്തിലുള്ള രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കുമെന്ന കണക്കുകൂട്ടൽ എതിരാളികൾക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനാൽ ‘ലക്ഷ്യം പിണറായി മാത്രമല്ല; പിണറായിയെ ലക്ഷ്യമിടുന്നതിലൂടെ സി.പി.എമ്മിന്റെ രാഷ്ട്രീയ ശക്തിയെ ദുർബലപ്പെടുത്തുക’ എന്നതു തന്നെ ആണ്. ഒരു നേതാവിനെ ചുറ്റിപ്പറ്റി സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, അതിന്റെ ആഘാതം; അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കും സംഘടനയ്ക്കും സർക്കാരിനും അതിന്റെ പ്രത്യാഘാതമുണ്ടാകാം.
എന്നാൽ ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ സംഘടിത ഗൂഢാലോചനകളെ തുറന്നുകാട്ടുക എന്നത് കൂടിയാണ്. ആർക്കാണ് രാഷ്ട്രീയമായി നേട്ടമുണ്ടാകുന്നത്, ഏത് ആഖ്യാനമാണ് നിരന്തരം ആവർത്തിക്കപ്പെടുന്നത്, ഏത് വിഷയങ്ങളാണ് പൊതുചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരപ്പെടുന്നത്, ഏതൊക്കെ ആരോപണങ്ങളാണ് തെളിവുകൾക്കപ്പുറം പ്രതീതിയുടെ രൂപത്തിൽ നിലനിൽക്കുന്നത് എന്നതിനെ ശാസ്ത്രീയമായി പരിശോധിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ വിശകലനം വ്യക്തികളെ കുറ്റപ്പെടുത്തുന്നതിലല്ല, പ്രവർത്തനരീതികളെയും വിവരപ്രവാഹങ്ങളെയും അവയുടെ രാഷ്ട്രീയ ഫലങ്ങളെയും തിരിച്ചറിയുന്നതിലാണ് ശക്തമാകുന്നത്.
ഇവിടെയാണ് സി.പി.എം. ന് മുന്നിൽ ഒരു നിർണായക സംഘടനാപരമായ ഉത്തരവാദിത്തം ഉയരുന്നത്. പിണറായി വിജയനേ പോലുള്ള ഒരു പ്രധാന നേതാവിനെതിരായ സംഘടിതമായ വ്യാജപ്രതീതിനിർമ്മാണം അവഗണിക്കാനും പാടില്ല. പാർടി നേതാവിന്റെ പ്രതിച്ഛായയെ സംരക്ഷിക്കുന്നത് പാർട്ടിയുടെ രാഷ്ട്രീയ വിശ്വാസ്യത സംരക്ഷിക്കുന്നതിന് അതിപ്രധാനമാണ് . ഓരോ ആരോപണവും തെളിവിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും യഥാർഥ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുകയും വ്യാജപ്രചാരണങ്ങൾ ഉണ്ടെങ്കിൽ അതിവേഗം തുറന്നുകാട്ടുകയും വേണം.
അതിനാൽ ഈ ഘട്ടത്തിൽ ആവശ്യമുള്ളത് വികാരപരമായ പ്രതിരോധമല്ല, സംഘടിതവും ശാസ്ത്രീയവും ജാഗ്രതയുള്ളതുമായ രാഷ്ട്രീയ പ്രതിരോധമാണ്. പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരും അനുഭാവികളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും യാഥാർഥ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാകണം. എന്നാൽ അതിനർത്ഥം എല്ലാ വിമർശകരെയും ശത്രുക്കളായി കാണുകയോ എല്ലാ ആരോപണങ്ങളെയും പ്രചാരവേലക്ക് പിറകിലുള്ള വ്യാജമെന്ന് പ്രഖ്യാപിക്കുകയോ അല്ല. മറിച്ച് തെളിവുള്ള വിമർശനത്തെ അംഗീകരിക്കുകയും അടിസ്ഥാനരഹിതമായ പ്രചാരണത്തെ വസ്തുതകളിലൂടെ ചെറുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പക്വതയാണ് ആവശ്യം.
കാരണം ഒരു രാഷ്ട്രീയ നേതാവിനെ തകർക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം അദ്ദേഹത്തിനെതിരെ ഒരു വലിയ ആരോപണം മാത്രം ഉന്നയിക്കുക എന്നതല്ല; അദ്ദേഹത്തെക്കുറിച്ചുള്ള വിശ്വാസം ക്രമേണ ഇല്ലാതാക്കുക എന്നതാണ്. അതിനാൽ ഈ പോരാട്ടം ഒരു വ്യക്തിയുടെ പ്രതിച്ഛായയ്ക്കുവേണ്ടിയുള്ള പോരാട്ടമായി ചുരുക്കാതെ, വസ്തുതയ്ക്കും ജനാധിപത്യ രാഷ്ട്രീയ സംവാദത്തിനും വേണ്ടിയുള്ള പോരാട്ടമായി ഉയർത്തേണ്ടതുണ്ട്. പിണറായി വിജയനെക്കുറിച്ചുള്ള വിലയിരുത്തൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ തെളിവുകളെയും ഭരണത്തിന്റെ ഫലങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അടിസ്ഥാനമാക്കിയാകണം; ആവർത്തിച്ചുകേൾക്കുന്ന ആരോപണങ്ങളെയും നിർമ്മിത പ്രതീതികളെയും അടിസ്ഥാനമാക്കിയാകരുത്.
ഇതാണ് ഇപ്പോഴത്തെ ഘട്ടത്തിലെ യഥാർഥ രാഷ്ട്രീയ വെല്ലുവിളി. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഓരോ പ്രചാരണത്തിന്റെയും പിന്നിൽ ആരാണെന്നും, ആ പ്രചാരണം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയുക; ഓരോ ആരോപണത്തിനും രാഷ്ട്രീയ മുദ്രാവാക്യങ്ങളാൽ മറുപടി നൽകുന്നതിനേക്കാൾ തെളിവുകൾ മുന്നോട്ടുവയ്ക്കുക; പാർട്ടിയുടെ രാഷ്ട്രീയ വിശ്വാസ്യതയും ജനങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്തുക. അങ്ങനെ മാത്രമേ വ്യാജപ്രതീതിനിർമ്മാണത്തിന്റെ രാഷ്ട്രീയത്തെ ഫലപ്രദമായി ചെറുക്കാനും സി.പി.എമ്മിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ ശക്തിയെ കൂടുതൽ ഉറപ്പിക്കാനും കഴിയൂ.
ഇത് മനുഷ്യന്റെ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രതിഭാസത്തെയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നു. ഒരു വിവരം നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള പരിചിതത്വം വർധിക്കുകയും, ചില സാഹചര്യങ്ങളിൽ ആ പരിചിതത്വം അതിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള തെറ്റായ ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ ശക്തി തെളിവിലാണ്; എന്നാൽ വ്യാജപ്രചാരണത്തിന്റെ ശക്തി ആവർത്തനത്തിലാണ്. അതുകൊണ്ടാണ് ഒരിക്കൽ സൃഷ്ടിച്ചെടുത്ത ഒരു ആരോപണം പത്രവാർത്തകളിലും ടെലിവിഷൻ ചർച്ചകളിലും സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളിലും ദൃശ്യങ്ങളിലും വീഡിയോ സന്ദേശങ്ങളിലും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഓരോ പുതിയ ആവർത്തനവും മുൻപ് കേട്ട ആരോപണത്തെ ഓർമ്മിപ്പിക്കുകയും, പിന്നീട് വരുന്ന ചർച്ചകൾക്ക് അതിനെ ഒരു മുൻധാരണയായി ഉപയോഗിക്കുകയും ചെയ്യുന്നു. അങ്ങനെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആരോപണം തന്നെ അടുത്ത ആരോപണത്തിന്റെ അടിസ്ഥാനമായി മാറുന്നു. ഒടുവിൽ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതില്ലാത്തവിധം അത് പൊതുചർച്ചയുടെ ഒരു ‘അറിയപ്പെട്ട വസ്തുത’യായി മാറുന്നു. വിവരത്തിന്റെ ആവർത്തനം തെളിവിന്റെ പകരക്കാരനാകുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെടുന്നത്.
