മതപരമായ സ്വത്വരാഷ്ട്രീയത്തിന്റെ ത്വരിത വളർച്ച കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു ഗൗരവമേറിയ ഘടനാപരമായ മാറ്റം സൃഷ്ടിച്ചിരിക്കുന്നു. ഇത് വെറും മതവിശ്വാസത്തിന്റെ വർധനയോ ആരാധനാചാരങ്ങളിലേക്കുള്ള തിരിച്ചുവരവോ മാത്രമല്ല. മറിച്ച്, ആഗോളവൽക്കരണം, സാമ്പത്തിക അനിശ്ചിതത്വം, സാംസ്കാരിക അസുരക്ഷാബോധം, മാധ്യമ സാങ്കേതിക വിപ്ലവം, സാമൂഹിക മത്സരങ്ങൾ, രാഷ്ട്രീയ പ്രതിനിധാനത്തെക്കുറിച്ചുള്ള ആശങ്കകൾ, ആഗോള ആശയ പ്രവാഹങ്ങൾ എന്നിവ പരസ്പരം ഇടകലരുന്ന ഒരു സങ്കീർണ്ണ സാമൂഹിക-മനശ്ശാസ്ത്രപരമായ പ്രക്രിയയാണ് ഇത്.
ഗൾഫ് കുടിയേറ്റം, ആഗോള ഇസ്ലാമിക-ഹിന്ദുത്വ-ഇവാഞ്ചലിക്കൽ നെറ്റ്വർക്കുകൾ, സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ, യൂട്യൂബ് പ്രഭാഷണ സംസ്കാരം, വാട്ട്സ് അപ് രാഷ്ട്രീയവൽക്കരണം എന്നിവ കേരളത്തിലെ മതപരമായ ചിന്താഗതികളെ പ്രാദേശിക അതിരുകൾക്കപ്പുറം കൊണ്ടുപോയി. മുമ്പ് സാമൂഹിക ജീവിതത്തിന്റെ ഒരു ഘടകമായിരുന്നു മതം; ഇന്ന് അത് ഒരു “രാഷ്ട്രീയ ബോധം” ആയും “ഒന്നിപ്പിക്കുന്ന സ്വത്വബോധം” ആയും പ്രവർത്തിക്കുന്നു. ഓരോ സമൂഹവും തങ്ങളുടെ ചരിത്രപരമായ ആശങ്കകളെയും ഭാവി ഭീതികളെയും രാഷ്ട്രീയ ശക്തിയായി രൂപാന്തരപ്പെടുത്താൻ ശ്രമിക്കുന്നു.
ഇത് പ്രത്യേകിച്ച് മധ്യവർഗ്ഗത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി ഉയർന്നെങ്കിലും സാമൂഹികമായി അനിശ്ചിതത്വം അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ സുരക്ഷയും അർത്ഥവും ബന്ധങ്ങളും തേടുന്നു. വിപണിസമൂഹം വ്യക്തിയെ അന്യവൽക്കരിക്കുമ്പോൾ, മതസമൂഹങ്ങൾ വൈകാരിക ഐക്യപ്പെടലിന്റെയും സ്വത്വപരമായ സുരക്ഷിതത്വ ബോധത്തിന്റെയും ഒരു പ്രതിനിധി ആയി പ്രവർത്തിക്കുന്നു. ഇതോടെ മതം ഒരു സ്വകാര്യ ആത്മീയ അനുഭവം എന്നതിൽ നിന്ന് ഒരു രാഷ്ട്രീയ നിലപാട് എന്ന നിലയിലേക്ക് മാറുന്നു.
കേരളത്തിലെ വിവിധ മതസമൂഹങ്ങൾ ഇന്ന് അവരുടെ അസ്തിത്വസമസ്യകളെ താരതമ്യപരമായും മത്സരാധിഷ്ഠിതമായും ആണ് അനുഭവിക്കുന്നത്. “മറ്റുള്ളവർ മുന്നേറുന്നു”, “നമ്മൾ പിന്നിലാകുന്നു”, “നമ്മുടെ സംസ്കാരം അപകടത്തിലാണ്”, “നമ്മുടെ രാഷ്ട്രീയ സ്വരം കുറയുന്നു” എന്ന മനശ്ശാസ്ത്രം പലതരം സ്വത്വാധിഷ്ഠിത ഐക്യപ്പെടലിനും വഴിയൊരുക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, ജനസംഖ്യാ മാറ്റങ്ങൾ, സർക്കാർ നയങ്ങൾ, ന്യൂനപക്ഷ-ഭൂരിപക്ഷ ആശങ്കകൾ എന്നിവയെല്ലാം ഈ ഭയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു.
ഈ പ്രക്രിയയെ വെറും മതവർഗീയത എന്ന ലളിതവാക്കിൽ ഒതുക്കി വായിക്കുന്നത് മതിയാകില്ല. കാരണം സ്വത്വരാഷ്ട്രീയത്തിന് പിന്നിൽ യാഥാർത്ഥ്യമായ സാമൂഹിക വൈരുധ്യങ്ങളും ചരിത്രാനുഭവങ്ങളും ഉണ്ട്. ആ വൈരുധ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാതെ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ കൂടുതൽ ധ്രുവീകരണം സൃഷ്ടിക്കും. ഒരുസമൂഹത്തിന്റെ അരക്ഷിതത്വ ബോധത്തെ മറ്റൊരു സമൂഹത്തിന്റെ കുറ്റമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ ഭാഷ, ഡയലക്ടിക്കലായി, എല്ലാ സമൂഹങ്ങളുടെയും അരക്ഷിതത്വ ബോധത്തെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയുടെ അൽഗോരിത നിയന്ത്രിത ഘടന ഈ വിഭജനങ്ങളെ അതിവേഗം ശക്തിപ്പെടുത്തുന്നു. മനുഷ്യരുടെ ഭയങ്ങൾ, കോപങ്ങൾ, അപമാനബോധങ്ങൾ, സമാഹൃത സ്‌മരണകൾ എന്നിവയാണ് അൽഗോരിതങ്ങൾ ഏറ്റവും കൂടുതൽ വിപൂലികരിക്കുന്നത്. അതിനാൽ മുമ്പ് ചെറിയ പരിധിയിലുണ്ടായിരുന്ന മതവൈരുധ്യങ്ങൾ ഇപ്പോൾ ഇരുപത്തിനാല് മണിക്കൂറും സജീവമായി പുനർനിർമ്മിക്കപ്പെടുന്നു. ഇത് പിന്നീട് യഥാർത്ഥ രാഷ്ട്രീയ പെരുമാറ്റത്തെയും വോട്ടിംഗ് രീതികളെയും സ്വാധീനിക്കുന്നു.
ഇവിടെ മതേതര രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധി വളരെ ആഴമേറിയതും ബഹുസ്തരീയവുമാണ്. ഇത് വെറും തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പ്രശ്നമല്ല; ആധുനിക ജനാധിപത്യത്തിന്റെ സാംസ്കാരിക അടിത്തറയെ സംബന്ധിക്കുന്ന പ്രതിസന്ധിയാണ്. പഴയ രീതിയിലുള്ള കേവല മതേതരത്വം — അഥവാ “മതം സ്വകാര്യകാര്യമാണ്”, “രാജ്യം മതനിരപേക്ഷമാണ്” എന്ന പൊതുവായ പ്രഖ്യാപനങ്ങൾ മാത്രം — ഇന്നത്തെ സാമൂഹിക യാഥാർത്ഥ്യത്തെ അഡ്രസ് ചെയ്യാൻ പര്യാപ്തമല്ല. കാരണം മനുഷ്യർ അവരുടെ ജീവിതം ശുദ്ധമായ ഭരണഘടനാ പദങ്ങൾ വഴിയല്ല അനുഭവിക്കുന്നത്; അവർ ജീവിക്കുന്നത് ബന്ധങ്ങളിലും സംസ്കാരങ്ങളിലും പ്രതീകങ്ങളിലുമാണ്.
കേരളത്തിലെ സാധാരണ മനുഷ്യന്റെ ജീവിതത്തിൽ മതം ഇന്ന് ഒരു ആരാധനാസംവിധാനം മാത്രമല്ല. അത് സാംസ്കാരിക തനിമയാണ്, വൈകാരിക കവചം ആണ്, സാമൂഹിക ബന്ധങ്ങളുടെ കേന്ദ്രമാണ്, പരസ്പരസഹായ വ്യവസ്ഥ ആണ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയാണ്, പരസ്പരസഹായ സമ്പദ്‌വ്യവസ്ഥയാണ്, പ്രവാസ സഹായ വ്യൂഹം ആണ്, ധാർമിക ദിശാബോധം ആണ്, വിവാഹ കമ്പോളം ആണ്, അന്തസിൻ്റെ അടയാള വ്യവസ്ഥയാണ്. പലർക്കും മതസമൂഹം കുടുംബത്തിനപ്പുറം അവർക്ക് സുരക്ഷയും അംഗീകാരവും നൽകുന്ന ഏറ്റവും അടുത്ത സാമൂഹിക ഘടകമായി അനുഭവപ്പെടുന്നു.
ഇത്തരം സാഹചര്യത്തിൽ മതേതര രാഷ്ട്രീയം മതത്തെ “യുക്തിരാഹിത്യത്തിന്റെ അവശിഷ്ടം” മാത്രം ആയി കാണുകയോ മതപരമായ തിരിച്ചറിവുകളെ പ്രാകൃത ആയി തള്ളിക്കളയുകയോ ചെയ്താൽ അത് ജനങ്ങളുടെ ജൈവിക യാഥാർഥ്യത്തിൽ നിന്ന് അകന്നുപോകും. കാരണം സ്വത്വരാഷ്ട്രീയത്തിന്റെ ശക്തി അതിന്റെ ആശയപരമായ ശരിമയിലല്ല; മനുഷ്യരുടെ വൈകാരികവ്യം അസ്തിത്വപരവും ആയ ആവശ്യങ്ങളെ അഡ്രസ് ചെയ്യാനുള്ള അതിന്റെ ശേഷിയിലാണ്. ആളുകൾ വസ്തുതകൾ കൊണ്ടു മാത്രം ജീവിക്കുന്നില്ല; അവർ അർഥം കൊണ്ടും സ്മരണകൾ കൊണ്ടും അന്തസ് കൊണ്ടും ജീവിക്കുന്നു.
ഇവിടെയാണ് മതേതര രാഷ്ട്രീയത്തിന്റെ പഴയ ഭാഷ പരിമിതമാകുന്നത്. ഒരുകാലത്ത് വർഗരാഷ്ട്രീയം, വികസന സംവാദം, യുക്തിപരമായ വിമർശനം എന്നിവ സമൂഹത്തെ ഉത്തേജിപ്പിക്കാൻ മതിയായിരുന്നേക്കാം. എന്നാൽ ഇന്ന് വിഭജനാത്മക മാധ്യമ പരിസ്ഥിതിയിലും അൽഗോരിതാധിഷ്ഠിത ബോധനിർമ്മിതിയിലും വ്യക്ത്യധിഷ്ഠിത ഉപഭോഗ വ്യവസ്ഥയിലും മനുഷ്യർ പുതിയ തരത്തിലുള്ള ഏകാന്തത , ആകാംക്ഷകൾ, അരക്ഷിതത്വ ബോധം എന്നിവ അനുഭവിക്കുന്നു. കമ്പോളവൽകൃത സമൂഹം വ്യക്തിയെ സാമ്പത്തികമായി പരസ്പരം ബന്ധിപ്പിക്കുമ്പൊഴും ചെയ്യുമ്പോഴും വൈകാരികമായി ഒറ്റപ്പെടുത്തുന്നു. ഈ ഈ ഒറ്റപ്പെടലിന് മറുപടിയായി മതപരമായ സ്വത്വബോധം പലർക്കും ആശ്വാസം നൽകുന്നു.