ഇത്തരം രാഷ്ട്രീയ തന്ത്രത്തിന്റെ അടുത്ത ഘട്ടം എതിർപക്ഷ നേതാവിന്റെ വ്യക്തിത്വത്തെ ലക്ഷ്യമിടുന്നതാണ്. രാഷ്ട്രീയ നയങ്ങളെ നേരിട്ട് നേരിടുന്നതിനുപകരം വ്യക്തിയുടെ വിശ്വാസ്യത തകർക്കുക എന്നതാണ് എളുപ്പമുള്ള മാർഗം. ഒരാളെ അഴിമതിയുടെ പ്രതീകമായി ചിത്രീകരിക്കുക, സ്വജനപക്ഷപാതം ആരോപിക്കുക, അധികാരദുർവിനിയോഗവുമായി ബന്ധിപ്പിക്കുക, ധാർമികമായി സംശയാസ്പദനായ വ്യക്തിയായി അവതരിപ്പിക്കുക, ജനങ്ങളിൽ അദ്ദേഹത്തെക്കുറിച്ച് ഒരു സ്ഥിരമായ അവിശ്വാസം വളർത്തുക—ഇവയെല്ലാം അതിന്റെ ഭാഗമാണ്. ഇതോടെ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രം ‘അദ്ദേഹം എന്താണ് ചെയ്തത്?’ എന്ന ചോദ്യത്തിൽനിന്ന് ‘അദ്ദേഹത്തെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നത്?’ എന്ന ചോദ്യത്തിലേക്ക് മാറുന്നു. ഈ മാറ്റം വളരെ നിർണായകമാണ്. കാരണം ഒരു വ്യക്തിയുടെ നയത്തെക്കുറിച്ച് വസ്തുതാപരമായി ചർച്ച ചെയ്യാൻ തെളിവുകളും കണക്കുകളും നയപരമായ താരതമ്യങ്ങളും ആവശ്യമാണ്. എന്നാൽ ഒരാളെക്കുറിച്ച് സംശയം സൃഷ്ടിക്കാൻ തെളിവ് ആവശ്യമില്ല; സംശയം തന്നെ വീണ്ടും വീണ്ടും ഉന്നയിച്ചാൽ മതി.
ഇവിടെ രാഷ്ട്രീയ എതിരാളിയെ പരാജയപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളെ പരാജയപ്പെടുത്തുന്നതിലൂടെയല്ല, മറിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ജനങ്ങളുടെ മനോഭാവം മാറ്റുന്നതിലൂടെയാണ്. ഒരിക്കൽ ഒരു നേതാവിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയം പൊതുബോധത്തിൽ സ്ഥാപിക്കപ്പെട്ടാൽ, പിന്നീട് അദ്ദേഹം പറയുന്ന ശരിയായ കാര്യങ്ങൾ പോലും സംശയത്തോടെ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്. മറുവശത്ത്, അദ്ദേഹത്തിനെതിരായ പുതിയ ആരോപണങ്ങൾ മുൻപ് നിർമ്മിച്ച സംശയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിശ്വസനീയമായി തോന്നുകയും ചെയ്യും. ഇങ്ങനെ ഒരു സ്വയം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ ചക്രം രൂപപ്പെടുന്നു: ആരോപണം → ആവർത്തനം → സംശയം → പ്രതിച്ഛായ തകർച്ച → പുതിയ ആരോപണങ്ങൾക്ക് കൂടുതൽ വിശ്വാസ്യത → വീണ്ടും ആവർത്തനം. ഈ ചക്രം തകർക്കുക വളരെ പ്രയാസകരമാണ്.
സാമൂഹികമാധ്യമങ്ങളുടെ വ്യാപനം ഈ രാഷ്ട്രീയ തന്ത്രത്തിന് മുമ്പുണ്ടായിരുന്നതിലേക്കാൾ വലിയ വേഗവും വ്യാപ്തിയും നൽകിയിരിക്കുന്നു. മുമ്പ് ഒരു രാഷ്ട്രീയ പ്രചാരണം പ്രധാനമായും പത്രം, റേഡിയോ, ടെലിവിഷൻ, പൊതുയോഗങ്ങൾ, പോസ്റ്ററുകൾ, ലഘുലേഖകൾ തുടങ്ങിയ പരിമിതമായ ആശയവിനിമയ മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് ഓരോ വ്യക്തിയുടെയും കൈയിലുള്ള മൊബൈൽ ഫോൺ തന്നെ ഒരു വാർത്താവിതരണ സംവിധാനവും പ്രചാരണ ഉപകരണവുമായി മാറിയിരിക്കുന്നു. ഒരു ആരോപണം ഏതാനും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാം. അതിന്റെ ദൃശ്യരൂപം മാറ്റാം, ചെറിയ വീഡിയോയാക്കാം, പരിഹാസചിത്രമാക്കാം, സന്ദർഭത്തിൽനിന്ന് വേർതിരിച്ചെടുത്ത ഒരു പ്രസ്താവനയുമായി ബന്ധിപ്പിക്കാം, വ്യത്യസ്ത തലക്കെട്ടുകളോടെ വീണ്ടും പ്രചരിപ്പിക്കാം. പിന്നീട് മറ്റൊരു മാധ്യമത്തിൽ അതേ ആരോപണം പ്രത്യക്ഷപ്പെടുമ്പോൾ, സാമൂഹികമാധ്യമങ്ങളിൽ നേരത്തെ കണ്ടതിനാൽ അത് ജനങ്ങൾക്ക് പരിചിതമായി തോന്നുന്നു. ഇങ്ങനെ വിവിധ ഉറവിടങ്ങളിൽനിന്ന് ഒരേ വാദം വരുന്നതായി തോന്നുമ്പോൾ, യഥാർഥത്തിൽ അവയെല്ലാം ഒരേ പ്രചാരണശൃംഖലയുടെ ആവർത്തനങ്ങളായിരിക്കാമെന്ന കാര്യം പൊതുജനങ്ങൾ പലപ്പോഴും തിരിച്ചറിയുന്നില്ല.
ഇതോടൊപ്പം കൃത്രിമ ദൃശ്യങ്ങൾ, തിരുത്തിയ വീഡിയോകൾ, സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത പ്രസ്താവനകൾ, തെറ്റായ തലക്കെട്ടുകൾ, പഴയ സംഭവങ്ങളെ പുതിയ സംഭവങ്ങളായി അവതരിപ്പിക്കൽ, കണക്കുകളുടെ ഭാഗിക ഉപയോഗം തുടങ്ങിയവയും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഒരു വ്യാജവാർത്തയുടെ ആയുസ്സ് അതിന്റെ യാഥാർഥ്യവുമായി ബന്ധപ്പെട്ടു നിൽക്കണമെന്നില്ല; അതിന്റെ പ്രചരണശേഷിയുമായാണ് പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നത്. ഒരു തെറ്റായ വിവരം ഒരിക്കൽ വലിയ തോതിൽ പ്രചരിച്ചശേഷം അതിനെ നിഷേധിക്കുന്ന വസ്തുതാപരമായ വിശദീകരണം അതേ വേഗത്തിൽ ജനങ്ങളിലെത്തണമെന്നില്ല. മാത്രമല്ല, നിഷേധം വായിക്കുമ്പോൾ പോലും ചിലരുടെ മനസ്സിൽ ആദ്യം കേട്ട ആരോപണം വീണ്ടും സജീവമാകാം. അതിനാൽ വ്യാജപ്രചാരണത്തെ നേരിടുന്നത് വെറും ‘തെറ്റാണ്’ എന്ന് പറയുന്നതിലൂടെ പൂർത്തിയാകുന്ന പ്രവർത്തിയല്ല.