അതുകൊണ്ട് മതേതര രാഷ്ട്രീയത്തിന് പഴയ ഭാഷ കൊണ്ടു മാത്രം ഇത്തരം മനുഷ്യരോട് സംവദിക്കാനാവില്ല. ജനങ്ങളുടെ ജീവത്തായ സാംസ്കാരിക യാഥാർഥ്യങ്ങളെ അഡ്രസ് ചെയ്യുന്ന പുതിയ സാമൂഹിക ഭാഷ വികസിപ്പിക്കേണ്ടതുണ്ട്. അത് മതപ്രീണനമോ ആക്രമണോത്സുകമായ മതവിരുദ്ധതയോ ആവരുത്. . മറിച്ച്, മനുഷ്യരുടെ ആത്മീയ-സാംസ്കാരിക അനുഭവങ്ങളെ ബഹുമാനിച്ചുകൊണ്ട് ജനാധിപത്യപരമായ സഹവർത്തിത്വത്തിന്റെ ഉയർന്ന നൈതിക്ത വികസിപ്പിക്കുന്ന ഒരു നവീന പൊതു സംസ്കാരം ആയിരിക്കണം.
അതിനായി ആഴത്തിലുള്ള പരസ്പര സാംസ്കാരിക വിനിമയം അനിവാര്യമാണ്. മതേതര രാഷ്ട്രീയം ജനങ്ങളെ വെറും വോട്ടർമാർ ആയി മാത്രം കാണുന്ന സമീപനം ഉപേക്ഷിക്കണം. ഒരു തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മതസമൂഹങ്ങളുമായി ബന്ധപ്പെടുകയും പിന്നീട് വെറും ഭരണ രാഷ്ട്രീയത്തിലേക്ക് പിൻവാങ്ങുകയും ചെയ്യുന്ന രീതിക്ക് പരിധിയുണ്ട്. ജനങ്ങളുടെ ഉത്സവങ്ങൾ, ആചാരങ്ങൾ, കുടുംബജീവിതം, നൈതിക വാഞ്ഛകൾ , ദുഖങ്ങൾ, ഭയങ്ങൾ, പ്രതീതിലോകങ്ങൾ എന്നിവയുമായി സഹാനുഭൂതിപൂർവ്വം ബന്ധപ്പെടാൻ കഴിയാത്ത രാഷ്ട്രീയം ക്രമേണ വൈകാരിക സാധുത നഷ്ടപ്പെടുത്തും.
ഇവിടെ “നവീന ജനാധിപത്യ സംസ്കാരം” എന്നത് വളരെ നിർണായകമായ ആശയമാണ്. ജനങ്ങളുടെ മതപരമായ വികാരങ്ങളെ അപമാനിക്കാതെ, എന്നാൽ സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്താതെയും സംസാരിക്കാൻ കഴിയുന്ന ഒരു പക്വതയുള്ള സാമൂഹ്യ ബോധം വികസിപ്പിക്കണം. ഇന്നത്തെ പൊതുസംവാദങ്ങളിൽ കാണുന്ന രണ്ട് അറ്റങ്ങൾ — അമാനവികമായ സാമുദായിക ധ്രുവീകരണവും അവജ്ഞാപരമായ മതവിരുദ്ധതയും — രണ്ടും ദീർഘകാല സാമൂഹിക സന്തുലനത്തിന് അപകടകരമാണ്. ഒരുവശത്ത് ഭയധിഷ്ഠിത വിഭജനരാഷ്ട്രീയം സമൂഹത്തെ വിഭജിക്കുന്നു; മറുവശത്ത് ജനങ്ങളുടെ സാംസ്കാരിക ജീവിതത്തെ പരിഹസിക്കുന്ന സമീപനം ജനാധിപത്യത്തിലുള്ള വിശ്വാസത്തെ തകർക്കുന്നു.
അതുകൊണ്ട് മതേതര ജനാധിപത്യ രാഷ്ട്രീയം നൈതിക സഹാനുഭൂതി കൂടി പഠിക്കേണ്ടതുണ്ട്. ഇത് വെറും രാഷ്ട്രീയ അടവ് അല്ല; ജനാധിപത്യ സഹവർത്തിത്വത്തിന്റെ അടിസ്ഥാന നൈതിക ആവശ്യകതയാണ്. മനുഷ്യരുടെ വിശ്വാസങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും യാന്ത്രികമായി അപഹസിക്കുകയോ, അവയെ കേവല യുക്തിരാഹിത്യത്തിന്റെ പ്രകടനങ്ങളായി തള്ളിക്കളയുകയോ ചെയ്താൽ, രാഷ്ട്രീയം ജനങ്ങളുടെ ജൈവിക വൈകാരിക മണ്ഡലത്തിൽനിന്ന് അകന്നുപോകും. കാരണം വിശ്വാസങ്ങൾ പലപ്പോഴും മതബോധം മാത്രമല്ല; അവ മനുഷ്യരുടെ ഭയങ്ങളുടെയും പ്രതീക്ഷകളുടെയും ചരിത്രമുറിവുകളുടെയും സമാഹൃത സ്മരണകളുടെയും അസ്തിത്വാന്വേഷണങ്ങളുടെയും സങ്കീർണ്ണ സാംസ്കാരിക രൂപങ്ങളാണ്.
ഒരു മനുഷ്യൻ തന്റെ മതപരമായ തിരിച്ചറിവിൽ അഭയം തേടുമ്പോൾ, അതിന്റെ പിന്നിൽ പലതരം അസ്തിത്വപരമായ ആകാംക്ഷകളും പ്രവർത്തിച്ചേക്കാം — സാമൂഹിക അവഗണനയുടെ ഭയം, സാംസ്കാരിക അപ്രത്യക്ഷതയുടെ ഭയം, രാഷ്ട്രീയ അരികുവൽക്കരണത്തി ന്റെ ആശങ്ക, സാമ്പത്തിക അനിശ്ചിതത്വം, ധാർമിക ലക്ഷ്യബോധമില്ലായ്മ, ചലനാത്മകമായ ആധുനികതയിലെ ഏകാകിത്വം, ഭാവിയുടെ അരക്ഷിതത്വം, എന്നിവ. അതിനാൽ മതപരമായ കൂട്ടായ്മകളെ വെറും അജ്ഞത കൊണ്ടോ മതിഭ്രമം കൊണ്ടോ മാത്രം വിശദീകരിക്കാൻ ശ്രമിക്കുന്നത് മനുഷ്യരുടെ സാമൂഹിക അനുഭവത്തെ അതീവ ലളിതവൽക്കരിക്കലായിരിക്കും.
ഒരു മുസ്ലിം സമൂഹത്തിന്റെ അരക്ഷിതത്വബോധം ഉദാഹരണമായി എടുത്താൽ, അതിനെ “വർഗീയ മനോഭാവംt” എന്നൊരു വാക്കിൽ ഒതുക്കാനാവില്ല. അതിന്റെ പിന്നിൽ ദേശീയ-ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ, ഇസ്ലാമോഫോബിയയുടെ ആഗോള നരേറ്റീവുകൾ,, സുരക്ഷാ രാഷ്ട്രീയങ്ങൾ, മാധ്യമങ്ങളിലെ വിവേചനപരമായ പ്രാതിനിധ്യം, സാമൂഹികമായ മുദ്രകുത്തൽ, സാമ്പത്തിക പിന്നാക്കാവസ്ഥ, ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ, പ്രവാസജീവിത അനുഭവങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രവർത്തിക്കുന്നു. പല മുസ്ലിം സമൂഹങ്ങളും ഇന്ന് അവരുടെ മതപരമായ തിരിച്ചറിവിനെ മതാത്മക ആത്മിയ ബോധമായിട്ടല്ല, രാഷ്ട്രീയ അതിജീവന പ്രശ്നമായിട്ടാണ് അനുഭവിക്കുന്നത്.
അതുപോലെ, ഒരു ഹിന്ദു സമൂഹത്തിന്റെ സാംസ്കാരിക ആശങ്കകളെയും കേവലം ഭൂരിപക്ഷ വർഗീയത എന്ന ലേബലിൽ മാത്രം വായിക്കാൻ കഴിയില്ല. കോളനിവാഴ്ചയുടെ അനുഭവങ്ങൾ, മതപരിവർത്തനങ്ങൾ, ആധുനികവൽക്കരണം, ആഗോളവൽക്കരണം, ജനസംഖ്യാപ്രശ്നങ്ങൾ, ജാതിയുമായി ബന്ധപ്പെട്ടപ്രശ്നങ്ങൾ, സാംസ്കാരിക അരക്ഷിതത്വ ഭീതികൾ, ആഗോള വലതുപക്ഷ ആശയസ്വാധീനങ്ങൾ എന്നിവ ചേർന്ന് പല ഹിന്ദു സമൂഹങ്ങളിലും “സാംസ്കാരിക സ്ഥാനഭ്രംശങ്ങൾ” എന്ന ബോധം വളർത്തുന്നു. ഈ ആശങ്കകളെ കേവലമായ യുക്തിരഹിത ചിന്തകൾ ആയി മാത്രം കാണുന്നത് യാഥാർത്ഥ്യത്തിന്റെ ചില നിർണായക തലങ്ങളെ കാണാതിരിക്കാൻ ഇടയാക്കും.
ക്രൈസ്തവ സമൂഹങ്ങളുടെ സ്ഥാപനപരമായ ഭീതികൾക്കും ഇതേ സങ്കീർണ്ണതയുണ്ട്. വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ഭാവി, ന്യൂനപക്ഷ അവകാശങ്ങൾ , ജനസംഖ്യാനുപാതത്തിലെ ഇടിവ്, വിശ്വാസപ്രചരണവുമായി ബന്ധപ്പെട്ട സാർവദേശിയ പ്രശ്നങ്ങൾ, രാഷ്ട്രീയ പ്രാതിനിധ്യ പരമായ ആശങ്കകൾ, നിയമപരമായ അനിശ്ചിതത്വങ്ങൾ എന്നിവ പല ക്രൈസ്തവ സമൂഹങ്ങളിലും അരക്ഷിതത്വബോധം സൃഷ്ടിക്കുന്നു. ചിലപ്പോൾ ഈ ഭീതികൾ യാഥാർത്ഥ്യത്തിൽ ആധാരപ്പെടുന്നവയാകാം; ചിലപ്പോൾ ഊതിവീർപ്പിക്കപ്പെട്ടവ ആയിരിക്കാം. പക്ഷേ അവ മനുഷ്യരുടെ സാമൂഹിക ബോധത്തിൽ ചെലുത്തുന്ന സ്വാധീനം ഒരു യാഥാർഥ്യം തന്നെ ആകുന്നു.
ഇവയെല്ലാം കേവലം സാമുദായികതയുടെ ലേബൽ കൊണ്ട് മാത്രം വിശദീകരിക്കാൻ ശ്രമിക്കുന്നത് സാമൂഹിക യാഥാർത്ഥ്യത്തെ യാന്ത്രികവൽക്കരണത്തിലേക്ക് ചുരുക്കുന്നതാണ്. മനുഷ്യരുടെ കൂട്ടായ ബോധ്യങ്ങൾ, ചരിത്രാനുഭവങ്ങൾ, സാമ്പത്തിക മാറ്റങ്ങൾ, സാങ്കേതിക പരിവർത്തനങ്ങൾ, സാർവദേശീയ ആശയപ്രവാഹങ്ങൾ, മാധ്യമനരേറ്റീവുകൾ, ഭരണകൂട നയങ്ങൾ എന്നിവയുടെ ഡയലക്ടിക്കൽ സംയോജനം വഴിയാണ് രൂപപ്പെടുന്നത്. അതിനാൽ ജനാധിപത്യപരമായ മതേതര രാഷ്ട്രീയത്തിന് കൂടുതൽ ആഴത്തിലുള്ള ഒരു സാമൂഹ്യയാഥാർഥ്യബോധം ആവശ്യമാണ്.