ഇവിടെ നിന്നാണ് ഇന്നത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ മറ്റൊരു നിർണായക സ്വഭാവം വ്യക്തമാകുന്നത്. വിവരത്തെ നിയന്ത്രിക്കുന്നതല്ല, വിവരത്തിന്റെ അർത്ഥത്തെ നിയന്ത്രിക്കുന്നതാണ് കൂടുതൽ പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തി. ഒരേ സംഭവത്തെ രണ്ടു രാഷ്ട്രീയ ശക്തികൾക്ക് രണ്ടു വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാം. ഒരു വിഭാഗത്തിന് അത് ഭരണപരമായ നേട്ടമായിരിക്കാം; മറ്റൊരാൾക്ക് അത് പരാജയത്തിന്റെ തെളിവായിരിക്കാം. അതിനാൽ ജനാധിപത്യത്തിലെ രാഷ്ട്രീയ പോരാട്ടം വസ്തുതകളുടെ കൈമാറ്റം മാത്രമല്ല; വസ്തുതകൾക്ക് അർത്ഥം നൽകാനുള്ള പോരാട്ടം കൂടിയാണ്. ഏത് സംഭവമാണ് പ്രധാനമെന്ന് തീരുമാനിക്കുന്നത്, ഏത് സംഭവമാണ് അവഗണിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്, ഏത് വിഷയത്തെക്കുറിച്ചാണ് ജനങ്ങൾ ചർച്ച ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത്—ഇവയെല്ലാം രാഷ്ട്രീയ ശക്തിയുടെ ഭാഗങ്ങളായി മാറിയിരിക്കുന്നു.
ഇതുകൊണ്ടുതന്നെ ഇന്നത്തെ തെരഞ്ഞെടുപ്പ് പോരാട്ടം വോട്ടർമാരോട് ‘ഞങ്ങൾ എന്ത് ചെയ്തു’ എന്ന് പറയുന്നതിൽ മാത്രം വിജയിക്കില്ല. ‘ജനങ്ങൾ എന്താണ് വിശ്വസിക്കുന്നത്?’ എന്ന ചോദ്യവും അത്രതന്നെ പ്രധാനമാണ്. ഒരു സർക്കാർ നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവയെക്കുറിച്ചുള്ള ജനങ്ങളുടെ അറിവ് പരിമിതമാണെങ്കിൽ അതിന്റെ രാഷ്ട്രീയ നേട്ടം സ്വാഭാവികമായി വോട്ടായി മാറണമെന്നില്ല. മറുവശത്ത്, ഒരു ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അത് നിരന്തരം കേൾക്കുന്ന ജനങ്ങളിൽ അതിന്റെ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാം. അതിനാൽ യാഥാർഥ്യവും ജനങ്ങളുടെ യാഥാർഥ്യബോധവും തമ്മിലുള്ള വ്യത്യാസം ഇന്നത്തെ രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഘടകമായി മാറിയിരിക്കുന്നു.
കേരളത്തിലെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തെ ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. യു.ഡി.എഫിന് ലഭിച്ച വൻ വിജയത്തെ ഒരു കാരണത്തിലേക്ക് ചുരുക്കുന്നത് ശാസ്ത്രീയമായ രാഷ്ട്രീയ വിശകലനമല്ല. ഭരണവിരുദ്ധ വികാരം, പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ, സ്ഥാനാർഥികളുടെ വ്യക്തിപരമായ സ്വാധീനം, സംഘടനാപരമായ ശക്തി, വിവിധ സാമൂഹിക വിഭാഗങ്ങളിലെ രാഷ്ട്രീയ ചലനങ്ങൾ, സർക്കാരിനെക്കുറിച്ചുള്ള ജനങ്ങളുടെ വിലയിരുത്തൽ, ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം തുടങ്ങിയ നിരവധി ഘടകങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാൽ അതോടൊപ്പം തന്നെ മാധ്യമങ്ങളെയും സാമൂഹികമാധ്യമങ്ങളെയും ഉപയോഗിച്ച് എൽ.ഡി.എഫിനെക്കുറിച്ചും അതിന്റെ നേതാക്കളെക്കുറിച്ചും ഒരു പ്രത്യേക പൊതുബോധം നിർമ്മിക്കാൻ കഴിഞ്ഞതും, അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിയാതെ പോയതും ഗൗരവമായി പരിശോധിക്കേണ്ട രാഷ്ട്രീയ ഘടകങ്ങളാണ്. ഇതിനെ ഒരു പ്രത്യേക ആരോപണത്തിന്റെ ശരി–തെറ്റ് എന്ന തലത്തിൽ മാത്രം കാണുന്നത് പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാൻ പര്യാപ്തമല്ല. ഇവിടെ പരിശോധിക്കേണ്ടത് ആരോപണങ്ങൾ എങ്ങനെ രാഷ്ട്രീയ പ്രതീതികളായി മാറി എന്നതാണ്.
ഒരു ആരോപണം ഉന്നയിക്കുക, അത് വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക, സാമൂഹികമാധ്യമങ്ങളിൽ അതിന് കൂടുതൽ പ്രചാരണം നൽകുക, അതിനെ അടിസ്ഥാനമാക്കി ടെലിവിഷൻ ചർച്ചകൾ സംഘടിപ്പിക്കുക, പിന്നീട് ആ ചർച്ചകളെ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക, തുടർന്ന് അതേ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ആരോപണങ്ങൾ ഉന്നയിക്കുക—ഇത്തരമൊരു ആവർത്തനചക്രം സൃഷ്ടിക്കപ്പെടുമ്പോൾ ആരോപണം തന്നെ ഒരു രാഷ്ട്രീയ യാഥാർഥ്യമായി അനുഭവപ്പെടുന്നു. ഒരു വാർത്തയുടെ യാഥാർഥ്യം അതിന്റെ ഉള്ളടക്കത്തിൽ മാത്രമല്ല, അത് എത്രമാത്രം പൊതുചർച്ചയുടെ ഭാഗമാകുന്നു എന്നതിലും ആശ്രയിക്കുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ മുന്നണിക്കെതിരെ നിരന്തരം ഒരേ തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ, ഓരോ ആരോപണത്തിനും പ്രത്യേകം മറുപടി നൽകുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാവില്ല. ആരോപണങ്ങളെ സൃഷ്ടിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന സമഗ്രമായ രാഷ്ട്രീയ ആഖ്യാനം തിരിച്ചറിയേണ്ടതുണ്ട്.
എൽ.ഡി.എഫിന്റെ ഭാഗത്തുണ്ടായ പ്രധാനപ്പെട്ട തന്ത്രപരമായ പരിമിതികളിലൊന്ന് ഇതായിരുന്നു എന്ന് വിലയിരുത്താം. പല സന്ദർഭങ്ങളിലും പ്രതിരോധം ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിൽ ഒതുങ്ങി. എന്നാൽ എതിർപക്ഷം ഇതിനകം നിർണയിച്ച രാഷ്ട്രീയ ചട്ടക്കൂടിനുള്ളിൽനിന്ന് മറുപടി നൽകുമ്പോൾ ചർച്ചയുടെ വിഷയം, ഭാഷ, മുൻഗണന, സമയക്രമം എന്നിവ നിർണയിക്കുന്ന അധികാരം മറുവശത്തുതന്നെ തുടരും. ഒരു ആരോപണത്തിന് മറുപടി പറയുമ്പോൾ തന്നെ ആ ആരോപണം വീണ്ടും ജനങ്ങളുടെ മുന്നിലെത്തുകയാണ് ചെയ്യുന്നത്. അതിനാൽ പ്രതിരോധ രാഷ്ട്രീയത്തിന്റെ അടിസ്ഥാനപരമായ പരിമിതി ഇവിടെ വ്യക്തമാണ്: മറ്റൊരാൾ നിർമിച്ച ആഖ്യാനത്തെ നിഷേധിക്കുന്നതുകൊണ്ട് മാത്രം സ്വന്തം രാഷ്ട്രീയ ആഖ്യാനം നിർമ്മിക്കാനാവില്ല.