ഇവിടെയാണ് നൈതിക സഹാനുഭൂതി നിർണായകമാകുന്നത്. സഹാനുഭൂതി എന്നത് ഒരു കരാർ അല്ല; സാമുദായിക രാഷ്ട്രീയത്തെ നെ ന്യായീകരിക്കലും അല്ല. മറിച്ച്, മനുഷ്യർ എന്തുകൊണ്ട് പ്രത്യേകതരം ആശങ്കകൾ അനുഭവിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ബൌദ്ധികവും നൈതികവും ആയ സന്നദ്ധത ആണ്. ഒരുസമൂഹത്തിന്റെ ഭീതിയെ മനസ്സിലാക്കുക എന്നത് അതിന്റെ എല്ലാ രാഷ്ട്രീയപ്രതികരണങ്ങളെയും അംഗീകരിക്കുക എന്നല്ല അർഥം. പക്ഷേ മനസ്സിലാക്കാനുള്ള ശ്രമമില്ലാതെ ജനാധിപത്യപരമായ ആശയവിനിമയം സാധ്യമാകില്ല.
ഇന്നത്തെ പൊതുസംവാദങ്ങളിൽ പലപ്പോഴും കാണുന്നത് രണ്ടു അപകടകരമായ പ്രവണതകളാണ്. ഒരുവശത്ത് ആശങ്കകളെ അപകടകരമായ രാഷ്ട്രീയത്തിന്റെ ഇന്ധനമാക്കുന്ന വർഗീയവാദികൾ ഉണ്ട്. മറുവശത്ത് ആ ആശങ്കകളെ നിരാകരണംകൊണ്ട് നേരിടുന്ന അഭിജാത മതേതരത്വവും ഉണ്ട്. രണ്ടും സാമൂഹിക ധ്രുവീകരണത്തെ വർധിപ്പിക്കുന്നു. ഒരുവശം ഭയത്തെ ആയുധവൽക്കരിക്കുന്നു; മറുവശം അവഹേളനം ആയുധമാക്കുകയും ചെയ്യുന്നു.
അതേസമയം, ഈ ആശങ്കകളെ രാഷ്ട്രീയ ലാഭത്തിന്റെ ആയുധമാക്കുന്ന ശക്തികളെ വിമർശിക്കാൻ മതേതര ജനാധിപത്യ രാഷ്ട്രീയം മടിക്കരുത്. ഭീതിരാഷ്ട്രീയം, ഉപജാപനരേറ്റീവുകൾ, വെറുപ്പിന്റെ വ്യാപനം, ചരിത്രവക്രീകരണം, ഇരവാദനരേറ്റീവുകൾ എന്നിവ ജനാധിപത്യസമൂഹത്തിന്റെ cohesion തകർക്കുന്നു. പക്ഷേ അവക്കെതിരായ വിമർശനങ്ങൾ ജനാധിപത്യപരമായ സഹവർത്തിത്വത്തിന്റെ ഭാഷയിൽ ആയിരിക്കണം.
ഇവിടെ ഭാഷയുടെ സ്വഭാവം അതീവ പ്രധാനമാണ്. ഒരു സമൂഹത്തെ മൊത്തമായി അവഹേളിക്കുകയോ നിലവാരമില്ലാത്തവരായി ചിത്രീകരിക്കുകയോ ചെയ്യുന്ന വാചക പ്രയോഗങ്ങൾ, താൽക്കാലിക സംതൃപ്തി നൽകാമെങ്കിലും ദീർഘകാല ജനാധിപത്യ വിശ്വാസത്തെ തകർക്കും. കാരണം അവഹേളനം മനുഷ്യരെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുന്നു. ഒരു സമൂഹത്തെ നിരന്തരം സംശയിക്കപ്പെടുന്നവർ ആയി അവതരിപ്പിക്കുമ്പോൾ, ആ സമൂഹം ജനാധിപത്യ പൊതുമണ്ഡലത്തിനോട് വൈകാരിക അകൽച്ച അനുഭവിക്കാൻ തുടങ്ങും.
അതിനാൽ സാമൂഹ്യപഠനങ്ങളുടെ പുതിയ രൂപങ്ങൾ ആവശ്യമാണ്. ഒരു സമൂഹത്തിന്റെ അന്തസ് സംരക്ഷിക്കുന്നത് മറ്റൊരു സമൂഹത്തിന്റെ രാക്ഷസവൽക്കരണം മുഖേന സാധ്യമല്ലെന്ന് നിരന്തരം പഠിപ്പിക്കുന്ന ജനാധിപത്യ സംസ്കാരം വികസിപ്പിക്കണം. ഭീതിയെ പ്രതിഭീതി കൊണ്ട് തോൽപിക്കാനാവില്ല. സാമുദായിക ധ്രുവീകരണത്തെ പ്രതിധ്രുവീകരണം കൊണ്ട് മറികടക്കാനാവില്ല. സമൂഹത്തിൽ ഉന്നതമായ ഐക്യം ഉരുത്തിരിയുന്നത് എല്ലാ സമുദായങ്ങളും ഉത്തരവാദിത്വ ബോധമുള്ളവരും സുരക്ഷിത ബോധമുള്ളവരും ആവുമ്പോൾ മാത്രമാണ്.
ഇത് ഭരണഘടനാപരമായ നൈതികതയെക്കാൾ ആഴമുള്ള ഒരു സാമൂഹിക പ്രക്രിയയാണ്. ജനങ്ങൾ ഒരുമിച്ച് ജീവിക്കുന്നത് നിയമങ്ങൾ കൊണ്ടു മാത്രം അല്ല; പങ്കുവെക്കുന്ന നൈതികബോധം കൊണ്ടാണ്. ഒരു മുസ്ലിം പൗരന്റെ അന്തസ്, ഒരു ഹിന്ദു പൗരന്റെ അന്തസ്, ഒരു ക്രൈസ്തവ പൗരന്റെ അന്തസ് — ഇവ പരസ്പരം വിരുദ്ധങ്ങൾ അല്ല, അന്യോന്യം ശാക്തീകരിക്കുന്നവ ആണെന്ന് അനുഭവപ്പെടുന്ന സാമൂഹിക ബോധം വളർത്തണം.
അതിനായി വിദ്യാഭ്യാസവും മാധ്യമങ്ങളും സംസ്കാരവും പ്രാദേശിക സാമൂഹിക ഇടപെടലുകളും നിർണായകമാണ്. സ്കൂളുകളിൽ നാനാത്യപരമായി ചരിത്രം പഠിപ്പിക്കണം. പ്രാദേശികമായി സമുദായസഹകരണം പ്രോത്സാഹിപ്പിക്കണം. സാംസ്കാരിക കൈമാറ്റത്തിനുള്ള ഇടങ്ങൾ വികസിപ്പിക്കണം. സാമൂഹ്യമാധ്യമ സാക്ഷരത ശക്തിപ്പെടുത്തണം. അൽഗോരിതങ്ങൾ വിതരണം ചെയ്യുന്ന ചെയ്യുന്ന ഭീതിജനകമായ നരേറ്റീവുകളെ നിർവീര്യമാക്കാൻ counter ചെയ്യാൻ മാനവികത പരത്തുന്ന നരേറ്റീവുകൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ഇതിനുള്ള ശക്തമായ അടിത്തറകൾ ഉണ്ടായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ ജാതി വിഭജനങ്ങളെ ചോദ്യം ചെയ്തപ്പോൾ പോലും, അവ സമൂഹങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന രാഷ്ട്രീയമാക്കി മാറ്റിയില്ല. തൊഴിലാളി പ്രസ്ഥാനങ്ങൾ മതപരമായ വ്യത്യാസങ്ങൾക്കപ്പുറം ഭെനതികതാൽപര്യങ്ങൾ സൃഷ്ടിച്ചു. പൊതുവിദ്യാഭ്യാസവും ലൈബ്രറി സംസ്കാരവും വിശാലമായ പൌരബോധം വളർത്തി. ഇന്നത്തെ വെല്ലുവിളി, ആ പാരമ്പര്യത്തെ 21-ആം നൂറ്റാണ്ടിന്റെ ശിഥിലീകൃത ഡിജിറ്റൽ സമൂഹത്തിൽ പുതിയ രൂപത്തിൽ പുനർസൃഷ്ടിക്കാനാണ്.
ക്വാണ്ടം ഡയലക്ടിക്സിന്റെ വീക്ഷണത്തിൽ നോക്കുമ്പോൾ, സ്വത്വബോധപരമായ ആശങ്കകളെ കേവലം മനുഷ്യന്റെ ഭ്രമകൽപനകൾ ആയി മാത്രം കാണാനാവില്ല. അവ സാമൂഹിക വൈരുധ്യങ്ങളുടെ പ്രതിഭാസാത്മകമായ പ്രകടനങ്ങൾ ആണ്. മനുഷ്യർ ശിഥിലീകരണം അനുഭവിക്കുമ്പോൾ സമന്വയം തേടുന്നു. പ്രശ്നം സമന്വയം ഏതുതരം നൈതികതയിലേക്കാണ് രൂപപ്പെടുന്നത് എന്നതാണ്.
അതോടൊപ്പം, സ്വത്വരാഷ്ട്രീയത്തെ വെറും ആശയസംവാദങ്ങൾ കൊണ്ട് മാത്രം ദുർബലപ്പെടുത്താനാവില്ല. അതിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറകളെ അഡ്രസ് ചെയ്യണം. സാമൂഹിക നീതി, പൊതുവിദ്യാഭ്യാസം, സാർവത്രിക ആരോഗ്യപരിരക്ഷ, തൊഴിൽസുരക്ഷ, വികേന്ദ്രീകൃത ജനാധിപത്യം, പങ്കാളിത്ത ഭരണം, ഭവനലഭ്യത, പൊതു സാംസ്കാരിക ഇടങ്ങൾ, യുവജന പങ്കാളിത്തം , പ്രാദേശിക സാംസ്കാരിക വിനിമയം എന്നിവ ശക്തിപ്പെടുത്താതെ സാമുദായിക അരക്ഷിതത്വഭീതി കുറയില്ല. കാരണം അരക്ഷിതത്വബോധമാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രധാന ഇന്ധനം.
ഒരു യുവാവിന് അന്തസുള്ള തൊഴിൽ ഇല്ലെങ്കിൽ, തന്റെ വിദ്യാഭ്യാസവും പരിശ്രമവും അർഥവത്തായ പദവിയിലേക്ക് നയിക്കുമെന്ന വിശ്വാസം നഷ്ടപ്പെടുന്നു. ജോലി എന്നത് വെറും വരുമാനമാർഗ്ഗമല്ല; അത് മനുഷ്യന്റെ ആത്മാഭിമാനത്തെയും സാമൂഹിക അംഗീകാരത്തെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെയും നിർണയിക്കുന്ന ഘടകമാണ്. ദീർഘകാല തൊഴിലില്ലായ്മയോ അപര്യാപ്ത തൊഴിലോ യുവാക്കളുടെ ബോധത്തിൽ അരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നു. അവർ സമൂഹത്തിന്റെ സർഗാത്മകഭാവിയുടെ ഭാഗമാണോ, അതോ വലിച്ചെറിയപ്പെടുന്ന ജനവിഭാഗമാണോ എന്ന അസ്തിത്വപരമായ അനിശ്ചിതത്വ ബോധം വളരുന്നു.