ഇതിനുപകരം ആവശ്യമായത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ഒരു സജീവ രാഷ്ട്രീയ ആശയവിനിമയ തന്ത്രമാണ്. വ്യാജവിവരങ്ങൾ പ്രചരിച്ചശേഷം അവയ്ക്ക് മറുപടി നൽകുന്നതിന് പകരം, അവയുടെ സാധ്യതയുള്ള രൂപങ്ങൾ മുൻകൂട്ടി തിരിച്ചറിയുകയും അതിവേഗം വസ്തുതകൾ പുറത്തുകൊണ്ടുവരികയും വേണം. എന്നാൽ അതും മാത്രം പോരാ. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ലളിതവും വ്യക്തവുമായ ഭാഷയിൽ സ്വന്തം രാഷ്ട്രീയ നിലപാടുകളും നയങ്ങളും നേട്ടങ്ങളും വിശദീകരിക്കണം. സങ്കീർണ്ണമായ ഭരണനേട്ടങ്ങളെ ജനങ്ങളുടെ ദൈനംദിന അനുഭവങ്ങളുമായി ബന്ധിപ്പിക്കണം. സർക്കാർ എന്ത് ചെയ്തു എന്നതിനൊപ്പം അത് ഒരു സാധാരണ കുടുംബത്തിന്റെ ജീവിതത്തിൽ എന്ത് മാറ്റം സൃഷ്ടിച്ചു എന്നും വ്യക്തമാക്കണം. കണക്കുകൾ മാത്രം നൽകുന്നതിനു പകരം കണക്കുകളുടെ സാമൂഹിക അർത്ഥം വിശദീകരിക്കണം.
അതോടൊപ്പം ഒരു ആധുനിക രാഷ്ട്രീയ ആശയവിനിമയ സംവിധാനം കേന്ദ്രീകൃത പ്രചാരണമാത്രമാകരുത്. സമൂഹത്തിന്റെ വിവിധ തലങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന, പ്രാദേശിക പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, വസ്തുതകൾ പരിശോധിക്കുന്ന, തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്ന, അതിവേഗം പ്രതികരിക്കുന്ന ഒരു ശൃംഖല ആവശ്യമാണ്. പ്രാദേശികതലത്തിൽ ഉയരുന്ന ആരോപണം മണിക്കൂറുകൾക്കുള്ളിൽ പരിശോധിച്ച് അതിന്റെ വസ്തുതാപരമായ സ്ഥിതി വ്യക്തമാക്കാൻ കഴിയണം. അതിന് മാധ്യമപ്രവർത്തകർ, വിവരവിശകലന വിദഗ്ധർ, സാമൂഹികമാധ്യമ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, വിഷയവിദഗ്ധർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരുടെ ഏകോപിത പ്രവർത്തനം ആവശ്യമാണ്. എന്നാൽ ഇതിന്റെ ലക്ഷ്യം വ്യാജപ്രചാരണത്തിന് മറുപടിയായി മറ്റൊരു വ്യാജപ്രചാരണം സൃഷ്ടിക്കുക എന്നതാകരുത്. സത്യത്തെ കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.
ഇവിടെ ഒരു അടിസ്ഥാന ജനാധിപത്യ തത്വം കൂടി ഓർക്കേണ്ടതുണ്ട്. വ്യാജപ്രചാരണത്തെ പ്രതിരോധിക്കുന്നതിന്റെ പേരിൽ എല്ലാ വിമർശനങ്ങളെയും വ്യാജമെന്ന് മുദ്രകുത്തുന്നത് അപകടകരമാണ്. ജനാധിപത്യത്തിൽ സർക്കാരിനെയും രാഷ്ട്രീയ നേതാക്കളെയും ശക്തമായി വിമർശിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കും പൗരന്മാർക്കും പ്രതിപക്ഷത്തിനും ഉണ്ട്. യഥാർഥ വിമർശനവും വ്യാജപ്രചാരണവും തമ്മിലുള്ള വ്യത്യാസം കൃത്യമായി തിരിച്ചറിയുകയാണ് പ്രധാനം. ഒരു ആരോപണം അസൗകര്യകരമാണെന്ന കാരണത്താൽ അത് വ്യാജമാകുന്നില്ല. അതുപോലെ ഒരു ആരോപണം നിരന്തരം ആവർത്തിക്കപ്പെടുന്നു എന്ന കാരണത്താൽ അത് സത്യവുമാകുന്നില്ല. തെളിവാണ് മാനദണ്ഡം; ആവർത്തനമല്ല. അതുകൊണ്ട് രാഷ്ട്രീയ സംഘടനകൾ തന്നെ വസ്തുതാപരമായ പരിശോധനയ്ക്ക് തുറന്നുനിൽക്കുന്ന ഒരു സംസ്കാരം വളർത്തേണ്ടതുണ്ട്.
ഇതോടൊപ്പം മാധ്യമങ്ങളുടെ പങ്കും ഗൗരവമായി പരിശോധിക്കേണ്ടതാണ്. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. എന്നാൽ വാർത്തയും അഭിപ്രായവും തമ്മിലുള്ള അതിർത്തി മങ്ങുകയും, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ‘ചർച്ച’ എന്ന പേരിൽ നിരന്തരം പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ മാധ്യമത്തിന്റെ അജണ്ട നിർണയശക്തി തന്നെ രാഷ്ട്രീയ ആയുധമായി മാറാം. ഒരു ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെക്കുറിച്ച് ദിവസങ്ങളോളം ചർച്ച നടത്തുന്നത് ജനങ്ങളുടെ മനസ്സിൽ അതിന്റെ പ്രാധാന്യം കൃത്രിമമായി വർധിപ്പിക്കാം. അതുകൊണ്ട് മാധ്യമ സാക്ഷരതയും പൊതുജനങ്ങളുടെ വിമർശനാത്മക ചിന്തയും ജനാധിപത്യ സംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളായി മാറുന്നു.
സാമൂഹികമാധ്യമങ്ങളുടെ കാലത്ത് ഇതിന് മറ്റൊരു തലവും ഉണ്ട്. മുമ്പ് ഒരു പൗരൻ വാർത്ത സ്വീകരിക്കുന്നവനായിരുന്നു; ഇന്ന് അദ്ദേഹം വാർത്തയുടെ പ്രചാരകനുമാണ്. ഒരു സന്ദേശം ശരിയാണോ എന്ന് പരിശോധിക്കാതെ പങ്കുവയ്ക്കുന്ന ഓരോ വ്യക്തിയും അറിയാതെയെങ്കിലും ഒരു രാഷ്ട്രീയ പ്രചാരണശൃംഖലയുടെ ഭാഗമാകാം. അതിനാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികളുടെയോ മാധ്യമങ്ങളുടെയോ മാത്രം ഉത്തരവാദിത്തമല്ല. വിവരം സ്വീകരിക്കുന്ന ഓരോ പൗരന്റെയും വിമർശനാത്മക ചിന്താശേഷി ജനാധിപത്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫിന്റെ മുന്നിലുള്ള ചോദ്യം ‘എങ്ങനെ കൂടുതൽ പ്രചാരണം നടത്താം?’ എന്നത് മാത്രമല്ല. അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം ‘എങ്ങനെ വിശ്വാസ്യതയുള്ള ഒരു രാഷ്ട്രീയ ആശയവിനിമയ സംവിധാനം നിർമ്മിക്കാം?’ എന്നതാണ്. വ്യാജവിവരങ്ങൾ തിരിച്ചറിയാൻ കഴിയുന്ന സംവിധാനം, വസ്തുതകൾ അതിവേഗം പരിശോധിക്കാൻ കഴിയുന്ന സംവിധാനം, ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങൾ എത്തിക്കാൻ കഴിയുന്ന സംവിധാനം, സ്വന്തം നയങ്ങളെ ലളിതമായി വിശദീകരിക്കാൻ കഴിയുന്ന സംവിധാനം, തെറ്റുകൾ സംഭവിച്ചാൽ അവ അംഗീകരിച്ച് തിരുത്താൻ കഴിയുന്ന രാഷ്ട്രീയ സംസ്കാരം, ജനങ്ങളുമായി ഏകപക്ഷീയമായ പ്രചാരണബന്ധത്തിനു പകരം ഇരുവഴിയിലുള്ള ആശയവിനിമയം—ഇവയെല്ലാം അതിന്റെ ഭാഗമാകണം.