അതുപോലെ, ഒരു കുടുംബത്തിന് ആരോഗ്യപരമായ അരക്ഷിതത്വം ഉണ്ടെങ്കിൽ — ഒരു രോഗം വന്നാൽ സാമ്പത്തികമായി തകർന്നുപോകാമെന്ന ഭയം നിലനിൽക്കുമ്പോൾ — ജീവിതം സ്ഥിരതയില്ലാത്ത ആശങ്കയായി മാറുന്നു. ആരോഗ്യസംരക്ഷണം സാർവത്രിക സാമൂഹ്യ ഉറപ്പ് അല്ലാതെ വിപണിയിലെ ചരക്ക് ആകുമ്പോൾ, കുടുംബങ്ങൾ വലിയ തോതിൽ ആശങ്കകൾ അനുഭവിക്കുന്നു. വിദ്യാഭ്യാസം സ്വാകാര്യവൽക്കരിക്കപ്പെടുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം വലിയ തോതിൽ പണം കൊടുത്തു വാങ്ങേണ്ട ചരക്ക് ആയി മാറുകയും ചെയ്യുമ്പോൾ, മാതാപിതാക്കൾ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിരന്തര ആശങ്ക അനുഭവിക്കുന്നു. ജീവിതച്ചെലവ്, ഭവനനിർമാണ ചിലവ്, പ്രവാസ സമ്മർദ്ദങ്ങൾ, കടഭാരം, അഭിലാഷപൂർത്തിക്കായുള്ള മത്സരങ്ങൾ എന്നിവ ചേർന്ന് മനുഷ്യരെ നിരന്തരമായ അരക്ഷിതത്വ ബോധത്തിലേക്ക് തള്ളിവിടുന്നു.
ഇത്തരം സാഹചര്യത്തിൽ മനുഷ്യർ വിശാലമായ സാമൂഹ്യ ആശ്രിതത്വം ഒഴിവാക്കി ലഘുവായ ഐക്യപ്പെടലുകളിലേക്ക് ചുരുങ്ങിക്കൂടാൻ തുടങ്ങുന്നു. കാരണം വിശാലവും ശിഥിലീകൃതവുമായ ആധുനികതയിൽ വലിയ സമൂഹം അനിശ്ചിതവും വ്യക്തിയെ തിരിച്ചറിയാത്ത ഒരു ഇടവും ആയി അനുഭവപ്പെടുന്നു. അപ്പോൾ ജാതി-മത കൂട്ടായ്മകളിലും ഭാഷാപരമായ ഒത്തു ചേരലുകളിലും സ്വത്വസമൂഹങ്ങളിലും പ്രാർഥനാഗ്രൂപ്പുകളിലും ഒക്കെ അവർ മനശാസ്ത്രപരമായ സുരക്ഷിതത്വവും ആശ്വാസവും അനുഭവിക്കുന്നു. അവ മനുഷ്യർക്ക് വൈകാരിക രക്ഷാകവചവും പരസ്പര സാന്ത്വനവും കൂട്ടായമാബോധവും ഒറ്റപ്പെടലിൽ നിന്നുള്ള മോചനവും നൽകുന്നു.
ഇത് മനസ്സിലാക്കാതെ സ്വത്വരാഷ്ട്രീയത്തെ യുക്തിരഹിതമായ വർഗീയത ആയി മാത്രം വായിക്കുന്നത് സാമൂഹിക യാഥാർത്ഥ്യത്തെ ലളിതവൽക്കരിക്കലായിരിക്കും. മനുഷ്യർ ഇടുങ്ങിയ സ്വത്വ ഇടങ്ങളിലേക്ക് പിൻവാങ്ങുന്നത് പലപ്പോഴും ദാർശനിക ബോധ്യങ്ങൾ കൊണ്ടല്ല; അസ്തിത്വപരമായ അരക്ഷിതത്വംകൊണ്ടാണ്. ഒരു വ്യക്തി തന്റെ വിശാല സമൂഹത്തിൽ സുരക്ഷിതനല്ലെന്ന് അനുഭവിക്കുമ്പോൾ, അയാൾ ചരിത്രപരമായ സ്വത്വബോധത്തിലേക്ക് മടങ്ങുന്നു. ഇത് ഒരു പ്രതിരോധാത്മക ജൈവ പ്രതികരണം ആണ്.
ആഗോള നവലിബറൽ ആധുനികതയുടെ ഒരു അടിസ്ഥാന വൈരുധ്യം ഇവിടെ വ്യക്തമാണ്. വിപണി മനുഷ്യരെ അഭൂതപൂർവമായ പരസ്പരബന്ധിതാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു; എന്നാൽ അതേ സമയം അവരുടെ ജീവിതങ്ങളെ ശിഥിലീകരിച്ച് നിലനിൽപിനായുള്ള കടുക്ക മത്സരങ്ങളിലേക്ക് നയിക്കുന്നു. വ്യക്തി സൈദ്ധാന്തിക ഭാഷയിൽ സ്വതന്ത്രൻ ആകുന്നു, പക്ഷേ ഫലത്തിൽ ഒറ്റപ്പെട്ടവനും ആകുന്നു. പരമ്പരാഗത കൂട്ടായ്മകൾ ദുർബലമാകുന്നു; എന്നാൽ പുതിയ സാർവത്രിക കൂട്ടായമകൾ മതിയായ രീതിയിൽ വികസിക്കുന്നില്ല. ഈ ശൂന്യതയിൽ സ്വത്വാധിഷ്ഠിതസമൂഹങ്ങൾ പുതിയ കൂട്ടായമകൾ ആയി ശക്തിപ്രാപിക്കുന്നു.
കേരളത്തിലും ഈ പ്രക്രിയ പല തലങ്ങളിൽ കാണാം. ഉയർന്ന വിദ്യാഭ്യാസമുള്ള വലിയൊരു യുവജനവിഭാഗം സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളെ നേരിടുന്നു. താൽക്കാലിക ജോലികൾ, കരാർ ജോലികൾ, പ്രവാസ വ്യാകുലതകൾ, ജോലി സുരക്ഷിതത്വമില്ലായ്മ എന്നിവ മനശാസ്ത്രപരമായ അസ്ഥിരത സൃഷ്ടിക്കുന്നു. ഒരു ഡിഗ്രി കൊണ്ടുമാത്രം ജീവിതസ്ഥിരത ഉറപ്പുനൽകുന്നില്ല എന്ന ബോധം വളരുന്നു. അതേസമയം സോഷ്യൽ മീഡിയയും ഉപഭോഗ സംസ്കാരവും വിജയം എന്നതിനെ വല്ലാതെ ദൃശ്യവൽക്കരിക്കുന്നു. ആളുകൾ നിരന്തരം മറ്റുള്ളവരുടെ സാമ്പത്തിക നിലയുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നു. ഇതോടെ ആപേക്ഷിക ദാരിദ്ര്യം എന്ന മാനസികനില ശക്തിപ്രാപിക്കുന്നു.
ഇത്തരം സാഹചര്യത്തിൽ സ്വത്വാധിഷ്ഠിത കൂട്ടായ്മകൾ നിശ്ചിതത്വവും സുരക്ഷിതത്വവും പ്രദാനം ചെയുന്നതായി അനുഭവപ്പെടുന്നു. ഒരു മതസംഘടന, ജാതി സംഘടന, ഗോത്രസംഘടന എന്നിവ വ്യക്തിക്ക് “നീ ഒറ്റയാളല്ല” എന്ന വൈകാരികപിന്തുണ നൽകുന്നു. അവർക്ക് ആചാരങ്ങൾ ഉണ്ട്, ആഘോഷങ്ങൾ ഉണ്ട്, പങ്കിടപ്പെട്ട സ്മരണകൾ ഉണ്ട്, നൈതിക ബോധ്യങ്ങൾ ഉണ്ട്, ആശ്രയിക്കാവുന്ന ഘടനകൾ ഉണ്ട്. കമ്പോള സമൂഹത്തിന് നൽകാൻ കഴിയാത്ത അസ്തിത്വ സ്ഥിരതയും ഇവ ഭാഗികമായെങ്കിലും നൽകുന്നു.
ഇത് ആശയപരമായ ഒരു പിന്നോട്ടു പോകൽ അല്ല; ശിഥിലീകൃത ആധുനികതയുടെ സാമൂഹിക പ്രതികരണമാണ്. മനുഷ്യരുടെ ബോധം ഭൌതിക സാഹചര്യങ്ങളാടും നോടും സാമൂഹിക ഘടനകളോടും ഡയലക്ടിക്കലായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തിക അരക്ഷിതത്വം, സാംസ്കാരിക ശിഥിലീകരണം,ഡിജിറ്റൽ ഒറ്റപ്പെടുതൽ , വൈയക്തിക മത്സരങ്ങൾ, പൊതു ഇടങ്ങളുടെ ദുർബലീകരണം എന്നിവയെല്ലാം ചേർന്ന് സാമുഹിക ആശങ്കകൾ ഉൽപ്പാദിപ്പിക്കുമ്പോൾ സ്വത്വ ബോധനിർമിതിയുടെ സാധ്യത വർധിക്കുന്നു.
ഇവിടെ ഒരു നിർണായക വസ്തുത മനസ്സിലാക്കണം: മനുഷ്യർക്ക് സ്വത്വബോധം ആവശ്യമില്ല എന്നതല്ല പ്രശ്നം. സ്വത്വബോധം മനുഷ്യന്റെ സാമൂഹിക അസ്തിത്വത്തിന്റെ സ്വാഭാവിക ഘടകമാണ്. സ്വത്വബോധം ഭീതിയിലേക്കും അന്യവൽക്കരണ രാഷ്ട്രീയത്തിലേക്കും വളരുമ്പോഴാണ് പ്രശ്നം. വ്യത്യസ്തതകളെ ഉൾകൊള്ളാൻ കഴിയുന്ന പൌരബോധം ദുർബലമാകുമ്പോൾ ഇടുങ്ങിയ സ്വത്വ ബോധ ചിന്തകൾ അന്യവൽക്കരണത്തിന്റെ രാഷ്ട്രീയം ആയി വളരുന്നു.
അതുകൊണ്ട് സ്വത്വബോധ രാഷ്ട്രീയത്തിനെ വെറും നൈതിക അപലപനം കൊണ്ട് മാത്രം നേരിടാനാവില്ല. മനുഷ്യരുടെ അരക്ഷിതത്വ ഭീതിയെ അഡ്രസ് ചെയ്യാതെ സാമുദായിക ധ്രുവീകരണം കുറയില്ല. മാന്യമായ തൊഴിലവസരങ്ങൾ, സാർവത്രിക ആരോഗ്യപരിരക്ഷ, ഗുണനിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങൾ, സാമൂഹ്യസുരക്ഷ, അന്തസുള്ള പാർപ്പിടങ്ങൾ, പൊതു സാംസ്കാരിക ഇടങ്ങൾ, ജനാധിപത്യ പങ്കാളിത്തം, സാമുദായിക സഹകരണവേദികൾ, എന്നിവ ശക്തിപ്പെടുത്താതെ സാമൂഹിക വിശ്വാസം പുനർനിർമ്മിക്കാനാവില്ല.
കേരളത്തിന്റെ ചരിത്രപരമായ നേട്ടം വിശാലമായ പൌരത്വബോധത്തെ ഇടുങ്ങിയ സ്വത്വ ബോധത്തിന് മുകളിലായി ഭാഗികമായെങ്കിലുംസ്ഥാപിക്കാൻ കഴിഞ്ഞതായിരുന്നു. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലാളി സംഘടനകൾ, ലൈബ്രറി പ്രസ്ഥാനം, സഹകരണ മേഖല എന്നിവ മനുഷ്യരെ പങ്കിടപ്പെടുന്ന സമൂഹ്യജീവിതത്തിലേക്ക് ബന്ധിപ്പിച്ചു നിർത്തി. എന്നാൽ ഈ സ്ഥാപനങ്ങൾ ദുർബലമാകുമ്പോൾ ആളുകൾ സ്വകാര്യഅതിജീവന തന്ത്രങ്ങളിലേക്ക് പിൻവാങ്ങുന്നു.