അതോടൊപ്പം രാഷ്ട്രീയ സംഘടനകൾ സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ യഥാർഥ അനുഭവങ്ങളെയും നിരന്തരം വിലയിരുത്തണം. എല്ലാ പരാജയങ്ങളും വ്യാജപ്രചാരണത്തിന്റെ ഫലമാണെന്ന് പറയുന്നത് സ്വയംവഞ്ചനയായിരിക്കും. ജനങ്ങൾക്ക് യഥാർഥ അസന്തോഷമുണ്ടെങ്കിൽ അത് കേൾക്കുകയും പരിഹരിക്കുകയും വേണം. ഭരണപരമായ വീഴ്ചകൾ ഉണ്ടെങ്കിൽ അവ സമ്മതിക്കുകയും തിരുത്തുകയും വേണം. ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ യഥാർഥ പരിഹാരങ്ങൾ നൽകാതെ ആശയവിനിമയ തന്ത്രം മാത്രം മെച്ചപ്പെടുത്തുന്നതിലൂടെ ദീർഘകാല രാഷ്ട്രീയ വിശ്വാസ്യത നേടാനാവില്ല. രാഷ്ട്രീയ ആശയവിനിമയത്തിന്റെ ശക്തി ഒടുവിൽ യാഥാർഥ്യമായ ഭരണപ്രവർത്തനത്തിന്റെ ശക്തിയിലാണ് നിലനിൽക്കുന്നത്.
അതിനാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വൻ വിജയത്തെ ഒരു ഏകകാരണംകൊണ്ട് വിശദീകരിക്കുകയോ, അതിനെ മുഴുവൻ വ്യാജപ്രചാരണത്തിന്റെ ഫലമായി ചുരുക്കുകയോ ചെയ്യുന്നത് ശരിയല്ല. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ യാഥാർഥ്യവും യാഥാർഥ്യത്തെക്കുറിച്ചുള്ള പൊതുബോധവും തമ്മിലുള്ള വ്യത്യാസം നിർണായകമാണെന്ന പാഠം അവഗണിക്കാനും കഴിയില്ല. ഒരു രാഷ്ട്രീയ മുന്നണി യാഥാർഥ്യത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽ മറ്റൊരു ധാരണയാണ് നിലനിൽക്കുന്നതെങ്കിൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിധി നിർണയിക്കുന്നത് പലപ്പോഴും ആ ധാരണയായിരിക്കും. അതിനാൽ ഭരണനേട്ടങ്ങൾ മാത്രം മതിയാകില്ല; അവയെക്കുറിച്ചുള്ള വിശ്വസനീയമായ അറിവും പൊതുബോധത്തിൽ സ്ഥാപിക്കേണ്ടതുണ്ട്.
ഇന്നത്തെ ജനാധിപത്യ രാഷ്ട്രീയത്തിൽ അതുകൊണ്ട് രണ്ട് പോരാട്ടങ്ങൾ ഒരേസമയം നടക്കുന്നു. ഒന്നാമത്തേത് യാഥാർഥ്യത്തെ മാറ്റാനുള്ള പോരാട്ടം—ഭരണം, വികസനം, സാമൂഹികനീതി, സാമ്പത്തിക നയം, ക്ഷേമപ്രവർത്തനം എന്നിവയിലൂടെ സമൂഹത്തെ മാറ്റാനുള്ള ശ്രമം. രണ്ടാമത്തേത് യാഥാർഥ്യത്തെക്കുറിച്ചുള്ള ബോധം നിർമിക്കാനുള്ള പോരാട്ടം—ആരാണ് എന്ത് ചെയ്തത്, ആരാണ് പരാജയപ്പെട്ടത്, എന്താണ് യഥാർഥ പ്രശ്നം, എന്താണ് അതിന്റെ പരിഹാരം എന്നതിനെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണ രൂപപ്പെടുത്താനുള്ള ശ്രമം. ഈ രണ്ടാമത്തെ പോരാട്ടത്തെ അവഗണിക്കുന്ന രാഷ്ട്രീയത്തിന് ഒന്നാമത്തെ പോരാട്ടത്തിലെ നേട്ടങ്ങൾ പോലും തെരഞ്ഞെടുപ്പ് വിജയമായി പരിവർത്തനം ചെയ്യാൻ കഴിയാതെ പോകാം.
അവസാനം, ജനാധിപത്യത്തിന്റെ സംരക്ഷണം എന്നത് വ്യാജപ്രചാരണത്തെ ചെറുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. വസ്തുതയ്ക്ക് കൂടുതൽ പ്രചരണശേഷി നൽകുക, തെളിവിന് കൂടുതൽ സാമൂഹിക വിശ്വാസ്യത നൽകുക, യുക്തിപരമായ സംവാദത്തിന് കൂടുതൽ ഇടം സൃഷ്ടിക്കുക, പൗരന്മാരുടെ വിമർശനാത്മക ചിന്തയെ ശക്തിപ്പെടുത്തുക എന്നിവയും അതിന്റെ ഭാഗമാണ്. രാഷ്ട്രീയ എതിരാളിയെ പരാജയപ്പെടുത്തുന്നതിനായി അദ്ദേഹത്തെക്കുറിച്ച് ഒരു വ്യാജപ്രതീതി നിർമ്മിക്കുന്നത് എളുപ്പമായേക്കാം; എന്നാൽ അത്തരമൊരു രാഷ്ട്രീയ സംസ്കാരം ദീർഘകാലത്ത് എല്ലാവരുടെയും ജനാധിപത്യാവകാശങ്ങളെ ദുർബലപ്പെടുത്തും. ഇന്ന് എതിരാളിക്കെതിരെ ഉപയോഗിക്കുന്ന വ്യാജപ്രചാരണത്തിന്റെ ആയുധം നാളെ മറ്റൊരാൾക്കെതിരെയും ഉപയോഗിക്കപ്പെടാം. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എത്ര ശക്തമായാലും വസ്തുത, തെളിവ്, യുക്തി, ജനാധിപത്യ സംവാദം എന്നീ അടിസ്ഥാന മാനദണ്ഡങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും പൊതുത്താൽപര്യമാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് എൽ.ഡി.എഫ് പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠം അതിനാൽ വെറും ‘പ്രചാരണം കൂടുതൽ ശക്തമാക്കണം’ എന്നതല്ല. ജനങ്ങളുടെ മനസ്സിൽ നിർമ്മിക്കപ്പെടുന്ന രാഷ്ട്രീയ യാഥാർഥ്യത്തെ മനസ്സിലാക്കുകയും, അതിനെ ജനാധിപത്യപരമായും വസ്തുതാപരമായും സ്വാധീനിക്കാൻ കഴിയുന്ന പുതിയ രാഷ്ട്രീയ ആശയവിനിമയ സംസ്കാരം വികസിപ്പിക്കുകയും വേണം എന്നതാണ്. വ്യാജപ്രചാരണത്തെ പ്രതിരോധിക്കാൻ പിന്നിൽനിന്ന് ഓടുന്ന ഒരു സംഘടനയല്ല, തെറ്റായ ആഖ്യാനങ്ങൾ രൂപപ്പെടുന്നതിന് മുമ്പുതന്നെ അവ തിരിച്ചറിയുകയും, വസ്തുതകൾ മുന്നോട്ടുവയ്ക്കുകയും, സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് ജനങ്ങളുമായി നിരന്തരം പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് കാലത്തിന്റെ ആവശ്യം. അതോടൊപ്പം ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളോടുള്ള സജീവമായ ഇടപെടലും സത്യസന്ധമായ ആത്മപരിശോധനയും അനിവാര്യമാണ്.
കാരണം തെരഞ്ഞെടുപ്പുകൾ ഒടുവിൽ വോട്ടുപെട്ടിയിൽ അവസാനിക്കുന്നുവെങ്കിലും ജനങ്ങളുടെ മനസ്സിൽ അവയുടെ വിധിനിർണയം വളരെ മുമ്പേ ആരംഭിച്ചിരിക്കും. ആ മനസ്സിൽ ഏത് വസ്തുതകൾ നിലനിൽക്കുന്നു, ഏത് കഥകളാണ് ആവർത്തിക്കപ്പെടുന്നത്, ഏത് നേതാവിനെയാണ് വിശ്വസനീയനായി കാണുന്നത്, ആരെയാണ് സംശയത്തോടെ കാണുന്നത്, ഏത് പ്രശ്നമാണ് പ്രധാനമെന്ന് കരുതുന്നത്—ഇവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നു. അതുകൊണ്ട് ആധുനിക ജനാധിപത്യത്തിലെ രാഷ്ട്രീയ പോരാട്ടം വോട്ടിനായുള്ള പോരാട്ടം മാത്രമല്ല; യാഥാർഥ്യബോധത്തിനായുള്ള പോരാട്ടം കൂടിയാണ്. ആ പോരാട്ടത്തിൽ വിജയിക്കാൻ വ്യാജപ്രചാരണത്തിന്റെ അതേ രീതികൾ സ്വീകരിക്കേണ്ടതില്ല. മറിച്ച് കൂടുതൽ ശക്തമായ വസ്തുതകളും കൂടുതൽ വിശ്വസനീയമായ രാഷ്ട്രീയ പ്രവർത്തനവും കൂടുതൽ സുതാര്യമായ ആശയവിനിമയവും കൂടുതൽ ജനാധിപത്യപരമായ സംവാദവും ഉപയോഗിച്ച് ഒരു ബദൽ പൊതുബോധം നിർമ്മിക്കുകയാണ് വേണ്ടത്. അതാണ് ദീർഘകാല രാഷ്ട്രീയ വിശ്വാസ്യതയ്ക്കും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഏറ്റവും ഉറച്ച വഴി.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വ്യാജവിവരങ്ങളെയും സംഘടിത വ്യാജപ്രചാരണങ്ങളെയും ഓരോന്നായി കണ്ടെത്തി അതിന് മറുപടി നൽകുന്ന പരമ്പരാഗത രീതിക്ക് വലിയ പരിമിതികളുണ്ട്. ഒരു ആരോപണം ഉയർന്നതിനുശേഷം അതിനെക്കുറിച്ച് പാർട്ടി വിശദീകരണം നൽകുന്നതുവരെ കാത്തിരിക്കുന്ന രീതിയിൽ മുന്നോട്ടുപോകുമ്പോഴേക്കും ആ ആരോപണം ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ പതിഞ്ഞുകഴിഞ്ഞിരിക്കാം. അതിനാൽ സി.പി.എം. അടിയന്തരമായി സ്ഥാപിക്കേണ്ടത് ഒരു സാധാരണ പ്രചാരണവിഭാഗമല്ല; വ്യാജപ്രതീതികൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു, അവ എവിടെനിന്നാണ് ആരംഭിക്കുന്നത്, എങ്ങനെയാണ് വ്യാപിക്കുന്നത്, ഏത് സാമൂഹിക വിഭാഗങ്ങളിലാണ് അതിന് കൂടുതൽ സ്വാധീനം ലഭിക്കുന്നത്, അതിനെ എങ്ങനെ അതിവേഗം വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിരോധിക്കാം എന്നതിനെ നിരന്തരം നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ഇടപെടുകയും ചെയ്യുന്ന ഒരു ചലനാത്മക രാഷ്ട്രീയ–വിവര പ്രതിരോധ സംവിധാനമാണ്.
ഈ സംവിധാനത്തിന്റെ ആദ്യ ദൗത്യം നിരന്തരമായ വിവരനിരീക്ഷണം ആയിരിക്കണം. വാർത്താമാധ്യമങ്ങൾ, സാമൂഹികമാധ്യമങ്ങൾ, വീഡിയോ വേദികൾ, വിവിധ സന്ദേശവിനിമയ ശൃംഖലകൾ, പ്രാദേശിക രാഷ്ട്രീയചർച്ചകൾ എന്നിവയിൽ പാർട്ടിയെയും നേതാക്കളെയും സർക്കാരിനെയും സംബന്ധിച്ച് പ്രചരിക്കുന്ന പ്രധാന ആരോപണങ്ങളും തെറ്റായ വിവരങ്ങളും അതിവേഗം കണ്ടെത്താനുള്ള സംവിധാനം ആവശ്യമാണ്. എന്നാൽ വെറും പരാമർശങ്ങളുടെ എണ്ണം എണ്ണുന്ന സംവിധാനം മതിയാകില്ല. ഏതൊരു ആരോപണമാണ് സാധാരണ വിമർശനം, ഏതിലാണ് യഥാർഥ വസ്തുതാപരമായ പ്രശ്നം, ഏതിലാണ് അർധസത്യം, ഏതിലാണ് സന്ദർഭവികലനം, ഏതിലാണ് പൂർണ്ണമായ വ്യാജവിവരം, ഏതാണ് സംഘടിതമായി വിവിധ വേദികളിലേക്ക് വ്യാപിപ്പിക്കപ്പെടുന്നത് എന്നിങ്ങനെ തിരിച്ചറിയാൻ കഴിയുന്ന വിശകലനശേഷിയും അതിന് ഉണ്ടായിരിക്കണം.
രണ്ടാമത്തെ ഘടകം വസ്തുതാപരിശോധനയുടെ അതിവേഗ സംവിധാനം ആയിരിക്കണം. ഒരു ആരോപണം ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ യാഥാർഥ്യം പരിശോധിക്കാൻ ദിവസങ്ങളെടുക്കുന്ന സംവിധാനത്തിന് ഇന്നത്തെ സാമൂഹികമാധ്യമ കാലത്ത് ഫലപ്രദമായി പ്രവർത്തിക്കാനാവില്ല. ബന്ധപ്പെട്ട സർക്കാർ രേഖകൾ, ഔദ്യോഗിക കണക്കുകൾ, നിയമപരമായ രേഖകൾ, പ്രസംഗങ്ങളുടെ പൂർണ്ണരൂപം, സംഭവങ്ങളുടെ കാലക്രമം, ലഭ്യമായ ദൃശ്യതെളിവുകൾ തുടങ്ങിയവ പരിശോധിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വസ്തുതാപരമായ മറുപടി തയ്യാറാക്കാൻ കഴിയണം. എന്നാൽ മറുപടി വെറും നിഷേധമായി ചുരുങ്ങരുത്. ആരോപണം എന്താണ്, അതിൽ തെറ്റുള്ളത് എന്താണ്, യഥാർഥ വസ്തുത എന്താണ്, അത് തെളിയിക്കുന്ന രേഖ ഏതാണ് എന്ന ക്രമത്തിൽ ലളിതമായി ജനങ്ങളിലേക്ക് എത്തിക്കണം.