ക്വാണ്ടം ഡയലക്ടിക്കൽ നിലപാടിൽ നോക്കുമ്പോൾ, സ്വത്വബോധത്തിലേക്കുള്ള പിൻവാങ്ങൽ ഒരു ഗഹനമായ വൈരുധ്യത്തിന്റെ ലക്ഷണം ആണ്: അഭൂത പൂർവമായ കണക്ടിവിറ്റിയും യുടെയും ആഴമേറുന്ന സാമൂഹൃശിഥിലീകരണവും തമ്മിലുള്ള വൈരുധ്യം. മനുഷ്യർ കൂടുതൽ കണക്ടഡ് ആകുമ്പോഴും കൂടുതൽ ഏകാകി ആകുന്നു; കൂടുതൽ വിവരമുള്ളവൻ ആകുമ്പോഴും കൂടുതൽ ആശങ്കയുള്ളവൻ ആകുന്നു; കൂടുതൽ വ്യക്തിനിഷ്ഠൻ ആകുമ്പോഴും കൂടുതൽ ബന്ധങ്ങളെ തേടുന്നു. ഈ വൈരുധ്യം പിന്തിരിപ്പനായ ശിഥിലീകരണത്തിലേക്കും പോകാം, അല്ലെങ്കിൽ പുതിയ ജനാധിപത്യ ഐക്യദാർഢ്യത്തിലേക്കും പരിണമിക്കാം.
അതിന്റെ നിർണായക ചോദ്യമിങ്ങനെയാണ്: മനുഷ്യരുടെ സുരക്ഷയും അന്തസും അർഥപൂർണതയും കമ്പോള വിജയത്തിനോട് മാത്രംബന്ധിപ്പിക്കുന്ന ഒരു സമൂഹമാകുമോ കേരളം? അതോ മനുഷ്യരെ ജാതി, മതം, സമ്പത്ത് എന്നിവയ്ക്കപ്പുറം തുല്യരായ പൌരന്മാരായി ആയി അനുഭവിപ്പിക്കുന്ന പുതിയ ഒരു പൊതു സംസ്കാരം വികസിപ്പിക്കുമോ? കേരളത്തിന്റെ ഭാവി ആ ഡയലക്ടിക്കൽ സമരത്തിലാണ് നിർണയിക്കപ്പെടുക.
കേരളത്തിന്റെ ശക്തി ചരിത്രപരമായി സുശക്തമായ പൊതു ഇടങ്ങളും സ്ഥാപനങ്ങളും ആയിരുന്നു. കേരളത്തെ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതും അതിന്റെ സാമൂഹിക വികസന മാതൃകയ്ക്ക് ആഴമേറിയ ജനാധിപത്യ അടിത്തറ നൽകിയതും ഈ പൊതുസ്ഥാപനങ്ങളാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ലൈബ്രറി പ്രസ്ഥാനം, സഹകരണ മേഖല, ജനകീയ കലാസാംസ്കാരിക വേദികൾ, തൊഴിലാളി-കർഷക സംഘടനകൾ, സ്ത്രീസമിതികൾ, വായനാശീലങ്ങൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, പങ്കാളിത്തരാഷ്ട്രീയ സംസ്കാരം— ഇവയൊക്കെ ചേർന്നാണ് കേരളത്തിൽ ഒരു വിശാലമായ പൌരത്വബോധം രൂപപ്പെട്ടത്.
ഈ സ്ഥാപനങ്ങൾ വെറും സേവനസംവിധാനങ്ങൾ മാത്രമായിരുന്നില്ല; അവ സാമൂഹിക സമന്വയം സൃഷ്ടിച്ച ജീവത്തായ ജനാധിപത്യ ഇടങ്ങളായിരുന്നു. ഒരു സർക്കാർ സ്കൂളിൽ വിവിധ ജാതി-മത-വർഗ്ഗ പശ്ചാത്തലങ്ങളിലുള്ള കുട്ടികൾ ഒരുമിച്ച് പഠിച്ചു. ഒരു പൊതുആശുപത്രിയിൽ സമ്പന്നനും ദരിദ്രനും ഒരേ ക്യൂവിൽ നിന്നു ചികിത്സ തേടി. ലൈബ്രറികൾ പുസ്തകങ്ങൾ വായിക്കാൻ ഉള്ള മുറികൾ മാത്രമല്ലായിരുന്നു; അവ സാമൂഹിക സംവാദത്തിന്റെ, രാഷ്ട്രീയബോധത്തിന്റെ, സാംസ്കാരിക ചർച്ചകളുടെ, സമാഹൃതഭാവനയുടെ കേന്ദ്രങ്ങളായിരുന്നു.
ഗ്രാമീണ വായനശാലകളിലും ക്ലബുകളിലും നടന്നിരുന്ന ചർച്ചകൾ പല തലമുറകളുടെയും രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തി. അവിടെയായിരുന്നു ലോകചരിത്രം, സാഹിത്യം, ശാസ്ത്രം, സാമൂഹിക നീതി, തൊഴിലാളി അവകാശങ്ങൾ, ജനാധിപത്യം തുടങ്ങിയ വിഷയങ്ങൾ ജനങ്ങളുടെ ദൈനംദിന ബോധത്തിന്റെ ഭാഗമായത്. മനുഷ്യർ സ്വന്തം ഇടുങ്ങിയ കുടുംബസ്വത്വ ബോധത്തിന് പുറത്തുള്ള വിശാലസാമൂഹ്യപ്രപഞ്ചത്തെ അവിടെയാണ് അനുഭവിച്ചത്.
തൊഴിലാളി സംഘടനകളും സഹകരണ പ്രസ്ഥാനങ്ങളും മറ്റൊരു വലിയ പങ്ക് വഹിച്ചു. അവ മനുഷ്യരെ വ്യക്തിപരമായ ജീവിതസമരങ്ങളുടെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് കൂട്ടായ വിലപേശൽ, പാരസ്പര്യം എന്നിവയിലേക്ക് നയിച്ചു. ഒരു തൊഴിലാളി വെറും കൂലിവേലക്കാരൻ മാത്രമല്ല, സാമൂഹിക മാറ്റത്തിന്റെ പങ്കാളിയാണെന്ന ബോധം ഈ സംഘടനകൾ വളർത്തി. അതുപോലെ സ്ത്രീസമിതികൾ സ്ത്രീകളെ സ്വകാര്യ കുടുംബപരിധികളിൽ നിന്ന് പൊതുസമൂഹത്തിന്റെ സജീവ പങ്കാളികളാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു.
കേരളത്തിന്റെ പൊതുസാംസ്കാരിക രംഗവും അത്ര തന്നെ നിർണായകമായിരുന്നു. നാടകപ്രസ്ഥാനങ്ങൾ, ഫിലിം സൊസൈറ്റികൾ, സാഹിത്യചർച്ചകൾ, കലാസാംസ്കാരികോത്സവങ്ങൾ, കവിതാവേദികൾ, ജനകീയകലകൾ, രാഷ്ട്രീയസംവാദങ്ങൾ — ഇവയെല്ലാം മനുഷ്യരെ വിശാലമായ പൌരത്വ അവബോധത്തിലേക്ക് സംയോജിപ്പിച്ചു നിർത്തി. ചെയ്തു. ആളുകൾ മതപരമായോ ജാതിപരമായോ സ്വത്വം ഉള്ളവരായിരുന്നു, പക്ഷേ അതിനപ്പുറം അവർ വായനക്കാർ, തൊഴിലാളികൾ, കലാകാരന്മാർ, ആക്ടിവിസ്റ്റുകൾ, വിദ്യാർത്ഥികൾ, പൊതുസമൂഹത്തിന്റെ അംഗങ്ങൾ എന്നിവയുമായിരുന്നു. അതായിരുന്നു കേരളീയ സാമൂഹിക ആധുനികതയുടെ പ്രത്യേകത.
ഈ പൊതുസ്ഥാപനങ്ങൾ സാമുദായിക ഗുഹകൾക്ക് പുറത്തുള്ള പങ്കാളിത്തപൌരഇടങ്ങൾ സൃഷ്ടിച്ചു. മനുഷ്യർ തമ്മിൽ ഇടപഴകിയത് മതസ്വത്വബോധം മുഖേനയല്ല; വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം, സംസ്കാരം, പൊതുസേവനങ്ങൾ എന്നിവയുടെ പങ്കാളിത്തജീവിതം മുഖേനയായിരുന്നു. ഇതാണ് കേരളത്തിൽ ദീർഘകാല സാമൂഹ്യ സമന്വയം നിലനിർത്താൻ സഹായിച്ചത്. മതപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെ വിശാലമായ ജനാധിപത്യ സംസ്കാരം മറികടക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ നവലിബറൽ ഉപഭോഗ സംസ്കാരം ശക്തിപ്രാപിക്കുമ്പോൾ ഈ പൊതുസ്ഥലങ്ങളുടെ സാമൂഹിക പ്രാധാന്യം ക്രമേണ ദുർബലമാകാൻ തുടങ്ങി. കമ്പോളയുക്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കുമ്പോൾ കൂട്ടായ പൊതുജീവിതം സ്വകാര്യആഗ്രഹങ്ങൾക്ക് വഴിമാറി. വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിൽ നിന്ന് സ്വകാര്യകമ്പോള മത്സരത്തിലേക്ക് നീങ്ങി. ആരോഗ്യം പൊതുജനാവകാശത്തിൽ നിന്ന് കമ്പോളനിയനിയന്ത്രിത യുക്തിയിലേക്ക് മാറി. വായനാശീലങ്ങളെ അൽഗോരിതാധിഷ്ഠിത വിനോദ സംസ്കാരം മാറ്റിസ്ഥാപിച്ചു.
ഡിജിറ്റൽ ക്യാപിറ്റലിസവും സോഷ്യൽ മീഡിയ പാരിസ്ഥിതിക വ്യവസ്ഥയും ഈ ശിഥിലീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തി. മുമ്പ് ഒരു ഗ്രാമ ലൈബ്രറിയിൽ നടന്നിരുന്ന കൂട്ടായ ചർച്ചകൾ ഇന്ന് വ്യക്തിപരമായ സ്‌ക്രീൻ ഉപഭോഗം ആയി മാറുന്നു. ആളുകൾ കൂട്ടായ ആശയവിനിമയത്തിൽ നിന്ന് വ്യക്തിപരമായ വിവരക്കുമിളകളിലേക്ക് പിൻവാങ്ങുകയും ചെയ്യുന്നു. അൽഗോരിത നിയന്ത്രിത മാധ്യമങ്ങൾ മനുഷ്യരുടെ ഭീതികളെയും ആഗ്രഹങ്ങളെയും വിവേചനങ്ങളെയും എല്ലാം ശക്തിപ്പെടുത്തുകയും ചെയ്യുന്നു; അതിനാൽ വിശാലമായ പൌരത്വ ഭാവനകൾ ചുരുങ്ങുകയും വൈകാരികത ത്രസിക്കുന്ന സ്വത്വനരേറ്റീവുകൾ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.