മൂന്നാമതായി, ഈ സംവിധാനത്തിന് സ്വന്തം രാഷ്ട്രീയ ആഖ്യാനം നിർമ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. എതിരാളികൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മാത്രം മറുപടി നൽകിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സംഘടന എപ്പോഴും പ്രതിരോധസ്ഥാനത്തായിരിക്കും. അതുകൊണ്ട് ‘അവർ പറയുന്നതിന് മറുപടി’ എന്നതിനു പകരം ‘ഞങ്ങൾ പറയേണ്ടത് എന്താണ്’ എന്നതും ഒരേസമയം നിർണയിക്കണം. പാർട്ടിയുടെ നയങ്ങൾ, ഭരണനേട്ടങ്ങൾ, ജനകീയ ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധത, ഭാവി പരിപാടികൾ എന്നിവ ജനങ്ങളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി തുടർച്ചയായി അവതരിപ്പിക്കുന്ന ഒരു സ്വതന്ത്ര ആശയവിനിമയ ശൃംഖല ആവശ്യമാണ്. വ്യാജപ്രതീതിയെ തകർക്കാൻ യാഥാർഥ്യത്തിന്റെ ശക്തമായ പ്രതീതി നിർമ്മിക്കണം.
നാലാമതായി, ഈ സംവിധാനം കേന്ദ്രീകൃതമായി മാത്രം പ്രവർത്തിക്കരുത്. സി.പി.എം.യുടെ സംസ്ഥാന, ജില്ലാ, ഏരിയ, ലോക്കൽ ഘടകങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽനിന്ന് വിവരങ്ങൾ മുകളിലേക്ക് എത്തിക്കുകയും മുകളിൽനിന്നുള്ള വസ്തുതാപരമായ വിവരങ്ങൾ താഴെത്തട്ടിലേക്ക് അതിവേഗം എത്തിക്കുകയും ചെയ്യുന്ന ഇരുവഴിയുള്ള ശൃംഖല രൂപപ്പെടുത്തണം. ഒരു പ്രദേശത്ത് ഒരു തെറ്റായ ആരോപണം പ്രചരിക്കാൻ തുടങ്ങുമ്പോൾ സംസ്ഥാനതലത്തിൽ അത് അറിയുന്നതിനു മുമ്പുതന്നെ പ്രാദേശിക പാർട്ടി പ്രവർത്തകർക്ക് അതിന്റെ സ്വഭാവം മനസ്സിലാക്കാനും വസ്തുതകൾ ലഭ്യമാക്കാനും കഴിയണം. അതുപോലെ പ്രാദേശികതലത്തിൽ ലഭിക്കുന്ന യഥാർഥ ജനാഭിപ്രായം സംസ്ഥാനതലത്തിലുള്ള നേതൃത്വത്തിലേക്കും എത്തണം. ജനങ്ങൾ എന്താണ് വിശ്വസിക്കുന്നത് എന്നറിയാതെ ജനങ്ങളെ എന്താണ് വിശ്വസിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാൻ കഴിയില്ല.
അഞ്ചാമതായി, ഈ സംവിധാനത്തിൽ സാങ്കേതികവിദഗ്ധരും വിഷയവിദഗ്ധരും രാഷ്ട്രീയപ്രവർത്തകരും ആശയവിനിമയ വിദഗ്ധരും വസ്തുതാപരിശോധകരും ഒരുമിച്ച് പ്രവർത്തിക്കണം. കൃത്രിമമായി തിരുത്തിയ ദൃശ്യങ്ങൾ തിരിച്ചറിയാൻ സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്. സാമ്പത്തിക കണക്കുകളെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ നേരിടാൻ സാമ്പത്തിക വിദഗ്ധരുടെ സഹായം ആവശ്യമാണ്. നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് നിയമവിദഗ്ധരുടെ പരിശോധന ആവശ്യമാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങൾക്ക് ശാസ്ത്രീയ അറിവുള്ളവരുടെ സഹായം ആവശ്യമാണ്. അതായത് ഇത് ഒരു സാധാരണ പാർട്ടി പ്രചാരണവിഭാഗമല്ല; ബഹുമേഖലാ അറിവിനെ ഏകോപിപ്പിക്കുന്ന ഒരു രാഷ്ട്രീയ വിജ്ഞാനസംവിധാനം ആയിരിക്കണം.
ആറാമതായി, ഈ സംവിധാനം പ്രതികരണവേഗത്തെ ഒരു പ്രധാന രാഷ്ട്രീയ മാനദണ്ഡമായി കാണണം. സാമൂഹികമാധ്യമത്തിൽ ഒരു വ്യാജവിവരം വ്യാപിക്കാൻ മണിക്കൂറുകൾ മതിയാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ ദിവസങ്ങൾ എടുക്കാൻ പാടില്ല. എന്നാൽ വേഗത്തിലുള്ള പ്രതികരണം എന്നത് ആവേശപൂർവമായ പ്രതികരണം എന്നല്ല. ആദ്യം വസ്തുത പരിശോധിക്കുക, തുടർന്ന് ഏറ്റവും ലളിതമായ ഭാഷയിൽ വിശദീകരിക്കുക, അതിനെ അനുയോജ്യമായ വിവിധ മാധ്യമരൂപങ്ങളിൽ ജനങ്ങളിലെത്തിക്കുക—ഇതാണ് പ്രവർത്തനക്രമം. ഒരു ആരോപണത്തിന് ഒരു നീണ്ട പ്രസ്താവന നൽകുന്നതിനു പകരം അതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ചെറിയ ദൃശ്യങ്ങൾ, വിവരചിത്രങ്ങൾ, ചോദ്യോത്തരങ്ങൾ, രേഖകളുടെ സംഗ്രഹങ്ങൾ, വിശദീകരണ വീഡിയോകൾ തുടങ്ങിയവ ഉപയോഗിക്കാം.
ഏഴാമതായി, വ്യാജപ്രചാരണത്തെ നേരിടുന്നതിൽ പ്രതിരോധപരമായ സമീപനം മാത്രം മതിയാകില്ല. ഏത് വിഷയത്തിലാണ് എതിരാളികൾ ഒരു തെറ്റായ ആഖ്യാനം നിർമ്മിക്കാൻ സാധ്യതയുള്ളത് എന്ന് മുൻകൂട്ടി തിരിച്ചറിയുകയും അതിനു മുമ്പുതന്നെ ആവശ്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയും വേണം. ഉദാഹരണത്തിന് ഒരു സർക്കാർ പദ്ധതിയെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉയരാൻ സാധ്യതയുണ്ടെങ്കിൽ, ആ പദ്ധതിയുടെ ലക്ഷ്യം, ചെലവ്, ഗുണഭോക്താക്കൾ, ഫലം, ഔദ്യോഗിക കണക്കുകൾ എന്നിവ മുൻകൂട്ടി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ നൽകണം. വിവരശൂന്യതയാണ് പലപ്പോഴും വ്യാജവിവരത്തിന്റെ വളർച്ചയ്ക്ക് വളക്കൂറാകുന്നത്. സത്യമായ വിവരങ്ങൾ സമയത്ത് ലഭ്യമാക്കുന്നത് തന്നെ വ്യാജപ്രചാരണത്തിനെതിരായ ഒരു പ്രതിരോധമാണ്.
എട്ടാമതായി, പാർട്ടി പ്രവർത്തകരെ വിവരസാക്ഷരതയിലും മാധ്യമസാക്ഷരതയിലും പരിശീലിപ്പിക്കണം. സാമൂഹികമാധ്യമത്തിൽ വരുന്ന ഓരോ സന്ദേശവും ഉടൻ പങ്കുവയ്ക്കുക എന്നത് രാഷ്ട്രീയ പ്രവർത്തനമല്ല. ഉറവിടം പരിശോധിക്കുക, തീയതി പരിശോധിക്കുക, പൂർണ്ണ വീഡിയോ കണ്ടെത്തുക, കണക്കിന്റെ ഉറവിടം പരിശോധിക്കുക, ചിത്രത്തിന്റെ പശ്ചാത്തലം പരിശോധിക്കുക, ആരോപണത്തിന്റെ തെളിവ് അന്വേഷിക്കുക തുടങ്ങിയ അടിസ്ഥാന ശീലങ്ങൾ പാർട്ടി പ്രവർത്തകരിൽ വളർത്തണം. ഓരോ പ്രവർത്തകനും പരിശീലനം ലഭിച്ച ഒരു ഉത്തരവാദിത്തമുള്ള വിവരവിതരണക്കാരനായി മാറുന്ന രീതിയിലാണ് സംവിധാനം വികസിപ്പിക്കേണ്ടത്.
ഒമ്പതാമതായി, ഈ സംവിധാനത്തിന് സ്വയംവിമർശനത്തിനുള്ള ശേഷിയും ഉണ്ടായിരിക്കണം. പാർട്ടിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും വ്യാജമാണെന്ന് മുൻകൂട്ടി തീരുമാനിച്ചാൽ ഈ സംവിധാനം തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തും. യഥാർഥമായ വീഴ്ചയുണ്ടെങ്കിൽ അത് അംഗീകരിക്കാനും തെറ്റ് തിരുത്താനുള്ള നടപടി വ്യക്തമാക്കാനും കഴിയണം. വ്യാജപ്രചാരണത്തെ പ്രതിരോധിക്കുന്നതിന്റെ ഏറ്റവും ശക്തമായ ആയുധം പാർട്ടിയുടെ സ്വന്തം വിശ്വാസ്യതയാണ്. തെറ്റുണ്ടായാൽ സത്യസന്ധമായി അംഗീകരിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് വ്യാജാരോപണങ്ങൾക്കെതിരെ ഏറ്റവും ശക്തമായ പ്രതിരോധം.
പത്താമതായി, ഈ സംവിധാനത്തിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രം പരിമിതപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം മാത്രം ഇത്തരം സംവിധാനം സജീവമാക്കിയാൽ അതിന് കാര്യമായ ഫലം ഉണ്ടാകില്ല. വ്യാജപ്രതീതികൾ പലപ്പോഴും തെരഞ്ഞെടുപ്പിന് മാസങ്ങൾക്കും വർഷങ്ങൾക്കും മുമ്പാണ് നിർമ്മിക്കപ്പെടുന്നത്. അതിനാൽ ഇത് സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു സംവിധാനമായിരിക്കണം; തെരഞ്ഞെടുപ്പ് സമയത്ത് അതിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്ന രീതിയിൽ. ജനങ്ങളുടെ പൊതുബോധം രൂപപ്പെടുന്നത് തുടർച്ചയായ പ്രക്രിയയായതിനാൽ രാഷ്ട്രീയ ആശയവിനിമയവും തുടർച്ചയായിരിക്കണം.
ഇതെല്ലാം നടപ്പാക്കുമ്പോൾ ഒരു കാര്യത്തിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. വ്യാജപ്രചാരണത്തെ നേരിടുക എന്ന പേരിൽ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയോ വിമർശകരെ ഭീഷണിപ്പെടുത്തുകയോ എതിർപ്പുകളെ അടിച്ചമർത്തുകയോ ചെയ്യുന്നത് ജനാധിപത്യപരമായ പരിഹാരമല്ല. അതിന്റെ പകരം തെളിവ്, യുക്തി, സുതാര്യത, വസ്തുതാപരിശോധന, ജനാധിപത്യ സംവാദം എന്നിവയെ ആയുധമാക്കുകയാണ് വേണ്ടത്. പാർട്ടി പറയുന്നതുകൊണ്ട് മാത്രം ഒരു വിവരം സത്യമാകില്ല; അതിനെ പിന്തുണയ്ക്കുന്ന തെളിവുകളാണ് അതിന്റെ വിശ്വാസ്യത നിർണയിക്കേണ്ടത്.
അതിനാൽ സി.പി.എം. അടിയന്തരമായി രൂപപ്പെടുത്തേണ്ടത് ഒരു ‘സോഷ്യൽ മീഡിയ സെൽ’ എന്ന പരിമിത ആശയമല്ല. ജനങ്ങളുടെ വിവരപരിസരത്തെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വസ്തുതകൾ പരിശോധിക്കുകയും വ്യാജപ്രതീതികളുടെ നിർമ്മാണം നേരത്തെ കണ്ടെത്തുകയും അതിവേഗം പ്രതികരിക്കുകയും സ്വന്തം രാഷ്ട്രീയ ആഖ്യാനം ജനങ്ങളിലേക്ക് നിരന്തരം എത്തിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ രാഷ്ട്രീയ–വിവര പ്രതിരോധ ശൃംഖലയാണ്. അതിന് സാങ്കേതികശേഷിയും ശാസ്ത്രീയ സമീപനവും രാഷ്ട്രീയ ബോധവും സംഘടനാപരമായ ഏകോപനവും ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധവും ഒരുപോലെ ആവശ്യമാണ്.
ഇത് സ്ഥാപിക്കുന്നതിൽ ഇനി താമസം വരുത്തുന്നത് ഗുരുതരമായ രാഷ്ട്രീയ വീഴ്ചയായിരിക്കും. കാരണം അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം ആരംഭിക്കുകയില്ല. അടുത്ത തെരഞ്ഞെടുപ്പിന്റെ പൊതുബോധ നിർമ്മാണം ഇന്നുതന്നെ ആരംഭിച്ചുകഴിഞ്ഞിരിക്കാം. അതുകൊണ്ട് വ്യാജപ്രതീതികൾ നിർമ്മിക്കപ്പെട്ടശേഷം അവയെ തകർക്കാൻ ശ്രമിക്കുന്നതിനു പകരം, അവ നിർമ്മിക്കപ്പെടുന്ന പ്രക്രിയ തന്നെ നിരീക്ഷിക്കുകയും ആവശ്യമായിടത്ത് ഉടൻ ഇടപെടുകയും ജനങ്ങളിൽ വസ്തുതാപരമായ ബോധം തുടർച്ചയായി വളർത്തുകയും വേണം.
ഇന്നത്തെ രാഷ്ട്രീയത്തിൽ സംഘടനാശക്തി മാത്രം പോരാ; വിവരത്തെ മനസ്സിലാക്കാനുള്ള ശക്തിയും വിവരത്തിന്റെ രാഷ്ട്രീയ അർത്ഥത്തെ തിരിച്ചറിയാനുള്ള കഴിവും വസ്തുതയെ അതിവേഗം ജനങ്ങളിലെത്തിക്കാനുള്ള ശേഷിയും ആവശ്യമാണ്. സി.പി.എം.യുടെ ദീർഘകാല രാഷ്ട്രീയ ശക്തിയെ പുതിയ കാലത്തിന്റെ ആശയവിനിമയ സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു സംവിധാനം രൂപപ്പെടുത്തുക എന്നത് അതിനാൽ ഒരു സാങ്കേതിക നവീകരണം മാത്രമല്ല; മാറിയ രാഷ്ട്രീയ യാഥാർഥ്യത്തോടുള്ള അനിവാര്യമായ സംഘടനാപരമായ പൊരുത്തപ്പെടുത്തലാണ്.
വ്യാജപ്രതീതി നിർമ്മാണത്തെ വെറും നിഷേധംകൊണ്ട് പരാജയപ്പെടുത്താനാവില്ല. അതിനെക്കാൾ ശക്തമായ വസ്തുതാപരമായ പൊതുബോധം നിർമ്മിച്ചുകൊണ്ടാണ് അതിനെ പരാജയപ്പെടുത്തേണ്ടത്. അതിനായി സി.പി.എം.ക്ക് ഇപ്പോൾ തന്നെ ഒരു ചലനാത്മകവും ശാസ്ത്രീയവും ജനാധിപത്യപരവുമായ രാഷ്ട്രീയ–വിവര പ്രതിരോധ സംവിധാനം ആവശ്യമാണ്.

Leave a comment