ഉപഭോഗസംസ്കാരം മനുഷ്യനെ പൌരൻ ആയിട്ട് അല്ല, ഉപഭോക്താവ് ആയി പുനർനിർവചിക്കുന്നു. ജീവിതവിജയം എന്നത് ഒരാൾ സമുഹത്തിനു നൽകുന്ന സംഭാവനകൾ മുഖേന അല്ല, അയാളുടെ വൈയക്തിക വിഭവസമാഹരണം മുഖേന അളക്കപ്പെടുന്നു. ഇതോടെ സാമൂഹിക ബന്ധങ്ങളുടെ നൈതികമാനങ്ങൾ ക്ഷയിക്കുകയും സ്വാർഥമായ വ്യക്തിപരത വളരുകയും ചെയ്യുന്നു. ആളുകൾ പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നവർ ആയിരിക്കുന്നതിനു പകരം, കുടുംബം-മതം-സ്വകാര്യ സാമ്പത്തിക പുരോഗതി എന്നീ ഇടുങ്ങിയ മണ്ഡലത്തിലേക്ക് പിൻവാങ്ങുന്നു
ഇതിന്റെ ഫലമായി പൊതുസ്ഥാപനങ്ങളുടെ സംയോജന ധർമ്മം ദുർബലമാകുന്നു. സർക്കാർ സ്കൂളുകളിൽ നിന്ന് ഇടത്തരക്കാർ പിന്മാറുമ്പോൾ പങ്കുവെക്കപ്പെടുന്ന വിദ്യാഭ്യാസ സംസ്കാരം തകരുന്നു. പൊതുആശുപത്രികളിൽ നിന്ന് സമ്പന്ന വിഭാഗങ്ങൾ സ്വകാര്യ മേഖലയിലേക്ക് മാറുമ്പോൾ സാർവത്രിക പൌരാനുഭവങ്ങൾ കുറയുന്നു. ലൈബ്രറികളും ക്ലബുകളും ചർച്ചാവേദികളും ക്ഷയിക്കുമ്പോൾ കൂട്ടായ ധൈഷണിക ജീവിത മണ്ഡലം ചുരുങ്ങുന്നു.
ഈ സ്ഥാപനപരമായ ക്ഷീണങ്ങൾ സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. കാരണം വിശാല പൌരമണ്ഡലങ്ങൾ ദുർബലമാകുമ്പോൾ മനുഷ്യർ സുരക്ഷാ ബോധവും പാരസ്പര്യവും തേടി ഇടുങ്ങിയ സ്വത്വസമൂഹങ്ങളിൽ അഭയം തേടുന്നു. മതസംഘടനകൾ, സ്വത്വപരമായ കൂട്ടായ്മകൾ വൈകാരിക സാമൂഹ്യ സംഘടനകൾ ആയി ശക്തിപ്രാപിക്കുന്നു. ഇത് മനുഷ്യരുടെ “യുക്തിരാഹിത്യം” കൊണ്ടു മാത്രം സംഭവിക്കുന്നതല്ല; പങ്കിടപ്പെടുന്ന പൊതുജീവിതത്തിന്റെ ജീർണതയോടുള്ള സാമൂഹിക പ്രതികരണമാണ്.
കേരളത്തിന്റെ ഭാവിക്ക് അതിനാൽ സാമ്പത്തിക വളർച്ച മാത്രം പോര; പൊതുമണ്ഡലത്തിന്റെ പുനർനിർമാണം അനിവാര്യമാണ്. പൊതുവിദ്യാഭ്യാസം skill production system ആയി അല്ല, ജനാധിപത്യപരമായ പൌരത്വത്തിന്റെ നിർമ്മാണപ്രക്രിയയായി പുനർസംഘടിപ്പിക്കണം. ലൈബ്രറികളും സാംസ്കാരിക വേദികളും അറിവുൽപാദിപ്പിക്കുന്ന പൊതു ഇടങ്ങൾ ആയി നവീകരിക്കണം. യുവാക്കൾക്ക് ഉപഭോഗപരമായ വിജയം മാത്രം അല്ല, കൂട്ടായ പൌരത്വബോധം നൽകുന്ന സാമൂഹിക ഇടങ്ങൾ സൃഷ്ടിക്കണം.
പങ്കാളിത്ത ജനാധിപത്യത്തെ വെറും തിരഞ്ഞെടുപ്പുകളിലേക്കു ചുരുക്കാതെ, ജനങ്ങളുടെ ദൈനംദിന സാമൂഹികജീവിതത്തിന്റെ ഭാഗമാക്കണം. പ്രാദേശിക സാംസ്കാരിക സംവാദങ്ങൾ, വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരുടെ കൂട്ടായ്മകൾ, സഹകരണ സാമ്പത്തിക മോഡലുകൾ, കലാപ്രസ്ഥാനങ്ങൾ, ശാസ്ത്രസാഹിത്യ കാമ്പെയിനുകൾ, അയൽക്കൂട്ട സഭകൾ എന്നിവ പോലുള്ള സ്വത്വബോധത്തിനപ്പുറമുള്ള പുതിയ പൊതുമണ്ഡലങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്.
ക്വാണ്ടം ഡയലക്ടിക്കൽ വീക്ഷണത്തിൽ, കേരളം ഇന്ന് ഒരു വൈരുധ്യത്തന്റെ മദ്ധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് ഉയർന്ന വിദ്യാഭ്യാസവും ആഗോള കണക്ടിവിറ്റിയും ആധുനിക സാങ്കേതിക വിദ്യകളും ഉണ്ട്; മറുവശത്ത് സാമൂഹിക ശിഥിലീകരണം, ഒറ്റപ്പെടൽ, സ്വത്വപരമായപിൻവലിയൽ, പൊതുമണ്ഡലത്തിൻ്റെ ദുർബലീകരണം, എന്നിവ വളരുന്നു. ഈ വൈരുധ്യം നാശോന്മുഖ ധ്രുവീകരണത്തിലേക്കും പോകാം; അല്ലെങ്കിൽ പുതിയൊരു ഉയർന്ന പൌരബോധ സമന്വയത്തിന്റെ അടിസ്ഥാനമാകാനും കഴിയും. അതിന്റെ നിർണായക ഘടകം, കേരളം സ്വന്തം പൊതുസ്ഥാപനങ്ങളെ വെറും ഭരണസംവിധാനങ്ങളായി അല്ല, സാമൂഹിക സമന്വയവും ജനാധിപത്യ സംസ്കാരവും സൃഷ്ടിക്കുന്ന ജീവിച്ചിരിക്കുന്ന സാമൂഹ്യ ഇടങ്ങൾ ആയി തിരിച്ചറിയപ്പെടുന്നുന്നുണ്ടോ എന്നതാണ്.
അതിനാൽ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഭാവി വർഗീയതയെ വെറുതേ എതിർക്കുന്നതിൽ മാത്രം അല്ല; സാമൂഹ്യ സമന്വയത്തിൻ്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കുന്നതിലാണ്. മനുഷ്യർക്ക് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, സാംസ്കാരിക മാന്യതയും വൈകാരിക പിന്തുണയും നൈതിക അർഥങ്ങളും നൽകാൻ കഴിയുന്ന എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു പൌരധർമ്മ സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ട്.
ക്വാണ്ടം ഡയക്ലക്‌ടിക് വീക്ഷണത്തിൽ പറഞ്ഞാൽ, സ്വത്വരാഷ്ട്രീയത്തെ ഒരു നിഷേധാത്മക പ്രതിഭാസം മാത്രമായി കാണാനാവില്ല. അത് സമൂഹത്തിനുള്ളിലെ ആഴത്തിലുള്ള വൈരുധ്യങ്ങളുടെ ലക്ഷണപരമായ ബാഹൃപ്രകടനം മാത്രമാണ്. മനുഷ്യർ ശിഥിലീകരണം അനുഭവിക്കുമ്പോൾ സമന്വയത്തെ തേടുന്നു. ചോദ്യം സമന്വയം വേണമോ വേണ്ടയോ എന്നതല്ല; ഏത് തരത്തിലുള്ള സമന്വയം ആണുണ്ടാകുന്നത് എന്നതാണ്. ഇടുങ്ങിയ സാമുദായിക സമന്വയം ആണോ? അതോ വൈവിധ്യങ്ങളെ ഉന്നതമായ ജനാധിപത്യ തലങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന വിമോചനാത്മക സമന്വയം ആണോ? കേരളത്തിന്റെ ഭാവി ആ ഡയലക്ടിക്കൽ സമരത്തിലാണ് നിർണയിക്കപ്പെടുക.
കേരളത്തിന്റെ ഭാവി അതുകൊണ്ടുതന്നെ ഒരു നിർണായക ഡയലക്ടിക്കൽ നാൽക്കവലയിലാണ് ഇന്ന് എത്തി നിൽക്കുന്നത്. ഇത് വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒരു പ്രശ്നം മാത്രം അല്ല; കേരളസമൂഹത്തിന്റെ ആത്മാവിനെയും ദിശയെയും സംബന്ധിക്കുന്ന ഒരു ചരിത്രപരമായ ഘട്ടമാണ്. ഒരു പാത സമൂഹങ്ങളെ പരസ്പര സംശയത്തിന്റെയും ഭീതിമനശാസ്ത്രത്തിന്റെയും മത്സരാത്മക ഇരവാദത്തിന്റെയും അടച്ചിട്ട രാഷ്ട്രീയത്തിലേക്ക് നയിക്കും. ഓരോ സമൂഹവും “ഞങ്ങൾ അപകടത്തിലാണ്” എന്ന അക്ഷിത്വ ബോധത്തെ രാഷ്ട്രീയ അണി ചേരലിന്റെ കേന്ദ്രമാക്കി മാറ്റുമ്പോൾ, സാമൂഹിക ബന്ധങ്ങൾ ക്രമേണ കൈമാറ്റ ബന്ധങ്ങൾ ആയും സ്വത്വബോധപരമായ പ്രതിരോധങ്ങൾ ആയും ചുരുങ്ങിത്തുടങ്ങും. അപ്പോൾ രാഷ്ട്രീയം പൊതുസമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൃഷ്ടിപരമായ സംവാദമല്ല, മറിച്ച് ജാതിമത സമവാക്യങ്ങളെകുറിച്ചുള്ള ആശങ്കകളുടെയും, അധികാരമത്സരങ്ങളുടെയും, ചരിത്രപരമായ മുറിവുകളുടെയും നിരന്തരമായ ഏറ്റുമുട്ടലായി മാറും.
ഈ പ്രക്രിയ ദീർഘകാലാടിസ്ഥാനത്തിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ തന്നെ ദുർബലപ്പെടുത്തും. കാരണം ജനാധിപത്യം എന്നത് വെറും ഭൂരിപക്ഷ ഭരണരീതിയല്ല; വ്യത്യസ്ത സാമൂഹിക ശക്തികൾ ഉന്നതമായ പൌരബേധ സമന്വയം രൂപപ്പെടുത്തുന്ന ഒരു നിരന്തര ഡയലക്ടിക്കൽ പ്രക്രിയ ആണ്. എന്നാൽ സ്വത്വാധിഷ്ഠിത ധ്രുവീകരണം ശക്തിപ്രാപിക്കുമ്പോൾ, പൗരൻ എന്ന പൊതുവായ തിരിച്ചറിവ് പിന്നോട്ട് നീങ്ങി, ഒറ്റപ്പെട്ട സാമുദായിക വ്യക്തിത്വങ്ങൾ ആണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന യൂണിറ്റുകളായി മാറുന്നത്. ഇതോടെ പൊതുതാൽപര്യത്തെക്കുറിച്ചുള്ള യുക്തിപരമായ ആശയസംവാദം ക്ഷയിക്കുകയും വൈകാരിക അണിചേരലുകൾ പ്രധാന രാഷ്ട്രീയശക്തിയാകുകയും ചെയ്യും.
മത്സരാത്മക ഇരവാദ രാഷ്ട്രീയത്തിന്റെ ഏറ്റവും അപകടകരമായ ഘടകം, ഓരോ സമൂഹവും തങ്ങളെ ഒരേ സമയം ഇരയായും നൈതികന്യായീകരണമുള ശക്തിയും ആയി കാണാൻ തുടങ്ങുന്നതാണ്. അപ്പോൾ ആത്മവിമർശനം കുറയുകയും കൂട്ടായ ആത്മരതി വർധിക്കുകയും ചെയ്യും. സ്വന്തം സമൂഹത്തിന്റെ ആന്തരിക പ്രശ്നങ്ങളെ വിമർശിക്കുന്നവരെ പോലും “വഞ്ചകർ” ആയി ചിത്രീകരിക്കുന്ന അവസ്ഥ ഉണ്ടാകും. ഇതിന്റെ ഫലമായി ജനാധിപത്യപരമായ ബഹുസ്വരത ക്ഷയിക്കുകയും സമൂഹങ്ങൾ എക്കോ ചേമ്പറുകളിലേക്ക് ചുരുങ്ങുകയും ചെയ്യും…
കേരളത്തിന്റെ ചരിത്രപരമായ ശക്തി ഇതിന് വിപരീതമായിരുന്നു. ഭാഷ, വിദ്യാഭ്യാസം, നവോത്ഥാന പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, സ്ത്രീവിദ്യാഭ്യാസം, പൊതുജനാരോഗ്യം, വായനാശീലം, രാഷ്ട്രീയബോധം എന്നിവ ചേർന്നാണ് കേരളം ഒരു തനതായ പൌരസമൂഹമായി വികസിപ്പിച്ചത്. ആ സംസ്കാരത്തിന്റെ ആന്തരിക സാരാംശം വൈവിധ്യങ്ങളെ നിഷ്‌കാസനം ചെയ്യുന്നതല്ല, മറിച്ച് അവയെ ഒരു ഉയർന്ന തലത്തിലുള്ള സമന്വയത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായിരുന്നു. കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന അതായിരുന്നു: ജാതി, മതം, പ്രദേശം, വർഗം എന്നിവ തമ്മിലുള്ള വൈരുധ്യങ്ങളെ ശിഥിലീകരണംആയി അല്ല, സാമൂഹിക പരിവർത്തനത്തിന്റെ ചാലകശക്തിയായി കൈകാര്യം ചെയ്തത്.
ഇന്ന് ആ ചരിത്രപാരമ്പര്യത്തെ പുതിയ സാഹചര്യത്തിൽ പുനർസൃഷ്ടിക്കേണ്ട ആവശ്യമുണ്ട്. കാരണം ഇന്നത്തെ കേരളം പഴയ കേരളമല്ല. ഡിജിറ്റൽ മീഡിയ, ആഗോള പ്രവാസം, ഉപഭോഗ മുതലാളിത്തം, സ്വകാര്യ അഭിനിവേശങ്ങൾ, ക്ഷയിച്ചു വരുന്ന ആശയപരമായ സാക്ഷരത, പാരിസ്ഥിതിക ആകാംക്ഷകൾ, പുതിയ വിജ്ഞാന പരിസ്ഥിതികൾെ, ആഗോള സ്വത്വബോധ പ്രസ്ഥാനങ്ങൾ — ഇവയെല്ലാം മനുഷ്യരുടെ ബോധത്തെ തന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. അതിനാൽ പഴയ രാഷ്ട്രീയ ഭാഷയും പഴയ സംഘടനാ രീതികളും മാത്രം ഉപയോഗിച്ച് പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ അഡ്രസ് ചെയ്യാൻ കഴിയില്ല.
ഇവിടെയാണ് “പുതിയ ജനാധിപത്യ സമന്വയം” എന്ന ആശയം നിർണായകമാകുന്നത്. ഇത് ഒരു കൃത്രിമ ഏകതാനത അല്ല, ഭിന്നതകൾ ഇല്ലാതാക്കലും അല്ല. മറിച്ച്, വൈവിധ്യങ്ങൾ തമ്മിലുള്ള ഡയക്ടിക്കൽ പാരസ്വര്യത്തെ ഉയർന്നൊരു പൌരത്വ നൈതികത മുഖേന ബന്ധിപ്പിക്കുന്ന പ്രക്രിയയാണ്. ഒരുസമൂഹത്തിന്റെ അന്തസ് മറ്റൊരു സമൂഹത്തിന്റെ അരക്ഷിതത്വം ആയി അനുഭവപ്പെടാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മതപരമായ സ്വത്വബോധം നിലനിൽക്കട്ടെ; പക്ഷേ അത് ജനാധിപത്യപരമായ സമന്വയത്തെ തകർക്കാത്ത രീതിയിൽ സംസ്കരിക്കപ്പെടണം.
മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഇനി അതിജീവനം മാത്രം മതിയാകില്ല. വെറും “വർഗീയ വിരുദ്ധ” വാചകമടി കൊണ്ടോ ഭരണഘടനാപരമായ നൈതികതയുടെ കേവലഭാഷാ ശൈലികൾ കൊണ്ടോ ജനങ്ങളുടെ മനസ്സിനെ ദീർഘകാലം സ്വാധീനിക്കാൻ കഴിയില്ല. കാരണം മനുഷ്യർ കേവലമായ യുക്തിയിൽ ജീവിക്കുന്നവർ അല്ല; അവർ വൈകാരിക – ബിംബാത്മക – സാംസ്കാരിക ജീവികൾ കൂടിയാണ്. അവർക്ക് കൂട്ടായ്മകൾ വേണം, മാനൃത വേണം, ജീവിതത്തിന് അർഥം വേണം, തുടർച്ച വേണം. മതപരമായ സ്വത്വബോധ രാഷ്ട്രീയ ഈ അഭിലാഷങ്ങളെ പൂർത്തീകരിക്കുമ്പോൾ, മതേതര രാഷ്ട്രീയം പലപ്പോഴും സാങ്കേതിക ഭരണനിർവഹണ ശൈലിയിലേക്ക് ചുരുങ്ങിപ്പോകുന്നു.
അതുകൊണ്ട് മതേതര ജനാധിപത്യ രാഷ്ട്രീയം ഒരു പുതിയ സാംസ്കാരിക വിശ്വാസ്യത വികസിപ്പിക്കേണ്ടതുണ്ട്. അത് മതവിരുദ്ധതയല്ല; മറിച്ച് മനുഷ്യകേന്ദ്രിതമായ ഒരു നൈതിക ഭാവന ആണ്. ജനങ്ങളുടെ ആത്മീയ-സാംസ്കാരിക-സാമൂഹിക ആവശ്യങ്ങളുമായി സൃഷ്ടിപരമായി ബന്ധപ്പെടാൻ കഴിയുന്ന ഒരു വിശാലമാനവികത. മനുഷ്യന്റെ അന്തസിനെ ജാതി, മതം, കമ്പോളം, വിജയം, ഉപഭോക്തൃനിലവാരം എന്നിവയ്ക്കപ്പുറം സ്ഥാപിക്കുന്ന ഒരു പുതിയ സാമൂഹിക ദർശനം.
ഇത്തരം ഒരു രാഷ്ട്രീയം വിദ്യാഭ്യാസത്തെ വെറും തൊഴിൽമാർഗ്ഗമെന്നതിലപ്പുറം ചൌരബോധത്തിന്റെ നിർമ്മാണപ്രക്രിയയായി കാണണം. സംസ്കാരത്തെ വിനോദവ്യവസായം ആയി മാത്രം കാണാതെ സാമൂഹിക ഭാവനയുടെ മേഖല ആയി പുനർവായിക്കണം. പ്രാദേശിക സമൂഹങ്ങളെ വെറും പോട്ടുബാങ്കുകൾ ആയി കാണാതെ പങ്കാളിതജനാധിപത്യ പ്രക്രിയയുടെ ജീവിക്കുന്ന ഘടകങ്ങളായി വികസിപ്പിക്കണം. യുവാക്കൾക്ക് ഭൌതിക വിജയം മാത്രം അല്ല, അർഥവത്തായ സാമൂഹ്യലക്ഷ്യങ്ങളും പ്രദാനം ചെയ്യണം.
കേരളത്തിന്റെ ഭാവി മുൻ കൂട്ടിനിർണയിക്കപ്പെടാവുന്ന ഒന്ന് അല്ല. വൈരുധ്യങ്ങൾ മൂർഛിക്കുമ്പോൾ തകർന്നുപോകാനും സാധ്യത ഉണ്ട്, മാറ്റത്തിനും സാധ്യത ഉണ്ട്. ക്വാണ്ടം ഡയലക്ടിക് വീക്ഷണത്തിൽ പറഞ്ഞാൽ, ഇന്നത്തെ സാമൂഹിക പ്രക്ഷുബ്ധാവസ്ഥ ഒരു നാശോന്മുഖ ശിഥിലീകരണം ആകാനും കഴിയും; അല്ലെങ്കിൽ ഒരു പുതിയ ഉന്നത സമന്വയത്തിലേക്കുള്ള പരിണാമപരമായ സന്നിഗ്‌ധത ആകാനും കഴിയും. അത് നിർണയിക്കുക രാഷ്ട്രീയ പാർട്ടികൾ മാത്രം അല്ല, കേരളസമൂഹം സ്വന്തം ഭാവിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്.
സ്വത്വരാഷ്ട്രീയത്തനെ കൈകാര്യം ചെയ്യുന്നതിൽ ഒരു കമ്മ്യൂണിസ്റ്റ് സമീപനം വിജയകരമാകണമെങ്കിൽ, അത് പഴയ റിഡക്ഷനിസ്റ്റ് വർഗവിശകലനത്തെ മാത്രം ആശ്രയിച്ചാൽ മതിയാകില്ല. ഇന്നത്തെ ലോകത്തിൽ ജാതി, മതം, കുലം, ലിംഗം, ഭാഷ, പ്രദേശം, തുടങ്ങിയ സ്വത്വാവസ്ഥകൾ വെറും “മേൽപുരകൾ” എന്ന നിലയിൽ റദ്ദ് ചെയ്യാനാവില്ല. അതിനാൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം സ്വത്വരാഷ്ട്രീയത്തിനെ അവഗണിക്കുകയോ യാന്ത്രികമായി നിഷേധിക്കുകയോ ചെയ്താൽ, അത് ജനങ്ങളുടെ യാഥാർത്ഥ്യജീവിതത്തിൽ നിന്ന് വേർപെടും.
അതേസമയം, കമ്യൂണിസ്റ് സമീപനം സ്വത്വരാഷ്ട്രീയത്തെ വിയർശനരഹിതമായി ആഘോഷിക്കുകയും ചെയ്യരുത്. കാരണം സ്വത്വ ബോധത്തിൽ വിമോചനപരമായ സാധ്യതകളും ശിഥിലീകരണപരമായ സാധ്യതകളും ഒരേസമയം ഉൾക്കൊള്ളുന്നു. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ അണിനിരത്തുന്നത് സാമൂഹിക നീതിക്ക് അനിവാര്യമായേക്കാം; പക്ഷേ സ്വത്വ ബോധം ഒരു അന്യവൽക്കരണ രാഷ്ട്രീയം ആയി മാറുമ്പോൾ വിശാലമാനവിക ഐക്യം തകരും. അതിനാൽ കമ്മ്യൂണിസ്റ്റ് സമീപനത്തിന്റെ കേന്ദ്രചോദ്യം സ്വത്വബോധം ഉണ്ടാകരുത് എന്നതല്ല; സ്വത്വ ബോധത്തെ എങ്ങിന ഒരു ഉന്നത മാനവികബോധവു മായി സമന്വയിപ്പിച്ച് ഡയലക്ടിക്കലായി പരിവർത്തനം ചെയ്യാം എന്നതാണ്.
വർഗരാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും പരസ്പരം വിരുദ്ധങ്ങളായി യാന്ത്രിക രീതിയിൽ കാണുന്നത് വലിയൊരു സൈദ്ധാന്തിക അബദ്ധം ആണ്. യഥാർത്ഥത്തിൽ മനുഷ്യർ വർഗജീവികൾ മാത്രമല്ല, സാംസ്കാരിക ജീവികൾ കൂടിയാണ്. ഒരു തൊഴിലാളി ഒരേസമയം മുസ്ലിം ആകാം, ദളിത് ആകാം, സ്ത്രീ ആകാം, മലയാളി ആകാം, പ്രവാസി ആകാം. അവന്റെ/അവളുടെ ബോധം ഈ വിവിധ സാമൂഹികാനുഭവങ്ങളുടെ സമന്വയം വഴിയാണ് രൂപപ്പെടുന്നത്. അതിനാൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് മനുഷ്യരെ കേവലമായ സാമ്പത്തിക വർഗീകരണത്തിൽ മാത്രം കാണാനാവില്ല.
മാർക്‌സിസത്തിന്റെ ചരിത്രപരമായ ശക്തി മനുഷ്യരുടെ ഭൌതിക സഹചര്യങ്ങളെ സാമൂഹികബോധവുമായി ബന്ധിപ്പിച്ചതായിരുന്നു. എന്നാൽ നവമുതലാളിത്തം ഭൌതിക ചൂഷണത്തിനോടൊപ്പം അരക്ഷിതത്വബോധം, സാംസ്കാരിക ശിഥിലീകരണം, സ്വത്വപരമായ ആശങ്കകൾഎന്നിവയും ഉൽപ്പാദിപ്പിക്കുന്നു. നവലിബറൽ മുതലാളിത്തം വ്യക്തികളെ ഒറ്റപ്പെടലിലേക്ക് നയിക്കുമ്പോൾ, സ്വത്വബോധ കൂട്ടായ്മകൾ സുരക്ഷിതത്വബോധം നൽകുന്നു. ഈ വൈരുധ്യം മനസ്സിലാക്കാതെ സ്വത്വരാഷ്ട്രീയത്തിനെ നേരിടാൻ കഴിയില്ല.
ഒരു കമ്മ്യൂണിസ്റ്റ് സമീപനം ആദ്യം ചെയ്യേണ്ടത് സ്വത്വബോധപരമായ ആശങ്കകളുടെ ഭൌതികവും ചരിത്രപരവും ആയ വേരുകൾ മനസ്സിലാക്കുകയാണ്. ഉദാഹരണത്തിന്, ശക്തിപ്പെടുന്ന മതപരമായ സ്വത്വബോധത്തെ മതഭ്രാന്ത് ആയി മാത്രം കാണാതെ, തൊഴിലില്ലായമ, സാമൂഹ്യ അന്യവൽക്കരണം, ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ, അപമാനകരമായ മാധ്യമ നരേറ്റീവുകൾ, ചാപ്പയടിക്കലുകൾ, പ്രവാസപരമായ ആകുലതകൾ എന്നിവയുമായി ഡയലക്ടിക്കലായി ബന്ധിപ്പിച്ച് കാണണം. അതുപോലെ ജാതിപീഡനങ്ങളെ കുറിച്ച് സംസാരിക്കുന്നത് “വിഭജന രാഷ്ട്രീയമായി” തളളിക്കളയാതെ, ചരിത്രപരമായ അപമാനവും ഘടനാപരമായ അകറ്റി നിർത്തലുകളും ജനാധിപത്യപരമായ അംഗീകാരത്തിന്റെ ആവശ്യകതയും മനസ്സിലാക്കണം.
ഇവിടെ കമ്യുണിസ്റ്റ് രാഷ്ട്രീയത്തിന് ധാർമിക സഹാനുഭൂതി അനിവാര്യമാണ്. അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ വേദനകളെ കേവല സാർവലൌകികതയുടെപേരിൽ നിഷേധിക്കരുത്. “എല്ലാവരും തൊഴിലാളികളാണ്, അതിനാൽ സ്വത്വബോധം അപ്രസക്തമാണ് ആണ്” എന്ന സമീപനം സാമൂഹിക യാഥാർത്ഥ്യത്തെ നിഷേധിക്കലാകും. ഒരു ദളിത് തൊഴിലാളിയുടെ അനുഭവം ഉന്നത ജാതിയിൽപെട്ട തൊഴിലാളിയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും; ഒരു മുസ്ലിം യുവാവിന്റെ അരക്ഷിതത്വബോധം, ഒരു സവർണ യുവാവിന്റെ അരക്ഷിതത്വ ഭീതിയിൽ നിന്ന് വ്യത്യസ്തമായിരിക്കും. തുല്യത എന്നത് ഭിന്നതകളെ നിഷേധിക്കൽ അല്ല; അസന്തുലിതമായ ചരിത്രസാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്നതലത്തിലുള്ള സമന്വയം സൃഷ്ടിക്കലാണ്.
അതേസമയം കമ്യൂണിസ്റ്റ് രാഷ്ട്രീയം സ്വത്വബോധ അനിവാര്യതയെ വിമർശിക്കണം. കാരണം ഭരണ വർഗങ്ങൾ പലപ്പോഴും വിഭിന്ന സ്വത്വ സമൂഹങ്ങളെ പരസ്പര ശത്രുക്കളാക്കി നിലനിർത്തി വിശാലമായ വർഗഐക്യത്തെ തകർക്കുന്നു. തൊഴിലാളികൾ തമ്മിൽ ജാതി, മതം, ഗോത്രം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുമ്പോൾ മുതലാളിക്കത്തിന് നേരെയുള്ള പ്രതിരോധം ദുർബലമാകും. അതിനാൽ കമ്മൂണിസ്റ്റ് രാഷ്ട്രീയം സ്വത്വബോധത്തെ നിരാകരിക്കാതെ തന്നെ, അവയെ ജനാധിപത്യ ചട്ടക്കൂടിലേക്ക് സമന്വയിപ്പിക്കാൻ ശ്രമിക്കണം.
ഈ സമീപനത്തിന്റെ കേന്ദ്രത്തിൽ “നീതിയിലൂടെ ഐക്യം” എന്ന ആശയം വേണം. ബലമായ ഒന്നിപ്പിക്കൽ അല്ല, ജനാധിപത്യപരമായ സംയോജനം. ഉദാഹരണത്തിന്, സാമുദായിക ധ്രൂവീകരണത്ത നേരിടുമ്പോൾ “എല്ലാ മതങ്ങളും ഒരുപോലെ” എന്ന കേവല മുദ്രാവാക്യം മതിയാകില്ല. വ്യതസ്ത സമുദായങ്ങളുടെ സവിശേഷങ്ങളായ ഭീതികളെയും പ്രശ്നങ്ങളെയും അഡ്രസ് ചെയ്യണം. എന്നാൽ അതോടൊപ്പം, ഒരു സമൂഹത്തിന്റെ അന്തസ് മറ്റൊരു സമൂഹത്തിന്റെ രാക്ഷസവൽക്കരണം മുഖേന സംരക്ഷിക്കാനാവില്ലെന്ന് ഉറച്ചുപറയണം.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് പൊതുസ്ഥാപനങ്ങൾ പുനർനിർമിക്കുന്നത് നിർണായകമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, തൊഴിലാളി സംഘടനകൾ, സഹകരണ മേഖല, ലൈബ്രറി പ്രസ്ഥാനം, പൊതു സാംസ്കാരിക വേദികൾ, അയൽക്കൂട്ട ജനാധിപത്യ സംരംഭങ്ങൾ എന്നിവ മനുഷ്യരെ ഇടുങ്ങിയ സ്വത്വ ബോധത്തിന്നു പുറത്തുള്ള പങ്കാളിത്തപൌരത്വ അനുഭവങ്ങളിലേക്ക് ബന്ധിപ്പിക്കുന്നു. ശക്തമായ പൊതുഇടങ്ങൾ ഇല്ലാത്തിടത്ത് സ്വത്വാധിഷ്ടിത ഇരുട്ടറകൾ ശക്തിപ്രാപിക്കും.
കേരളത്തിന്റെ ചരിത്രത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ സംഭാവന അതായിരുന്നു. തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾ ജാതി, മതം എന്നിവയ്ക്കപ്പുറം സമരപങ്കാളിത്തം സൃഷ്ടിച്ചു. വായനാശാലകളും ജനകീയ സംസ്കാരവേദികളും broader civic consciousness വളർത്തി. എന്നാൽ സമകാലിക മുതലാളിക്കത്തിന്റെ പുതിയ സാംസ്കാരിക രൂപങ്ങൾ — ഉപഭോഗാസക്തി, ഡിജിറ്റൽ ശിഥിലീകരണം, വ്യക്തിപരമായ അഭിലാഷങ്ങൾ — ഈ ഐക്യഘടനകളെ ദുർബലമാക്കുന്നു. അതിനാൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് പുതിയ സാംസ്കാരിക ഭാവനകൾ ആവശ്യമാണ്.
കമ്യൂണിസ്റ്റ് രാഷ്ട്രീയം കേവലമായ സാമ്പത്തിക നീതിയുടെ രാഷ്ട്രീയം ആയി ചുരുങ്ങരുത്. മനുഷ്യർ അപ്പം മാത്രം കൊണ്ടല്ല ജീവിക്കുന്നത്; അന്തസ്, മൂല്യങ്ങൾ, അംഗീകാരം, പാരസ്വര്യ ബോധം എന്നിവയും ആവശ്യമാണ്. അതിനാൽ പുരോഗമന രാഷ്ട്രീയം സാംസ്കാരിക ശൂന്യതസൃഷ്ടിക്കാതെ സമാന്തര നൈതിക സംസ്കാരം സൃഷ്ടിക്കുക എന്ന കടമ ജനാധിപത്യപരമായ ഒരു മതനിർമാണപ്രക്രിയയുടെ ഭാഗമായി ഏറ്റെടുക്കേണ്ടതാണ്.
ഇവിടെ ഒരു ഡയലക്ടിക്കൽ സന്തുലനം ആവശ്യമാണ്. സ്വത്വപരമായ അടിച്ചമർത്തലിനെ അവഗണിക്കരുത്. എന്നാൽ സ്വത്വബോധത്തിനെ പരമമായ രാഷ്ട്രീയ ലക്ഷ്യംആക്കുകയും ചെയ്യരുത്. റിഡക്ഷനിസ്റ്റ് വർഗപരതയും സ്വത്വബോധ കേവലതയും രണ്ടും അപര്യാപ്തമാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വേണ്ടത് സമൂർത്തമായ സാർവലൌകികത ആണ് — നാനാത്വത്തെ നിഷേധിക്കാതെ, അവയെ ഉന്നതമായ വിമോചന സമന്വയത്തിലേക്ക് പരിണമിപ്പിക്കുന്ന രാഷ്ട്രീയം.
ക്വാണ്ടം ഡയലക്ടിക്കൽ വീക്ഷണത്തിൽ പറഞ്ഞാൽ, സ്വത്വരാഷ്ട്രീയം സമൂഹത്തിനുള്ളിലെ ആഴത്തിലുള്ള വൈരുധ്യങ്ങളുടെ ബാഹ്യപ്രകടനങ്ങൾ ആണ്. വിശാല സമന്വയം തകരുമ്പോൾ മനുഷ്യർ കൊച്ചു കൊച്ചു സമന്വയങ്ങളെ തേടുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ദൗത്യം നിർബന്ധിത സമന്വയം സൃഷ്ടിക്കൽ അല്ല; ശിഥിലീകൃത സ്വത്വബോധങ്ങളെ നീതി, ജനാധിപത്യം, പങ്കാളിത്ത സുരക്ഷിതത്വം, സാംസ്കാരിക അന്തസ്എന്നിവയുടെ അടിസ്ഥാനത്തിൽ ഉന്നത സാമൂഹ്യസമന്വയത്തി ലേക്ക് പരിവർത്തനം ചെയ്യലാണ്.
അവസാനം, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വിജയം രാഷ്ട്രീയത്തെ മാനവീകരിക്കാൻ ഉള്ള അതിൻ്റെ കഴിവിലാണ്. മനുഷ്യരെ സ്ഥിതിവിവര കണക്കുകൾആയും ആശയങ്ങളുടെ പ്രതിനിധികൾ ആയും മാത്രം കാണാതെ, വൈരുദ്ധ്യാത്മക ജീവികൾ ആയി മനസ്സിലാക്കാൻ കഴിയുമ്പോഴാണ് പുരോഗമനപരമായ രാഷ്ട്രീയം വീണ്ടും ജനങ്ങളുടെ വൈകാരിക – നൈതിക – ഭാവനകളെ സ്പർശിക്കാൻ തുടങ്ങുക.

Leave a comment